തിരുവനന്തപുരം: കോണ്‍ഗ്രസ് ഭരിക്കുന്ന മാരായമുട്ടം സഹകരണ ബാങ്കിലെ കൂടുതല്‍ വെട്ടിപ്പിന്റെ തെളിവ് പുറത്ത്. രണ്ട് വര്‍ഷത്തിനിടയില്‍ ഭരണസമിതി വെട്ടിച്ചത് 33.40 കോടി രൂപയാണ്. ഈ വെട്ടിപ്പ് വെളിപ്പെടുത്തുന്ന ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചു. മുന്‍ ഭരണസമിതി വെട്ടിച്ചത് 33.12 കോടി രൂപയാണെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടിലെ കണക്കുകള്‍ പറയുന്നു. മാരായമുട്ടം ബാങ്കില്‍ നടന്ന ആകെ വെട്ടിപ്പ് 66.52 കോടി രൂപയുടേതാണ്.
മാരായമുട്ടം സഹകരണ ബാങ്ക് കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. കോണ്‍ഗ്രസ് നിയന്ത്രണത്തിലാണ് ബാങ്ക്. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എസ് അനിലാണ് മുന്‍ പ്രസിഡന്റ്. പണം തട്ടിയ അനിലിനെ സഹകരണ വകുപ്പ് വിലക്കിയിരുന്നു
അനിലിന്റെ മകള്‍ പാര്‍വതിയാണ് നിലവില്‍ ബാങ്കിന്റെ പ്രസിഡന്റ്. പ്രസിഡണ്ട് മകളാണെങ്കിലും ഭരിക്കുന്നത് അനില്‍ തന്നെയാണെന്ന അവസ്ഥയാണുള്ളത്. ഭരണസമിതിയും ജീവനക്കാരും വായ്പ്പയിലൂടെ തട്ടിയത് 12.19 കോടി രൂപയാണ്. രേഖകള്‍ ഇല്ലാതെയും വായ്പ വിതരണം ചെയ്തു. ചിട്ടിയുടെ മറവിലും കോടികളുടെ വെട്ടിപ്പ് നടന്നിട്ടുണ്ട്.
അതേസമയം, കോണ്‍ഗ്രസ് ഭരിക്കുന്ന മാരായമുട്ടം സഹകരണ ബാങ്കിനെതിരെ പരാതിയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. നിക്ഷേപം തിരികെ നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി വി.എന്‍ ഉദയകുമാറിന്റെ നേതൃത്വത്തിലാണ് പരാതി നല്‍കിയത്. പണം തിരികെ നല്‍കാതെ അടുപ്പക്കാര്‍ക്ക് വന്‍ തുക ലോണ്‍ നല്‍കുന്നുവെന്നും പരാതിയില്‍ പറയുന്നു.