NEWSSports

ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടം തീയറ്ററില്‍ ബിഗ് സ്ക്രീനില്‍ കാണാം

തൃശൂർ:ലോകകപ്പ് ക്രിക്കറ്റില്‍ ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടം തീയറ്ററില്‍ ബിഗ് സ്ക്രീനില്‍ കാണണോ… തൃശൂര്‍ ശോഭാസിറ്റിയിലെ ഐനോക്സ് തിയറ്ററിലേക്ക് പോര്…
  ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന മത്സരം തത്സമയം ബിഗ് സ്ക്രീനില്‍ കാണാം.250 രൂപയുടെ മൂന്നാം ക്ലാസ് ടിക്കറ്റുകളും അഞ്ഞൂറു രൂപയുടെ റോയല്‍ റിക്ലൈനര്‍ ക്ലാസ് ടിക്കറ്റുകളുമാണ് മത്സരം കാണാൻ ഐനോക്സില്‍ ഈടാക്കുന്നത്. ആറു സ്ക്രീനുകളുള്ള ഐനോക്സിലെ ഒരു തിയറ്ററിലാണ് മത്സരം പ്രദര്‍ശിപ്പിക്കുന്നത്.

ആവേശപ്പോരാട്ടം വലിയ സ്ക്രീനില്‍ കാണാൻ പലരും മുൻകൂറായി ടിക്കറ്റ് ബുക്ക് ചെയ്യുന്നുണ്ട്. ശോഭമാളിലെ കൗണ്ടറില്‍ നിന്ന് നേരിട്ടും ടിക്കറ്റ് ലഭിക്കും.

അതേസമയം ഈ ലോകകപ്പിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തിന് ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം വേദിയാകും.ഇന്ത്യ പാകിസ്ഥാനെയാണ് നേരിടുന്നത്.

Signature-ad

കളിച്ച രണ്ട് കളികളും ജയിച്ചാണ് ഭാരതവും പാകിസ്ഥാനും ഇന്ന് മൂന്നാം കളിക്കിറങ്ങുന്നത്. രണ്ട് ടീമിന്റെയും ലക്ഷ്യവും മൂന്നാം വിജയം തന്നെ.

ഭാരതം ആദ്യ കളിയില്‍ ആറ് വിക്കറ്റിന് ഓസ്ട്രേലിയയെയും രണ്ടാം കളിയില്‍ എട്ട് വിക്കറ്റിന് അഫ്ഗാനിസ്ഥാനെയും തകര്‍ത്താണ് ഇന്നത്തെ ഹെവിവെയ്റ്റ് പോരാട്ടത്തിന് കച്ചമുറുക്കുന്നത്. പാകിസ്ഥാന്‍ ആദ്യ കളിയില്‍ നെതര്‍ലന്‍ഡ്സിനെ 81 റണ്‍സിനും രണ്ടാം കളിയില്‍ ശ്രീലങ്കയെ എട്ട് വിക്കറ്റിനും തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലും. ഇതോടെ ഇന്നത്തെ മത്സരത്തിന് പ്രാധാന്യമേറിയിരിക്കുകയാണ്. റൗണ്ട് റോബിന്‍ ക്രമത്തിലുള്ള മത്സരമായതിനാല്‍ ഓരോ മത്സരത്തിനും പ്രാധാന്യമേറെയാണ്.

എറ്റവും ഒടുവില്‍ ഇക്കഴിഞ്ഞ ഏഷ്യാ കപ്പിലാണ് ഭാരതവും പാക്കിസ്ഥാനും മുഖാമുഖം വന്നത്. ഈ പോരാട്ടത്തില്‍ പാകിസ്ഥാനെ 228 റണ്‍സിന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസം ഭാരതത്തിനുണ്ട്. മാത്രമല്ല ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരിക്കല്‍ പോലും ഭാരതം പാകിസ്ഥാനോട് തോറ്റിട്ടില്ലെന്നതും രോഹിത്തിന്റെയും കൂട്ടരുടെയും ആത്മവിശ്വാസം ഉയര്‍ത്തുന്നു. ലോകകപ്പില്‍ ഏഴ് തവണ ഏറ്റുമുട്ടിയപ്പോഴും വിജയം ഭാരതത്തിനൊപ്പമായിരുന്നു.

Back to top button
error: