KeralaNEWS

വനം വന്യജീവി ഫോട്ടോഗ്രാഫി മത്സരഫലം അറിയിപ്പുകളില്ലാതെ അസാധുവാക്കിയതായി പരാതി; വിജയികളെ പ്രഖ്യാപിച്ച്, മത്സരഫലം വനം വകുപ്പിന്‍റെ സൈറ്റില്‍ പ്രസിദ്ധീകരിച്ച ശേഷമായിരുന്നു നടപടി

തിരുവനന്തപുരം: വനം വന്യജീവി വാരാഘോഷത്തോട് അനുബന്ധിച്ച് കേരള വനം വകുപ്പ് നടത്തിയ വനം വന്യജീവി ഫോട്ടോഗ്രാഫി മത്സരഫലം മറ്റ് അറിയിപ്പുകളൊന്നുമില്ലാതെ വനം വകുപ്പ് അസാധുവാക്കിയതായി പരാതി. വിജയികളെ പ്രഖ്യാപിച്ച്, മത്സരഫലം വനം വകുപ്പിന്‍റെ സൈറ്റില്‍ പ്രസിദ്ധീകരിച്ച ശേഷമാണ് മത്സരഫലം ഒഴിവാക്കിയതായി അവാര്‍ഡ് ജേതാക്കള്‍ക്ക് വിവരം ലഭിക്കുന്നത്. ഞായറാഴ്ച കോഴിക്കോട് വച്ച് സമ്മാനദാനം നിര്‍വഹിക്കേണ്ടിയിരുന്നെങ്കിലും ശനിയാഴ്ച വൈകുന്നേരത്തോടെയാണ് മത്സരഫലം റദ്ദാക്കിയതായി വിജയികള്‍ക്ക് അറിയിപ്പ് ലഭിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച് മറ്റ് അറിയിപ്പുകളൊന്നും വനം വകുപ്പ് പുറത്തിറക്കിയിട്ടുമില്ല. മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച ചിത്രത്തെ ചൊല്ലി സാമൂഹിക മാധ്യമങ്ങളിലും ഫോട്ടോഗ്രാഫി കൂട്ടായ്മകളിലും ഉടലെടുത്ത വിവാദമാണ് മത്സരഫലം ഒഴിവാക്കാന്‍ കാരണം.

മത്സരഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ഒന്നാം സ്ഥാനം ലഭിച്ച ചിത്രത്തെ ചൊല്ലി പരാതികള്‍ ഉയര്‍ന്നു. മരിച്ച് കിടക്കുന്ന അമുർ ഫാൽക്കണിനെ ബ്ലാക്ക് വിംഗ്ഡ് കൈറ്റ് തിന്നാന്‍ ശ്രമിക്കുമ്പോള്‍ മറ്റൊരു അമുർ ഫാൽക്കണ്‍ ബ്ലാക്ക് വിംഗ്ഡ് കൈറ്റിനെ തടയുന്നതായിരുന്നു ഒന്നാം സമ്മാനം ലഭിച്ച ചിത്രം. തൃശ്ശൂര്‍ കോള്‍പാടത്ത് നിന്നും പകര്‍ത്തിയതാണ് അത്യപൂര്‍വ്വതയുള്ള ഈ ചിത്രം. പറന്ന് പോകുന്ന മറ്റ് പക്ഷികളെ വായുവില്‍ വച്ച് തന്നെ അക്രമിക്കാന്‍ കെല്‍പ്പുള്ള പക്ഷിയാണ് അമുർ ഫാൽക്കണ്‍. കേരളത്തിലേക്ക് അപൂര്‍വ്വമായി മാത്രം ദേശാടനത്തിനെത്തുന്ന പക്ഷിയാണ് അമുർ ഫാൽക്കണ്‍ എന്നത് ചിത്രത്തിന്‍റെ പ്രാധാന്യം ഉയര്‍ത്തുന്നു. പക്ഷികളുടെ ഈ അപൂര്‍വ്വ സംഗമത്തിന്‍റെ ചിത്രങ്ങളാണ് അവാര്‍ഡിനായി ലഭിച്ചിരുന്നത്.

Signature-ad

മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചത് ജയരാജ് ടി പി എന്ന ഫോട്ടോഗ്രാഫര്‍ക്കായിരുന്നു. എന്നാല്‍, ചിത്രങ്ങള്‍ സ്റ്റേജ്ഡ് ആണെന്ന് വ്യക്തമാക്കിക്കൊണ്ട് സമാന ചിത്രങ്ങളുമായി രന്‍ജീത്ത് മേനോന്‍ എന്ന ഫോട്ടോഗ്രാഫര്‍ ജനുവരിയില്‍ പ്രസിദ്ധപ്പെടുത്തിയ ബ്ലോഗിന്‍റെ വിവരങ്ങള്‍ മത്സരഫലം പ്രഖ്യാപിച്ചതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിലും ഫോട്ടോഗ്രഫി കൂട്ടായ്മകളിലും പങ്കുവയ്ക്കപ്പെട്ടതോടെ വിവാദം കൊഴുത്തു. വനം വകുപ്പ് നടത്തുന്ന ഫോട്ടോഗ്രാഫി മത്സരങ്ങള്‍ക്ക് അയക്കുന്ന ചിത്രങ്ങള്‍ സ്റ്റേജ്ഡ് ആകരുതെന്ന് നിയമമുണ്ട്. വിവാദം ഉയര്‍ന്നതിന് പിന്നാലെ പരാതികളും ഉയര്‍ന്നു. ഇതോടെ മറ്റ് അറിയിപ്പുകളൊന്നും കൂടാതെ വനം വകുപ്പ് ഫോട്ടോഗ്രാഫി മത്സരഫലം റദ്ദാക്കിയെന്ന് ശനിയാഴ്ച വൈകുന്നേരത്തോടെ അവാര്‍ഡ് ലഭിച്ച മറ്റ് ഫോട്ടോഗ്രാഫര്‍മാരെ അറിയിക്കുകയായിരുന്നു. എന്നാല്‍, മത്സരഫലം റദ്ദാക്കിയത് സംബന്ധിച്ച അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് വനം വകുപ്പ് പിആര്‍ഒയും പറയുന്നു. മത്സര നടത്തിപ്പിന്‍റെ ചുമതലയുണ്ടായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും മത്സരഫലം റദ്ദാക്കിയതിന്‍റെ കാരണമറിയില്ലെന്നാണ് ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ കഴിഞ്ഞത്.

നിലവില്‍ വനം വകുപ്പിന്‍റെ സൈറ്റില്‍ ഷോട്ട് ഫിലിം, വാട്ടര്‍ കളര്‍ പേയിന്‍റിംഗ്, പെന്‍സില്‍ ഡ്രോയിംഗ്, പ്രബന്ധമത്സരം, ട്രാവലോഗ് (മലയാളം, ഇംഗ്ലീഷ്), പോസ്റ്റര്‍ ഡിസൈനിംഗ് മത്സര ഫലങ്ങളുണ്ടെങ്കിലും വനം വകുപ്പിന്‍റെ ഏറ്റവും പ്രധാനപ്പെട്ട മത്സരമായ ഫോട്ടോഗ്രാഫി മത്സരഫലം മാത്രമില്ല. സെ​പ്റ്റം​ബ​ർ 20 മു​ത​ൽ 30 വ​രെ​യാ​യി​രു​ന്നു മ​ത്സ​ര​ത്തി​നാ​യി വനം വകുപ്പ് ഫോ​ട്ടോ​ക​ൾ ക്ഷ​ണി​ച്ചി​രു​ന്ന​ത്. ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ​ക്ക് അ​ഞ്ച് ഫോ​ട്ടോ​ഗ്രാ​ഫു​ക​ൾ വ​രെ സ​മ​ർ​പ്പി​ക്കാ​ന​വ​സ​രം ന​ൽ​കി​യി​രു​ന്നു. മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച പടത്തെ ചൊല്ലിയുള്ള പരാതിയാണ് ഫലം അസാധുവാക്കാന്‍ കാരണമായി അറിയുന്നത്. മത്സരഫലം പ്രഖ്യാപിച്ചതിന് പിന്നാലെ അവര്‍ഡ് വിജയികള്‍ തങ്ങളുടെ അവാര്‍ഡ് ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവാദം ഉയര്‍ന്നത്.

Back to top button
error: