തിരുവനന്തപുരം: രാജ്യം ആദ്യമായി വേദിയൊരുക്കുന്ന ഏഷ്യൻ മൗണ്ടേൺ സൈക്കിളിംഗ് ചാമ്പ്യൻഷിപ്പിന് ഒരുങ്ങി തലസ്ഥാനം. പൊൻമുടിയിൽ തയ്യാറാക്കിയ ട്രാക്ക് രാജ്യന്തര നിലവാരമുള്ളതാണെന്ന് അന്താരാഷ്ട്ര സൈക്കിളിംഗ് യൂണിയൻ ചീഫ് ജേർമി ക്രിസ്മസ് പറഞ്ഞു. മൂന്ന് മാസമെടുത്താണ് മെർക്കിസ്റ്റൺ എസ്റ്റേറ്റിൽ മൗണ്ടേൺ സൈക്കിംഗിനായി നാല് കിലോമീറ്ററുള്ള ട്രാക്ക് തയ്യാറാക്കിയത്.
ഒരു തേയില തോട്ടത്തിനുള്ളിൽ ട്രാക്കുണ്ടാക്കി രാജ്യാന്തര മത്സരം നടത്തുന്നത് ഇതാദ്യമാണ്. ദുർഘടമായ വഴികൾ സാഹസികമായി ചവിട്ടികയറി ആദ്യമെത്തുന്ന താരങ്ങൾ ഒളിമ്പിക്സ് യോഗ്യത നേടും. 20 രാജ്യങ്ങളിൽ നിന്നായി 250ലധികം കായിക താരങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ചൈനയാണ് നിലവിലെ ജേതാക്കൾ. മലയോര മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴുയുണ്ട്. മഴ മത്സരത്തിന് തടസമാവില്ലെന്നാണ് സംഘാടകർ ഉറപ്പ് നൽകുന്നത്. ഒക്ടോബർ 26 മുതൽ 29 വരെയാണ് ചാംപ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്.
ചാംപ്യൻഷിപ്പിനായുള്ള ഇന്ത്യൻ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 31 അംഗ ടീമിൽ 20 പുരുഷ റൈഡർമാരും 11 വനിതാ റൈഡർമാരുമാണുള്ളത്. കർണാടകയിൽ നിന്നുള്ള കിരൺകുമാർ രാജുവും പട്യാല നാഷണൽ സെന്റർ ഓഫ് എക്സലൻസിൽ നിന്നുള്ള പൂനം റാണയുമാണ് ടീമിന്റെ പരിശീലകർ. അഡ്വഞ്ചർ സ്‌പോർട്‌സിനും അഡ്വഞ്ചർ ടൂറിസത്തിനും കേരളം വലിയ പ്രാധാന്യമാണ് നൽകുന്നത്.
ഈ സാഹചര്യത്തിൽ കേരളത്തെ ലോക കായിക ഭൂപടത്തിൽ അടയാളപ്പെടുത്തുന്ന ചാംപ്യൻഷിപ് സംഘടിപ്പിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് കായികമന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. ഒളിംപിക് യോഗ്യതാ മത്സരമായതിനാൽ ചാംപ്യൻഷിപ്പിന് വലിയ പ്രാധാന്യമുണ്ടെന്ന് ഏഷ്യൻ സൈക്ലിംഗ് കോൺഫെഡറേഷൻ സെക്രട്ടറി ജനറൽ ഓംകാർ സിംഗ് പറഞ്ഞു. 20 രാജ്യങ്ങളിൽ നിന്നായി 250ലേറെ റൈഡർമാർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ എത്തുന്നുണ്ട്. ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം രാജ്യങ്ങളും കായിക താരങ്ങളും ചാംപ്യൻഷിപ്പിനെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.