NEWSWorld

മരണം 8000 കടന്നു;ഗാസയില്‍ അതിശക്തമായ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍

ഗാസ: ഇസ്രായേൽ ആക്രമണത്തിൽ മരണം 8000 കടന്നതായി ഗാസ ആരോഗ്യമന്ത്രി അറിയിച്ചു.മൊബൈല്‍ നെറ്റ്‍വര്‍ക്കും ഇന്റര്‍നെറ്റും അടക്കം ആശയവിനിമയ സംവിധാനങ്ങളെല്ലാം പ്രവര്‍ത്തനരഹിതമായതോടെ എല്ലാ അര്‍ത്ഥത്തിലും ഗാസ ലോകത്ത് നിന്ന് ഒറ്റപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കിഴക്കൻ ഗാസയിലും വടക്കൻ ഗാസയിലും ശക്തമായ ബോംബിംഗ് നടന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുവരെ 8000ത്തോളം ഗാസ നിവാസികള്‍ കൊല്ലപ്പെട്ടു. ഇരുപതിനായിരത്തോളം പേര്‍ക്ക് പരിക്കേറ്റു.ആയിരത്തിയഞ്ഞൂറിനടുത്ത് ആളുകളെ കാണാനില്ല.

അതിനിടെ ഇസ്രായേലില്‍ തടവില്‍ കഴിയുന്ന എല്ലാ പലസ്തീനികളേയും മോചിപ്പിച്ചാല്‍ ഇസ്രായേല്‍ ബന്ദികളെ മോചിപ്പിക്കാന്‍ തയ്യാറാണെന്ന് ഹമാസ് അറിയിച്ചു. ഗാസ സിറ്റിയില്‍ ഇസ്രായേല്‍ നടത്തുന്ന വന്‍ കര ആക്രമണത്തിനിടയിലാണ് ഹമാസിന്റെ ആവശ്യം. ഹമാസ് നേതാവ് യഹ്യ സിന്‍വാര്‍ ആണ് പുതിയ നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം  ഗാസയില്‍ നാൾക്കുനാൾ ആക്രമണം ശക്തമാക്കുകയാണ് ഇസ്രായേല്‍.യുദ്ധത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായെന്നും ഇത് ദൈര്‍ഘ്യമേറിയതും കഠിനമായതുമായിരിക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.

ശത്രുവിനെ താഴെ നിന്നും മുകളില്‍ നിന്നും നേരിടും. ഹമാസിനെ ഉന്മൂലനം ചെയ്യുമെന്ന നിലപാടില്‍ നിന്ന് ഇസ്രയേല്‍ ഒരിഞ്ച് പോലും പിന്നോട്ടില്ലെന്നും നെതന്യാഹു ടെല്‍ അവീവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആവര്‍ത്തിച്ചു. ഹമാസ് തടവിലാക്കിയവരുടെ കുടുംബാഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു വാര്‍ത്താ സമ്മേളനം.

Back to top button
error: