CrimeNEWS

കളമശേരിയില്‍ മൂന്നു തവണ സ്ഫോടനം; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം

കൊച്ചി: കളമശ്ശേരിയില്‍ യഹോവ കണ്‍വെന്‍ഷന്‍ സെന്ററില്‍ മൂന്നു തവണ സ്ഫോടനം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. രാവിലെ 9.40 നാണ് ആദ്യ പൊട്ടിത്തെറിയുണ്ടായത്. ഇതിനു പിന്നാലെ രണ്ടു തവണ കൂടി സ്ഫോടനങ്ങളുണ്ടായി. പ്രാര്‍ത്ഥനയ്ക്കിടെ ഉഗ്രശബ്ദത്തോടെയുള്ള സ്ഫോടനം ഉണ്ടായതായി ദൃക്സാക്ഷികള്‍ പറയുന്നു.

കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ സ്ത്രീയാണ് പൊട്ടിത്തെറിയില്‍ മരിച്ചത്. സമ്മേളനം തുടങ്ങി അരമണിക്കൂറിനകം സ്ഫോടനം ഉണ്ടായതായി ദൃക്സാക്ഷി പറഞ്ഞു. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ആറുപേരുടെ നില ഗുരുതരമാണ്. സ്ഫോടനം നടന്ന ഹാളില്‍ 2000 ഓളം പേരുണ്ടായിരുന്നു.

Signature-ad

സ്ഫോടനം നടന്ന ഹാളും പരിസരവും പൊലീസ് സീല്‍ ചെയ്തു. സ്ഫോടനത്തിന്റെ കാരണം എന്താണെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. ബോംബ് സ്‌ക്വാഡും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സ്ഫോടനസ്ഥലത്തെത്തി. സ്ഫോടനത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

എല്ലായിടത്തും ജാഗ്രത പാലിക്കണമെന്ന് ജില്ലാ പൊലീസ് മേധാവികള്‍ക്ക് പൊലീസ് ആസ്ഥാനത്തു നിന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്രമസമാധാന എഡിജിപി എം ആര്‍ അജിത് കുമാറും ഇന്റലിജന്‍സ് എഡിജിപിയും കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. അടിയന്തര ചികിത്സ ഒരുക്കണമെന്ന് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

 

Back to top button
error: