KeralaNEWS

മൂന്നാറിലെ ഒഴിപ്പിക്കൽ നിർത്തിവെക്കുമോ? കയ്യേറ്റക്കാർക്കു വേണ്ടി അരയും തലയും മുറുക്കി സിപിഎം, പിന്നോട്ടില്ലെന്ന് ജില്ലാ കളക്ടർ

മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കൽ ആരംഭിച്ചതിന് തൊട്ടുപിന്നാലെ നിർത്തിവെപ്പിക്കാനുള്ള സമ്മർദ്ദവുമായി സിപിഎം. മുൻ മന്ത്രിയും എംഎൽഎയുമായ എം.എം മണിയും  സിപിഎം ജില്ലാ സെക്രട്ടറി സിവി വർഗീസുമാണ് ഒഴിപ്പിക്കൽ നടപടികൾക്കെതിരെ രംഗത്തുവന്നത്.

  കയ്യേറ്റക്കാർക്കു വേണ്ടി തുടക്കം മുതലേ ശക്തമായി വാദിച്ചു കൊണ്ടിരിക്കുകയാണ് സിപിഎം. റവന്യൂ വകുപ്പിനും മന്ത്രിക്കുമെതിരെ  രൂക്ഷവിമർശനമാണ് എംഎം മണി ഉന്നയിച്ചത്. പിന്നാലെ ഒഴിപ്പിക്കൽ നിർത്തിവെക്കുമെന്നും ജില്ലാ കളക്ടർ ഇക്കാര്യം അറിയിച്ചു എന്നുള്ള പ്രഖ്യാപനവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസും രംഗത്തുവന്നു. എന്നാൽ കൈയേറ്റം ഒഴിപ്പിക്കൽ നിർത്തിവെക്കില്ലെന്നും ദൗത്യം  തുടരുമെന്നും ജില്ലാ കളക്ടറും വ്യക്തമാക്കി.

Signature-ad

ഇടുക്കി കലക്ടര്‍ ഷീബ ജോര്‍ജിനെ മാറ്റാനുള്ള സംസ്ഥാന സർക്കാർ ശ്രമം പരാജയപ്പെട്ടതോടെയാണ് സി.പി.എം മറനീക്കി പുറത്തു വന്നത്. കലക്ടറെ മറ്റിയാല്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ അട്ടിമറിക്കപ്പെടുമെന്ന് ഹൈക്കോടതി കർശന നിലപാടെടുത്തു.

കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട്  സിപിഎമ്മിന്റെ ഇടപെടലിനെതിരെ നില്‍ക്കുന്ന വ്യക്തിയാണ് ഷീബ ജോര്‍ജ്. അനധികൃത കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടിയുമായി കലക്ടര്‍ കൃത്യമായി മുന്നോട്ടുപോകുന്നു എന്നും നിലവില്‍ മാറ്റേണ്ട ആവശ്യമില്ലെന്നും  കോടതിയുടെ പറഞ്ഞു.

ഷീബ ജോര്‍ജിനെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചു എന്ന കാര്യം പറഞ്ഞാണ് തല്‍സ്ഥാനത്തുനിന്ന് മാറ്റാൻ  സര്‍ക്കാര്‍ ശമിച്ചിരുന്നത്. എന്നാൽ അതില്‍ നിന്ന് ഒഴിവാക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചതോടെ സര്‍ക്കാര്‍ വെട്ടിലായി

ചിന്നക്കനാലിലെ കുടിയേറ്റം ഒഴിപ്പിക്കൽ കോടതി നിർദേശപ്രകാരമുള്ള ഒറ്റപ്പെട്ട സംഭവമാണ്. കൂടിയാലോചനകൾക്ക് ശേഷം മാത്രമേ ഒഴിപ്പിക്കൽ നടപടികൾ ആരംഭിക്കാവു എന്നതാണ് പാർട്ടി നിലപാടെന്നും സി.വി വർഗീസ് പറഞ്ഞു. ഇക്കാര്യം ജില്ലാ കളക്ടറെ ബോധിപ്പിച്ചിട്ടുണ്ട്. ചിന്നക്കനാൽ അല്ലാതെ മറ്റൊരിടത്തും നടപടികളിലേയ്ക്ക് കടക്കില്ലെന്ന്  കളക്ടർ ഉറപ്പു നൽകിയതായും സി.വി വർഗീസ് പറഞ്ഞു.

ഈ പ്രസ്താവനയ്ക്കു  പിന്നാലെയാണ്  പ്രതികരണവുമായി ഇടുക്കി ജില്ലാ കളക്ടർ ഷീബാ ജോർജ് വന്നത്. ഒഴിപ്പിക്കൽ നിർത്തുമെന്ന് ഉറപ്പ് പറഞ്ഞിട്ടില്ലെന്നും ദൗത്യസംഘം നടപടികളുമായി മുന്നോട്ടുപോകുമെന്നും കളക്ടർ പറഞ്ഞു. കോടതി നിർദേശപ്രകാരം നടക്കുന്ന കാര്യത്തിൽ തനിക്ക് ഉറപ്പുനൽകാനാകില്ലെന്നും കളക്ടർ കൂട്ടിച്ചേർത്തു.

ഇടുക്കി മൂന്നാർ മേഖലയിൽ 229.76 ഏക്കർ ഭൂമിയിലെ കൈയേറ്റം ഇന്നലെ ഒഴിപ്പിച്ചതായി റവന്യൂ വകുപ്പ്. ദേവികുളം താലൂക്കിൽ ആനവിരട്ടി വില്ലേജിൽ അനധികൃതമായി കൈവശം വച്ച 224.21 ഏക്കർ സ്ഥലവും അതിലെ കെട്ടിടവും ഏറ്റെടുത്തു. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത കേസിൽ സർക്കാരിനു അനുകൂലമായ വിധി ഉണ്ടായതിനെ തുടർന്നാണ് നടപടി.

സർക്കാർ രൂപീകരിച്ച പ്രത്യേക ദൗത്യ സംഘത്തിന്റെ നേതൃത്വത്തിൽ റവന്യൂ, പൊലീസ്, ഭൂസംരക്ഷണ സേന എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് കൈയേറ്റം ഒഴിപ്പിച്ചത്. സ്ഥലം ഏറ്റെടുത്തു അവിടെ ഉണ്ടായിരുന്ന കെട്ടിടം സീൽ ചെയ്ത് സർക്കാർ അധീനതയിലാണെന്നു സൂചിപ്പിക്കുന്ന ബോർഡും സ്ഥാപിച്ചു.

നിയമപരമായ യാതൊരു പിന്‍ബലവും ഇല്ലാത്ത കയ്യേറ്റമാണ് ഒഴിപ്പിച്ചിട്ടുള്ളതെന്ന് ജില്ലാകളക്ടര്‍ വ്യക്തമാക്കി. പട്ടയം ലഭിക്കുന്നതിനുള്ള അര്‍ഹത പരിശോധിച്ച് നിയമപരമായ നടപടികള്‍ പാലിച്ച് മാത്രമേ ഒഴിപ്പിക്കല്‍ നടപടികള്‍ സ്വീകരിക്കുകയുള്ളൂ. കേരള ഹൈക്കോടതി ഉത്തരവ് അനുസരിച്ച് അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്കെതിരായുള്ള ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണ് എന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Back to top button
error: