തിരുവനന്തപുരം: സ്വകാര്യ ബസ് പണിമുടക്കിനെ തുടർന്ന് പൊതുജനങ്ങൾക്ക് യാത്രാക്ലേശം ഉണ്ടാകാതിരിക്കുന്നതിന് കേരളത്തിലെ എല്ലാ പ്രധാനപ്പെട്ട റൂട്ടുകളിലും അധിക സര്‍വീസ് നടത്തി കെഎസ്ആർടിസി. ഇന്നലെയാണ് സ്വകാര്യ ബസ് പണിമുടക്ക് ജനങ്ങളെ വലച്ചത്. ആശുപത്രികൾ, എയർപോർട്ടുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്കും ആവശ്യാനുസരണം സർവ്വീസുകൾ നടത്തി.
കഴിഞ്ഞ ആഴ്ച 4370 ബസുകൾ ഓടിയ സ്ഥാനത്ത് ഇന്നലെ 4651 ബസ്സുകൾ രാവിലെ 11:00 മണി വരെ ഓപ്പറേറ്റ് ചെയ്യുവാൻ കഴിഞ്ഞിരുന്നു. ഇപ്രകാരം ഏതാണ്ട് 281 ബസുകൾ അധികമായും, നിലവിലെ റൂട്ടുകളിൽ നിന്നും അധിക ബസുകൾ ക്രമീകരിച്ചും, ഡ്യൂട്ടികൾ പുനക്രമീകരിച്ചും ഏതാണ്ട് 1600 അഡീഷണൽ ട്രിപ്പുകൾക്കൊപ്പം മറ്റ് ട്രിപ്പുകൾ കൂടി അധികമായി നൽകുവാൻ കഴിഞ്ഞുവെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.
കണ്ണൂർ, പാലക്കാട്, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ സ്വകാര്യ ബസുകൾ ഓടിയില്ലെങ്കിലും മറ്റ് ജില്ലകളിൽ സ്വകാര്യ ബസുകൾ ഭാഗികമായി സർവ്വീസ് നടത്തിയിരുന്നു. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുക, ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയ സർക്കാർ തീരുമാനത്തിൽ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സംസ്ഥാന വ്യാപക പണിമുടക്ക്. നിരക്ക് വര്‍ധന സര്‍ക്കാര്‍ പരിഗണിച്ചില്ലെങ്കില്‍ 21 മുതല്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല പണിമുടക്കിനും തീരുമാനിച്ചിട്ടുണ്ട്.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസുകളുടെ സംയുക്തസമര സമിതി ഗതാഗതമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. സീറ്റ് ബെൽറ്റ് കേന്ദ്ര നിയമമാണെന്നും ബസുകളിൽ ക്യാമറ ഘടിപ്പിക്കണമെന്ന ആവശ്യം ബസുടമകൾ തന്നെ മുന്നോട്ട് വെച്ചതാണെന്നുമായിരുന്നു ഗതാഗത മന്ത്രി ആന്‍റണി രാജു പ്രതികരിച്ചത്. ബസ് ജീവനക്കാരെ കേസുകളിൽ പ്രതികളാക്കുന്നത് തടയാനും യഥാർത്ഥ കുറ്റവാളികളെ കണ്ടെത്താനും ക്യാമറ വേണമെന്ന് പറഞ്ഞത് ബസുടമകൾ തന്നെയാണ്. നല്ല ഗുണനിലവാരമുള്ള ക്യാമറകൾ കിട്ടുന്നില്ലെന്ന് പറഞ്ഞ് സമയം മാസങ്ങളോളം നീട്ടി നൽകിയതാണെന്നും മന്ത്രി പറഞ്ഞിരുന്നു. സ്വകാര്യ ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നവംബർ 1 നകം ഘടിപ്പിക്കണമെന്നാണ് സർക്കാർ നിർദ്ദേശം.