Movie

മമ്മൂട്ടിയുടെ ഹിറ്റ് തെലുങ്ക് ചിത്രം ‘യാത്ര’ രണ്ടാം ഭാഗം, സുരേഷ് ഗോപി- ബിജു മേനോൻ ചിത്രം ‘ഗരുഡന്‍’ നസ്ലെൻ നായകനായ ‘ഐ ആം കാതലന്‍’ തീയറ്ററുകളിലേയ്ക്ക്: ആസിഫ് അലിയുടെ ‘കാസര്‍ഗോള്‍ഡ്’ ഒ. ടി. ടിയില്‍

     മമ്മൂട്ടിയുടെ ഹിറ്റ് തെലുങ്ക് ചിത്രം ‘യാത്ര’യുടെ രണ്ടാം ഭാഗം അടുത്ത വര്‍ഷം ഫെബ്രുവരി 8ന് റിലീസ് ചെയ്യും. നടന്‍ ജീവ ആണ് ചിത്രത്തില്‍ നായകനാകുന്നത്. മമ്മൂട്ടി വൈ.എസ് രാജശേഖര റെഡ്ഡി ആയാണ് യാത്രയില്‍ വേഷമിട്ടത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ നിലവിലെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ കഥയാണ് പറയുക. യാത്ര 2ലും മമ്മൂട്ടി വൈഎസ്ആര്‍ ആയി തന്നെയെത്തും. മഹി വി രാഘവ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡിയായിട്ടാണ് ജീവ എത്തുന്നത്. യാത്രയില്‍ മമ്മൂട്ടിക്കൊപ്പം സുഹാസിനി, ജഗപതി ബാബു, റാവു രമേഷ്, അനസൂയ ഭരദ്വാജ്, സച്ചിന്‍ ഖെഡേകര്‍, വിജയചന്ദര്‍, തലൈവാസല്‍ വിജയ്, സൂര്യ, രവി കലേ, ദില്‍ രമേഷ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ വേഷമിട്ടിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചത് സത്യന്‍ സൂര്യനാണ്.

സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ‘ഗരുഡന്‍’ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ റിലീസ് ചെയ്തു. ചിത്രം നവംബര്‍ ആദ്യവാരം തിയേറ്ററുകളില്‍ എത്തും. അരുണ്‍ വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുന്‍ മാനുവല്‍ തോമസ് ‘അഞ്ചാം പാതിര’ക്ക് ശേഷം തിരക്കഥ രചിച്ച ‘ഗരുഡന്‍’ നീതിക്ക് വേണ്ടി പോരാടുന്ന ഒരു പൊലീസ് ഓഫീസറുടെയും കോളജ് പ്രൊഫസറുടെയും ജീവിതത്തിലൂടെ കടന്നു പോകുന്ന കഥയാണ്. സിദ്ദിഖ്, ദിലീഷ് പോത്തന്‍, ജഗദീഷ്, അഭിരാമി, ദിവ്യ പിള്ള, തലൈവാസല്‍ വിജയ്, അര്‍ജുന്‍ നന്ദകുമാര്‍, മേജര്‍ രവി, ബാലാജി ശര്‍മ, സന്തോഷ് കീഴാറ്റൂര്‍, രഞ്ജിത്ത് കങ്കോല്‍, ജയ്‌സ് ജോസ്, മാളവിക, ജോസുകുട്ടി, ചൈതന്യ പ്രകാശ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. 11 വര്‍ഷത്തിന് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ്.

Signature-ad

മലയാളത്തിലെ യുവ താരനിരയില്‍ ശ്രദ്ധേയനായ നസ്ലെൻ നായകനായ ‘ഐ ആം കാതലന്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വന്നു. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ഐ ആം കാതലന്‍’. ഡോ. പോള്‍സ് എന്റര്‍ടെയിന്മെന്റസിന്റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ്, കൃഷ്ണമൂര്‍ത്തി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ടിനു തോമസാണ് സഹനിര്‍മാതാവ്. അനിഷ്മയാണ് ചിത്രത്തിലെ നായിക. ദിലീഷ് പോത്തന്‍, ലിജോമോള്‍, ടി ജി രവി, സജിന്‍, വിനീത് വാസുദേവന്‍, വിനീത് വിശ്വം തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. ‘നെയ്മര്‍’ ആണ് നസ്ലെന്റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

ബി. ടെക് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയെ നായകനാക്കി മൃദുല്‍ നായര്‍ സംവിധാനം ചെയ്ത ‘കാസര്‍ഗോള്‍ഡ്’ ഒക്ടോബര്‍ 13 മുതല്‍ ഒ. ടി. ടിയില്‍ കാണാം. നെറ്റ്ഫ്ലിക്സിനാണ് ചിത്രത്തിന്റെ ഒ.ടി.ടി സംപ്രേക്ഷണാവകാശം. ആസിഫ് അലിയെ കൂടാതെ സണ്ണി വെയ്ന്‍, വിനായകന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിട്ടുണ്ട്. സിദ്ദിഖ്, ധ്രുവന്‍, അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, സമ്പത്ത് റാം, സാഗര്‍ സൂര്യ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. സജിമോന്‍ പ്രഭാകര്‍ തിരക്കഥയും സംഭാഷണവും രചിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം ജെബില്‍ ജേക്കബാണ് . സെപ്റ്റംബര്‍ 15 നാണ് ചിത്രം തീയറ്ററുകളിൽ എത്തിയത്.

Back to top button
error: