പ്രകൃതി ഒരുക്കിവെച്ച കാഴ്ചകളാണ് പത്തനംതിട്ടയുടെ അടയാളം.വെള്ളച്ചാട്ടങ്ങളും ജലാശയങ്ങളും വന്യജീവി സങ്കേതങ്ങളും മലനിരകളും കേരളത്തിനകത്തുനിന്നും പുറത്തുനിന്നും ആയിരങ്ങളെ ഇവിടേക്ക് ആകർഷിക്കുന്നു.എന്നാൽ, അടിസ്ഥാനസൗകര്യങ്ങളുടെ അഭാവവും അധികൃതരുടെ അശ്രദ്ധയും മൂലം അറിയപ്പെടാത്ത കാഴ്ചകൾ അതിലുമേറെയാണ്.അത്തൊരത്തി ൽ ഒരു പ്രദേശമാണ് കോട്ടാങ്ങൽ ഗ്രാമത്തിലെ ഒരക്കംപാറ വെള്ളച്ചാട്ടവും നാഗപ്പാറയും ഉൾപ്പെട്ട കരുവള്ളിക്കാട്.
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിലെ കോട്ടാങ്ങൽ, കൊറ്റനാട് പഞ്ചായത്തുകൾക്ക് അതിരിടുന്ന കാടിനുളളിൽ പരപ്പാർന്നൊരു പാറക്കെട്ട് അതാണ് നാഗപ്പാറ.റാന്നി മണ്ഡലത്തിലെ പെരുമ്പെട്ടി വില്ലേജിൽ വലിയകാവ് വനത്തിൽ ഉൾപ്പെട്ട പ്രദേശം.ഇവിടെയിരുന്നാൽ പാറക്കെട്ടിലൂടെ പാഞ്ഞിറങ്ങുന്ന കാട്ടുചോലയുടെ ഒച്ച കേൾക്കാം. കാതൊന്നു വട്ടംപിടിച്ചാൽ കാട്ടുകിളികളുടെ സംഗീതം ആസ്വദിക്കാം.ഉച്ചവെയിലിലും നിർത്താതെ വീശുന്ന കാറ്റിൽ എല്ലാം മറന്നൊന്ന് സുഖമായി ഉറങ്ങാം.
മഴക്കാലത്ത് മറ്റൊരു കാഴ്ചയാണിവിടെ.തെരുവ പുല്ലുകളെ വകഞ്ഞിമാറ്റി വഴുവഴുപ്പുള്ള പാറക്കെട്ടുകളെ തോല്‍പ്പിച്ച് നാഗപ്പാറയുടെ മുകളില്‍ നിന്നും താഴേക്കു നോക്കിയാൽ താഴ് വാരത്ത് ചാഞ്ഞും ചരിഞ്ഞും പെയ്യുന്ന മഴയുടെ ഭിന്നഭാവങ്ങൾ കാണാം.മഴ പെയ്തു തീര്‍ന്നാലും ചുറ്റും മരം പെയ്യുന്ന കാടുകള്‍.കൂറ്റന്‍ പാറക്കെട്ടുകള്‍ ചാടി അലമുറയിടുന്ന കാട്ടരുവികളുടെ കാഴ്ചകള്‍ ഒന്നുമതി സഞ്ചാരികളുടെ മനം നിറയാൻ.കോടമഞ്ഞ് കരിമ്പടം പുതയ്ക്കുന്ന സന്ധ്യകളില്‍ കാട്ടരുവികള്‍ താളം പിടിച്ച് പാറക്കെട്ടുകള്‍ ചാടി കുതിച്ചു പായുമ്പോള്‍ മഴ നമ്മുടെ മുന്നിൽ മറ്റൊരു വിസ്മയം തീർക്കുന്നു.
മഴക്കാലത്ത് ഈർപ്പം കിനിയുന്ന പാറപ്പുറത്ത് നാനാതരം ചെടികൾ തഴച്ചുവളരും അവയുടെ സാന്നിധ്യം നാഗപ്പാറയെ ശലഭോദ്യാനമാക്കും അപൂർവ ഇനം പൂമ്പാറ്റകളെ വരെ ഇവിടെ കാണുവാൻ സാധിക്കും.ഇറക്കമിറങ്ങി ചെല്ലുമ്പോൾ പാറക്കെട്ടിൽ നിഗൂഢമായ ഗുഹകളും പ്രകൃതി നടത്തിയ നാനാവിധ കൊത്തുപണികളും കാണാം.
താഴ്‌വാരത്തിൽ കൊടുംകാടാണ്.വലിയകാവ്,പൊന്തൻപുഴ വനമേഖലകൾ ചേർന്ന പ്രദേേശം.ഗ്രാമത്തിൽ നിന്ന് അധികം അകലെയല്ലാതെ സുരക്ഷിതമായി പ്രകൃതിയുടെ മനോഹാരിതയിൽ അലിയാൻ അവസരം നൽകുന്ന നാഗപ്പാറയ്ക്ക് വിപുലമായ വിനോദസഞ്ചാര സാധ്യതകളാണ് ഉള്ളത്.സാഹസികതയും കൗതുകവും ഒരുപോലെ ഉളവാക്കുന്ന ഈ സ്ഥലം .പർവതാരോഹണ പരിശീലന കേന്ദ്രത്തിനും പറ്റിയതാണ്.
ചുങ്കപ്പാറ– ചാലാപ്പള്ളി റോഡിൽ മാരംകുളത്തുനിന്ന് നിർമലപുരം ഭാഗത്തേക്കുള്ള രണ്ടു കിലോമീറ്റർ സഞ്ചരിച്ച് നാഗപ്പാറയിൽ എത്താം.100 മീറ്റർ അകലെ വനാതിർത്തിയിൽവരെ വാഹനത്തിൽ സഞ്ചരിക്കാം എന്ന സൗകര്യവും ഇവിടെയുണ്ട്.റാന്നിയിൽ നിന്ന് മണ്ണാരത്തറ വഴിയും ഇവിടെയെത്താം.പക്ഷേ ഏറെ ദൂരം വനത്തിൽക്കൂടി നടക്കണമെന്ന് മാത്രം.
നാഗപ്പാറയോട് ചേർന്നുതന്നെയാണ് കരുവള്ളിക്കാട് കുരിശുമുടി.ക്രൈസ്തവരുടെ അമ്പതു നോമ്പിലെ നാല്പതാം വെള്ളിയാഴ്ച മുതൽ പുതു ഞായർ വരെ ഇവിടെ നടത്തിവരുന്ന കുരിശുമല തീർഥാടനത്തിൽ നാനാജാതി മതസ്ഥരാണ് എല്ലാവർഷവും പങ്കെടുക്കുന്നത്.
സമുദ്രനിരപ്പിൽ നിന്ന് 1200 അടി ഉയരത്തിലാണ് കരുവള്ളിക്കാട് കുരിശുമല.കരുവള്ളിക്കാട് മുടിയുടെ മുകളിൽ നിന്നാൽ ശബരിമല മുതൽ ആലപ്പുഴ വരെയുള്ള വിവിധ പ്രദേശങ്ങൾ കാണാനാകും.രാത്രിയിൽ വൈദ്യുത ദീപങ്ങൾ തെളിയുമ്പോൾ കാഴ്ച കൂടുതൽ മനോഹരം.വ്യോമയാന പാതയുടെ പോയിന്റ് സ്റ്റേഷൻ നിലനിൽക്കുന്നെന്ന അപൂർവതയും ഇവിടെയുണ്ട്.
തൊട്ടടുത്ത് തന്നെയാണ് ഒരക്കംപാറ വെള്ളച്ചാട്ടം.കോട്ടയം ജില്ലാ അതിർത്തിയിലെ വഞ്ചികപ്പാറ, തൊടുകമല എന്നീ മലനിരകളിലെ 18 ചെറു നീർച്ചാലുകൾ സംയോജിച്ചാണ് ഒരക്കംപാറയുടെ മുകളിൽ എത്തുന്നത്. അവിടെ നിന്ന് 183 അടി താഴ്ചയിലേക്കാണ് തെളിനീർ ചിതറി പതഞ്ഞൊഴുകുന്നത്. ചുങ്കപ്പാറ– മണിമല റോഡിൽ കോട്ടാങ്ങൽ ചെമ്പിലാക്കൽ പാലത്തിന് സമീപം വലതു തിരിഞ്ഞ് അരക്കിലോമീറ്റർ സഞ്ചരിച്ചാൽ ഒരക്കംപാറ വെള്ളച്ചാട്ടത്തിലെത്താം.
കോട്ടാങ്ങൽ പഞ്ചായത്തിലെ ചുങ്കപ്പാറ നിർമലപുരത്തിനടുത്തുള്ള കരുവള്ളിക്കാടും നാഗപ്പാറയും ഒരക്കംപാറ വെള്ളച്ചാട്ടവുമൊക്കെ മഴക്കാലമായാലും മഞ്ഞുകാലമായാലും വേനൽക്കാലമായാലും എന്നും സഞ്ചാരികൾക്ക് ഒരു വിസ്മയക്കാഴ്ചയാണ്.പമ്പ-മണി മല നദികളുടെ നടുവിൽ റാന്നി-പൊന്തൻപുഴ റിസർവ് വനത്തോടു ചേർന്നാണ് ഈ മനോഹര സ്ഥലം.
അധികാരികളുടെ ശ്രദ്ധയ്ക്ക്
ഇവിടെയെത്തുന്നവർക്ക് മഴയും വെയിലുമേൽക്കാത്ത വിശ്രമകേന്ദ്രങ്ങളാണ് ആദ്യം വേണ്ടത്.ഒപ്പം ഭക്ഷണം ഉൾപ്പടെ രാവും പകലും തങ്ങാനുള്ള(ടെന്റ്റ് പോലുള്ള) സൗകര്യങ്ങളും. നാഗപ്പാറ, കരുവള്ളിക്കാട്, മൈലാടുംപാറ എന്നിവയെ ബന്ധിപ്പിച്ച് റോപ് േവ, ഏറുമാടങ്ങൾ, വാച്ച് ടവർ എന്നിവ നിർമിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.നാഗപ്പാറയോട് ചേർന്നൊഴുകുന്ന കൂവപ്ലാവ് അരുവിയിൽ വനത്തിലെ വൃക്ഷങ്ങൾ നശിപ്പിക്കാതെ മിനി ചെക്ക്ഡാം നിർമിച്ചാൽ ബോട്ടിങ്ങിനും സൗകര്യമൊരുക്കാം.ചെറുവള്ളിയിലെ നിർദ്ദിഷ്ട ശബരി വിമാനത്താവളത്തിലേക്ക് ഇവിടെ നിന്ന് പത്തു കിലോമീറ്റർ താഴെ മാത്രമാണ് ദൂരം.
റാന്നി,മണിമല, മല്ലപ്പള്ളി, കോഴഞ്ചേരി ടൗണുകളുടെ ഒത്ത മധ്യത്തിലായാണ് കോട്ടാങ്ങൽ ഗ്രാമം.കരുവള്ളിക്കാട് മലനിരകളും മണിമുത്തു മലപെറ്റ മണിമലയാറും അതിരിടുന്ന ഭൂപ്രകൃതിയാല്‍ അനുഗ്രഹീതമാണ് ഈ പ്രദേശം. പടയണി എന്ന അനുഷ്ടാന കലയുടെ പേരിൽ പുകൾപ്പെറ്റ ഗ്രാമമാണ് കോട്ടാങ്ങൽ .പ്രകൃതിയും മനുഷ്യനും വേറിട്ടതല്ല എന്ന് ഉറക്കെ പാടിയും കൊട്ടിയും തുള്ളിയും അറിയിക്കുന്ന പടയണി.മലബാറിന് തെയ്യമെന്നാല്‍ എന്താണോ, അതുപോലെയാണ്
മധ്യതിരുവിതാംകൂറിന് പടയണി.
മലമടക്കുകൾക്കിടയിൽ നിന്നും സൂര്യൻ ഉദിക്കുന്നതും അസ്തമിക്കുന്നതും ഇളം കാറ്റിന്റെ തഴുകലിൽ ആസ്വദിക്കണമെന്നുള്ളവർക്കും പത്തനംതിട്ട ജില്ലയിലെ ഈ ഗ്രാമത്തിലേക്ക് കടന്നുവരാം.മേഘങ്ങൾ തലയ്ക്കു മുകളിൽ കൂടി അപ്പൂപ്പൻതാടി പോലെ പറന്നു നടക്കുന്നതു കാണണമെന്നുള്ളവർക്കും ഇവിടേക്ക് വരാം.വേനൽക്കാലത്തെ കടുത്ത ചൂടിൽ നിന്ന് രക്ഷപെടേണ്ടവർക്കും മൺസൂൺ ടൂറിസം ഇഷ്ടപ്പെടുന്നവർക്കും ഇവിടേക്കു വരാം.നാഗപ്പാറ വെള്ളച്ചാട്ടവും നൂറ്റമ്പതടി ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്ന ഒരക്കംപാറ വെള്ളച്ചാട്ടവും കാടും കാട്ടരുവികളും കിളികളുടെ കളകളാരവുമൊക്കെയായി ഈ പ്രദേശം എന്നും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്.അധികൃതർ മനസ്സുവെച്ചാൽ ഈ പ്രദേശം കേരളത്തിലെ തന്നെ മികച്ചൊരു ടൂറിസം ടെസ്റ്റിനേഷനായി മാറും എന്ന കാര്യത്തിൽ സംശയമില്ല.
ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ തിരുവല്ലയാണ്.ഏകദേശം മുപ്പതു കിലോമീറ്റർ ദൂരം വരും ഇവിടേക്ക്.റാന്നിയും മല്ലപ്പള്ളിയുമാണ് ഏറ്റവും അടുത്ത കെഎസ്ആർടിസി ഡിപ്പോകൾ.