ദില്ലി: പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഎം ഇന്ന് ദില്ലിയിൽ നടത്തുന്ന ധര്‍ണ്ണയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. ഇന്ന് ഉച്ചയ്ക്ക് 12നാണ് പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടി. ധര്‍ണ്ണയില്‍ സിപിഎം പൊളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ പങ്കെടുക്കും. ദില്ലിയിലെ എകെജി ഭവന് മുന്നിലാണ് പലസ്തീന് പിന്തുണ നല്‍കികൊണ്ടുള്ള സിപിഎമ്മിന്‍റെ ധര്‍ണ്ണ നടക്കുക. പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ ദേശീയ തലത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നതിനായാണ് ദില്ലിയില്‍ സിപിഎം ധര്‍ണ്ണ നടത്തുന്നത്.
ഇതിനിടെ, യുഎൻ നിർദേശ പ്രകാരം വെടി നിർത്തലിന് ഉടൻ തയ്യാറാകണമെന്നും യുഎൻ രക്ഷാസമിതിയുടെ ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള ഉത്തരവ് ഉടൻ നടപ്പിലാക്കണമെന്നും ഇടതുപാര്‍ട്ടികള്‍ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. പലസ്തീനിലെ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ വോട്ടെടുപ്പിൽ വിട്ടുനിന്ന ഇന്ത്യൻ നിലപാട് ഞെട്ടിപ്പിക്കുന്നത് ആണെന്ന് ഇടതു പാർട്ടികൾ പ്രസ്താവനയില്‍ വ്യക്തമാക്കി. സിപിഎമ്മും സിപിഐയും ആണ് സംയുക്ത പ്രസ്താവനയിൽ നിലപാടിനെ വിമർശിച്ചത്. പലസ്തീൻ രാഷ്ട്രത്തിനുള്ള ഇന്ത്യയുടെ ദീർഘകാല പിന്തുണയെ നിരാകരിക്കുന്നതാണ് ഇപ്പോഴത്തെ നിലപാട്. അമേരിക്കൻ സാമ്രാജ്യത്വത്തിന് കീഴിൽ ഇന്ത്യൻ വിദേശകാര്യ നയം മാറുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു.