രണ്ടു നക്ഷത്രങ്ങൾ കണ്ടുമുട്ടി: ഇന്ത്യൻ സിനിമയിലെ രണ്ടു വിസ്മയങ്ങൾ, കമൽഹാസനും മണിരത്നവും വീണ്ടും ഒന്നിക്കുന്നു
ഇന്ത്യൻ സിനിമയിലെ രണ്ടു വിസ്മയങ്ങളാണ് സംവിധായകൻ മണിരത്നവും നടൻ കമൽ ഹാസനും. ഇരുവരും ഒന്നിച്ച, ‘നായകൻ’ ക്ലാസിക് സിനിമ എന്നാണ് വാഴ്ത്തപ്പെടുന്നത്. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ഇവർ വീണ്ടും ഒന്നിക്കുന്നു. കമൽ ഹാസന്റെ 243-ാമത് ചിത്രമാണ് മണിരത്നം സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം എ ആർ റഹ്മാനാണ്.
നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കമൽ ഹാസനും മണിരത്നവും ഒന്നിച്ച ‘നായകൻ’ എന്ന സിനിമ എക്കാലത്തെയും മികച്ച തമിഴ് സിനിമയാണ്. പല മലയാള ചിത്രങ്ങൾക്കും നായകനിലെ കഥാ സന്ദർഭം വഴിയൊരുക്കിയിട്ടുണ്ട്. ആ വർഷത്തെ മികച്ച നടനുള്ള നാഷണൽ അവാർഡ് കമലിന് ഈ ചിത്രത്തിലൂടെ ലഭിച്ചു. അതുകൊണ്ട് തന്നെ പുതിയ ചിത്രത്തെക്കുറിച്ചുള്ള വാർത്തകളും വലിയ പ്രതീക്ഷയാണ് പ്രേക്ഷർക്ക് സമ്മാനിക്കുന്നത്.
അതേസമയം, ഏറെ നാളായി ഷൂട്ടിംഗ് മുടങ്ങിക്കിടന്ന ശങ്കർ ചിത്രം ‘ഇന്ത്യൻ 2’ ആണ് കമൽ ഹാസന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. ഒന്നാം ഭാഗം വലിയ വിജയമായത് കൊണ്ട് തന്നെ രണ്ടാം ഭാഗത്തിന് വേണ്ടിയും വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. വിക്രം രണ്ടാം ഭാഗവും കമലിന്റേതായി പുറത്തിറങ്ങാനുള്ള സിനിമയാണ്.