KeralaNEWS

‘കേരളീയം’ 30 വേദികളിലായി 300 ലധികം കലാപരിപാടികള്‍, ചലച്ചിത്രമേളയില്‍ 100 ചിത്രങ്ങള്‍: വര്‍ഗീയതയ്‌ക്ക് എതിരായ ശബ്ദമെന്ന് മുഖ്യമന്ത്രി, നവംബര്‍ 1 മുതല്‍ 7വരെ തലസ്ഥാനത്ത് ഗതാഗതക്രമീകരണം

നവംബര്‍ 1 മുതല 7 വരെ നടക്കുന്ന ‘കേരളീയം 2023’ വര്‍ഗീയതയ്ക്കെതിരായ ശബ്ദമായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളികളുടെ ഈ മഹോത്സവം കേരളത്തിന്റെ തനിമയെന്തെന്ന്  ലോകത്തിനു മുന്നില്‍ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജാതീയതയുടേയും ജന്മിത്വത്തിന്റേയും നുകങ്ങളില്‍ നിന്നു മോചിപ്പിച്ച് മതേതരത്വത്തിന്റേയും ജനാധിപത്യത്തിന്റേയും വിളനിലമായി ഈ നാടിനെ നാമെങ്ങനെ മാറ്റിയെടുത്തു എന്ന് ലോകം അറിയേണ്ടതുണ്ട്. സാഹോദര്യവും സ്‌നേഹവും  പ്രസരിപ്പിക്കുന്ന കേരളത്തിന്റെ സംസ്‌കാരത്തെ ആഘോഷിക്കേണ്ടതുണ്ട്. അതിനുള്ള അവസരമാണ് കേരളീയം ഓരോ മലയാളിക്കും ഒരുക്കുന്നത്.  ഏറ്റവും മികച്ച രീതിയില്‍ അതേറ്റെടുത്ത് വിജയിപ്പിക്കാന്‍ ഏവരോടും അഭ്യര്‍ത്ഥിക്കുന്നതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Signature-ad

 കേരളീയം 2023 ന്റെ ഉദ്ഘാടനം നവംബര്‍ ഒന്നിന് രാവിലെ 10 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. ഉദ്ഘാടന ചടങ്ങില്‍ യുഎഇ, ദക്ഷിണ കൊറിയ, നോര്‍വേ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍, ചലച്ചിത്ര താരങ്ങളായ കമലഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, മഞ്ജു വാര്യര്‍, വ്യവസായപ്രമുഖരായ എം എ യൂസഫലി, രവി പിള്ള, ആരോഗ്യമേഖലയിലെ പ്രമുഖ വ്യക്തിത്വമായ ഡോ. എം.വി പിള്ള എന്നിവരുള്‍പ്പെടെ വലിയൊരു നിര പങ്കെടുക്കും. കവടിയാര്‍ മുതല്‍ കിഴക്കേ കോട്ട വരെ 42 വേദികളിലായാണ് കേരളീയം അരങ്ങേറുന്നത്. നവകേരളത്തിന്റെ ഭാവി രൂപരേഖ തയാറാക്കുക എന്ന ലക്ഷ്യത്തോടെയുള്ള 25 സെമിനാറുകളാണ് 5 വേദികളിലായി നടക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം 6 മുതല്‍ കലാപരിപാടികള്‍ അരങ്ങേറും. എക്‌സിബിഷന്‍, ട്രേഡ് ഫെയര്‍, ഭക്ഷ്യമേളകള്‍ തുടങ്ങി മറ്റെല്ലാ പരിപാടികളും രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെ ഉണ്ടാകും.

കിഴക്കേക്കോട്ട മുതല്‍ കവടിയാര്‍ വരെയുള്ള സ്ഥലങ്ങളില്‍ കേരളത്തിന്റെ വിവിധ മേഖലകളെ ദൃശ്യവല്‍ക്കരിക്കുന്ന 25 പ്രദര്‍ശനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. 30 വേദികളിലായി 300ല്‍ അധികം കലാപരിപാടികള്‍ അരങ്ങേറും. 4100 ഓളം കലാകാരന്‍മാര്‍ പങ്കെടുക്കും. 8 വേദികളിലായാണ് ട്രേഡ് ഫെയറുകള്‍ സംഘടിപ്പിക്കുന്നത്. 425 സംരംഭകരാണ് പങ്കെടുക്കുന്നത്.

മാനവീയം വീഥി മുതല്‍ കിഴക്കേകോട്ട വരെ പതിനൊന്ന് വേദികളിലായി, കേരളത്തിന്റെ തനത് രുചികള്‍  ഉള്‍പ്പെടുത്തി വ്യത്യസ്തമായ ഫുഡ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കും. തട്ടുകട മുതല്‍ ഫൈവ് സ്റ്റാര്‍ വിഭവങ്ങള്‍ വരെ ഉള്‍പ്പെടുത്തിയ 150 ലധികം സ്റ്റാളുകള്‍  സജ്ജീകരിക്കുന്നു. കൂടാതെ, ഫുഡ് ഷോ, ഫുഡ് ബ്രാന്‍ഡിംഗ്, പരമ്പരാഗത ഭക്ഷണ വിഭവങ്ങളുടെ പ്രദര്‍ശനവും വില്‍പനയും എന്നിവയുമുണ്ടാകും.

കേരളത്തിന്റെ സ്വന്തമായ 10 വിഭവങ്ങളെ ബ്രാന്‍ഡ് ചെയ്യുന്നതിന് ഓരോ വിഭവത്തിന്റെയും ചരിത്രം, നിര്‍മ്മാണ രീതി അടക്കമുള്ള വീഡിയോ പ്രദര്‍ശനം സ്റ്റാളുകളില്‍ ഉണ്‍ണ്ടാകും.
ചലച്ചിത്ര അക്കാദമി കേരളീയത്തിന്റെ ഭാഗമായി കെ.എസ്.എഫ്.ഡി.സിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചലച്ചിത്രമേളയില്‍ 100 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. കൈരളി, ശ്രീ, നിള, കലാഭവന്‍ എന്നീ തിയേറ്ററുകളിലാണ് പ്രദര്‍ശനം. 87 ഫീച്ചര്‍ ഫിലിമുകളും പബ്‌ളിക് റിലേഷന്‍സ് വകുപ്പും ചലച്ചിത്ര അക്കാദമിയും നിര്‍മ്മിച്ച 13 ഡോക്യുമെന്ററികളുമാണ് മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കേരളീയം 2023ന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തും.  കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെയുളള പ്രധാന വീഥി റെഡ്‌സോണായും, അതിലേക്ക് ചേരുന്ന മറ്റു റോഡുകളെ ഓറഞ്ച്‌സോണായും, മറ്റു ഭാഗങ്ങളെ ഗ്രീന്‍സോണായും തരം തിരിച്ചിട്ടുണ്ട്. കവടിയാര്‍- കിഴക്കേകോട്ട റെഡ് സോണില്‍ വൈകുന്നേരം 06 മണി മുതല്‍ 11.00 മണി വരെ വാഹന ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തും.  നിര്‍ദ്ദിഷ്ട പാര്‍ക്കിംഗ് സ്ഥലങ്ങളിലല്ലാതെയുളള പാര്‍ക്കിംഗ് അനുവദിക്കില്ല.

Back to top button
error: