
ചെന്നൈ: തമിഴിലെ ഏറ്റവും തിരക്കേറിയ അവതാരകയാണ് ദിവ്യ ദർശിനി എന്ന ഡിഡി. തമിഴ് ചാനലുകളിലും അവാർഡ് പരിപാടികളിലും നിറഞ്ഞുനിൽക്കുന്ന വ്യക്തിയാണ് ഇവർ. ഒപ്പം സിനിമ രംഗത്തും ചില വേഷങ്ങൾ ദിവ്യ ദർശിനി ചെയ്തിട്ടുണ്ട്. മ്യൂസിക് ആൽബങ്ങളിലും ഇവർ സാന്നിധ്യമായിട്ടുണ്ട്. സൂപ്പർ താരങ്ങൾ മുതൽ തെന്നിന്ത്യയിലെ വൻ താരങ്ങളെ എല്ലാം ഇവർ അഭിമുഖം നടത്തിയിട്ടുണ്ട്. വിജയ് ടിവിയിലെ കോഫി വിത്ത് ഡിഡി എന്ന പരിപാടി ഏറെ പ്രശസ്തമായിരുന്നു.
അതേ സമയം അടുത്തിടെ നൽകിയ അഭിമുഖത്തിൽ ഒരു അവതാരക എന്ന നിലയിൽ ഏറ്റവും വേദനിപ്പിച്ച നിമിഷം ദിവ്യ ദർശിനി വെളിപ്പെടുത്തിയിരുന്നു. അതിൽ അവർ പറയുന്നത് ഇങ്ങനെയാണ്. ‘ഒരു പരിപാടിയിൽ ഒരു ഹീറോയിൻ വന്നു. അവർ താമസിച്ചാണ് വന്നത്. ആ പരിപാടിയുടെ ഒരു സെഷൻ കഴിഞ്ഞപ്പോഴാണ് അവർ എത്തിയത്. അവർ വന്നയുടൻ എൻറെ ഡ്രസാണ് നോക്കിയത്. അവരുടെയും എൻറെയും ഡ്രസ് ഒരുപോലെയായിരുന്നു. ഒരേ ഡിസൈൻ ഒരേ കളർ എന്ന് പറയാം. ഓ, നമ്മൾ ഒരേ ഡ്രസാണല്ലോ ഇട്ടിരിക്കുന്നത്. ഞാനും അത് കേട്ട് ചിരിച്ചു. പെട്ടെന്നാണ് അവർ നിങ്ങൾക്ക് മാറി ഉടുക്കാൻ വേറെ ഡ്രസുണ്ടോ എന്ന് ചോദിച്ചത്. അത് ശരിക്കും ഒരു ഷോക്കായിരുന്നു. ശരിക്കും എൻറെ ഒരോ ഷൂട്ടിലും ഞാൻ ഡ്രസിൽ ശ്രദ്ധ ചെലുത്താറുണ്ട്. അത്രയും ശ്രദ്ധയോടെയാണ് അത് ചെയ്യാറ്. എനിക്ക് അത് ഒരുമാതിരിയായി ആ ചോദ്യം. എന്നാൽ എല്ലാരും ഇടപെട്ട് ഇപ്പോൾ തന്നെ വൈകി ഇനിയൊരു ഡ്രസ് മാറ്റൽ നടക്കില്ലെന്ന് പറഞ്ഞ് ഹീറോയിനെ സമ്മതിപ്പിച്ചു. എനിക്ക് അപമാനമായി തോന്നിയെങ്കിലും ഞാൻ വളരെ മര്യാദയോടെയാണ് ആ നടിയോട് പെരുമാറിയത്. എന്നെ അത് വേദനിപ്പിച്ചു. ഒരു ആങ്കർക്ക് എന്തിനാണ് ഇത്രയും നല്ല ഡ്രസ് എന്ന ചിന്തയാണ് അവിടെ കണ്ടത്. അത് ശരിക്കും വേദനിപ്പിച്ചു – ദിവ്യദർശിനി പറയുന്നു.
അതേ സമയം ഇത് കോഫി വിത്ത് ഡിഡിയിൽ അല്ലെന്നും ദിവ്യ ദർശിനി പറയുന്നുണ്ട്. എന്നാൽ സോഷ്യൽ മീഡിയ ഇത് നയൻതാരയാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. കണക്ട് എന്ന ചിത്രത്തിൻറെ പ്രമോഷൻ അഭിമുഖത്തിൽ നയൻതാരയുടെ ഇൻറർവ്യൂ എടുത്തിരുന്നു. അന്ന് നയൻസും, ഡിഡിയും ഏതാണ്ട് ഒരേ വസ്ത്രമാണ് ഇട്ടിരുന്നത് എന്ന് അന്നത്തെ ചിത്രങ്ങൾ അടക്കം പലരും പോസ്റ്റ് ചെയ്യുന്നത്. എന്തായാലും നയൻതാരയുമായി ബന്ധപ്പെട്ടവർ ഒന്നും പ്രതികരണം നടത്തിയിട്ടില്ല. ദിവ്യ ദർശിനിയും ആരാണ് ഹീറോയിൻ എന്ന് വെളിപ്പെടുത്തിയിട്ടും ഇല്ല. അതേ സമയം നടി മാളവിക മോഹനൻ മുൻപ് നയൻതാരയെക്കുറിച്ച് നടത്തിയ പ്രസ്താവനയിൽ നയൻതാര പ്രതികരിച്ചത് ഇതേ അഭിമുഖത്തിലാണ് എന്നത് ശ്രദ്ധേയമാണ്. ഇരൈവനാണ് നയൻതാരയുടെ അവസാനം ഇറങ്ങിയ ചിത്രം ജയം രവിയാണ് ചിത്രത്തിലെ നായകൻ.






