NEWSWorld

പാലസ്തീന് വേണ്ടി കരയുന്നവർ എന്തേ യമൻ യുദ്ധം കാണാതെപോയി ?

കോഴിക്കോട്:പാലസ്തീന് വേണ്ടി കരയുന്നവർ എന്തേ 2015-ലെ യമൻ യുദ്ധം കാണാതെപോയി ? ഒരു മുസ്ലിം രാജ്യത്തെ ഒമാൻ ഒഴികെയുള്ള ഇതര അറബ് രാജ്യങ്ങളെല്ലാം ചേര്‍ന്നു വളഞ്ഞിട്ട് ആക്രമിക്കുന്ന കാഴ്ചയാണ് അന്നു കാണാനായത്.

ഇറാന്‍റെ പിന്തുണയുള്ള ഹുതി വിമതര്‍ക്കെതിരേ സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യകക്ഷി സേന നടത്തിയ യുദ്ധത്തില്‍ പ്രത്യക്ഷമായും പരോക്ഷമായും മരിച്ചത് 3,77,000 പേരാണ്. ഇതില്‍ 1,50,000 പേരും മരിച്ചത് ഇരുവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിലാണ്. 15,000 പേര്‍ സഖ്യകക്ഷി സേനയുടെ വ്യോമാക്രമണത്തിലും മരിച്ചു.

 ബാക്കിയുള്ളവര്‍ യുദ്ധത്തിന്‍റെ പരിണതഫലമായുണ്ടായ ദാരിദ്ര്യത്താലും രോഗങ്ങളാലും മരിച്ചു. മരിച്ചവരില്‍ ഏറെയും കുട്ടികളാണെന്നാണ് യുഎൻ ഡവലപ്മെന്‍റ് പ്രോഗ്രാമിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

കടല്‍മാര്‍ഗവും വ്യോമമാര്‍ഗവും ഏഴുവര്‍ഷത്തോളം ഏര്‍പ്പെടുത്തിയ ഉപരോധം യെമനിലെ ജീവിതം നരകതുല്യമാക്കി. ഹുതി വിമതര്‍ക്ക് ഇറാനില്‍നിന്ന് ആയുധങ്ങള്‍ എത്തുന്നതു തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഉപരോധമേര്‍പ്പെടുത്തിയതെങ്കിലും ബാധിച്ചതു സാധാരണ ജനത്തെയാണ്. ഭക്ഷണവും മരുന്നും ലഭിക്കാതെ കുട്ടികളടക്കം മരിച്ചുവീണു. രാജ്യം കണ്ടിട്ടുള്ള ഏറ്റവും വലിയ ഭക്ഷ്യക്ഷാമമാണുണ്ടായത്. നാലുലക്ഷത്തോളം കുട്ടികള്‍ പോഷകാഹാരക്കുറവിനാല്‍ രോഗങ്ങള്‍ക്കു കീഴടങ്ങി.

2015ല്‍ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ പത്ത് അറബ് രാജ്യങ്ങളുടെ സൈനികസഖ്യം രൂപീകരിക്കുകയും ഇതേവര്‍ഷം മാര്‍ച്ചില്‍ ഹുദി കേന്ദ്രങ്ങള്‍ക്കുനേരെ വ്യോമാക്രമണം ആരംഭിക്കുകയുമായിരുന്നു. സൗദിക്കു പുറമെ, യുഎഇ, ബഹറിൻ, കുവൈറ്റ്, ഖത്തര്‍, ഈജിപ്ത്, ജോര്‍ദാൻ, സുഡാൻ, മൊറോക്കോ, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് സഖ്യത്തിലുണ്ടായിരുന്നത്.

യെമനെതിരേ വ്യോമ, നാവിക ഉപരോധം പ്രഖ്യാപിച്ച സഖ്യസേന, സാധാരണ‌ക്കാര്‍ക്കും അടിസ്ഥാനസൗകര്യങ്ങള്‍ക്കുംനേരെ നിഷ്കരുണം ബോംബാക്രമണം നടത്തി. തങ്ങളുടെ തെക്കൻ അതിര്‍ത്തിയില്‍ ബദ്ധവൈരിയായ ഇറാന്‍റെ പിന്തുണയോടെ ഹുതി വിമതര്‍ ശക്തിപ്രാപിക്കുന്നത് ഭീഷണിയാകുമെന്ന് കണ്ടതോടെയാണ് സൗദി കടുത്ത തീരുമാനത്തിലെത്തിയത്. സൗദിയുടെ തെക്കേ അതിര്‍ത്തിയോടു ചേര്‍ന്ന യെമൻ തീരത്തെ ബാബ് എല്‍ മാൻഡെബ് കടലിടുക്ക് ഇന്ധനനീക്കത്തിന് ചെങ്കടലിനെയും ഏദൻ ഉള്‍ക്കടലിനെയും ബന്ധിപ്പിക്കുന്ന പ്രധാന റൂട്ടായതിനാല്‍ ഇതിന്‍റെ നിയന്ത്രണം ഉറപ്പുവരുത്തേണ്ടത് സൗദിക്ക് അനിവാര്യതയായി വന്നു.

ഈ കടല്‍റൂട്ട് വഴിയാണ് സൗദിയില്‍നിന്ന് ദിനംപ്രതി ദശലക്ഷക്കണക്കിന് ഇന്ധനം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്നത്. അന്നത്തെ സൗദി പ്രതിരോധമന്ത്രിയും കിരീടാവകാശിയുമായിരുന്ന മുഹമ്മദ് ബിൻ സല്‍മാന്‍റെ രാഷ്‌ട്രീയലക്ഷ്യങ്ങളും യെമൻ യുദ്ധത്തിലേക്ക് നയിച്ചു. അംഗീകാരം നേടിയെടുക്കാനും അധികാരം അരക്കിട്ടുറപ്പിക്കാനും അദ്ദേഹം യുദ്ധത്തെ പ്രയോജനപ്പെടുത്തി.

Back to top button
error: