മംഗ്‌ളുറു: പരീക്ഷയിൽ മാര്‍ക്ക് കുറഞ്ഞതില്‍ പ്രകോപിതയായി ആറാം ക്ലാസ് വിദ്യാര്‍ഥിനി അധ്യാപികയുടെ കുപ്പിവെള്ളത്തില്‍ കാലഹരണപ്പെട്ട ഗുളികകള്‍ കലര്‍ത്തിയതായി പൊലീസ് പറഞ്ഞു. ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സംഭവം. തനിക്ക് ശരിയായ ഉത്തരങ്ങള്‍ക്ക് പ്രതീക്ഷിച്ച മാർക്ക് ലഭിച്ചില്ല എന്നതാണ് വിദ്യാര്‍ഥിനിയെ രോഷാകുലയാക്കിയത്.
വെള്ളം കുടിച്ച അധ്യാപികയ്ക്കും സഹപ്രവര്‍ത്തകയ്ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെണ്‍കുട്ടി ഒരു സഹപാഠിയോടൊപ്പം കുപ്പിവെള്ളത്തില്‍ ഗുളികകള്‍ വയ്ക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. കണക്ക് അധ്യാപികയോടുള്ള പ്രതികാര നടപടിയാണെന്ന് പറഞ്ഞ് രണ്ട് പെണ്‍കുട്ടികളും തങ്ങളുടെ കുറ്റം സമ്മതിച്ചു. പെണ്‍കുട്ടി അവളുടെ വീട്ടില്‍ നിന്നാണ് ഗുളികകള്‍ കൊണ്ടുവന്നത്. അര്‍ധ വാര്‍ഷിക പരീക്ഷയില്‍ ശരിയായ ഉത്തരത്തിന് പോലും കുറഞ്ഞ മാര്‍ക്ക് ലഭിച്ചതിനാണ് താനും സഹപാഠിയും ഇത്തരമൊരു പ്രവൃത്തി ചെയ്തത്’, ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
‘ഭക്ഷണത്തിനിടെ വെള്ളം കുടിച്ച ഗണിതശാസ്ത്ര അധ്യാപികയ്ക്ക് ഛര്‍ദിയും തലകറക്കവും അനുഭവപ്പെട്ടപ്പോള്‍ അതേ കുപ്പിയില്‍ നിന്ന് കുടിച്ച മറ്റൊരു അധ്യാപികയ്ക്ക് മുഖത്ത് വീക്കവും അനുഭവപ്പെട്ടു. സ്റ്റാഫ്റൂമിലെ മറ്റ് അധ്യാപകര്‍ കുപ്പിവെള്ളത്തില്‍ അലിയാത്ത ഗുളികകളും പ്രത്യേക ദുര്‍ഗന്ധവും കണ്ടതിനെത്തുടര്‍ന്ന് അധ്യാപകരെ ഉടന്‍ തന്നെ ഉള്ളാലിലെ സര്‍കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി’, ഹെഡ്മാസ്റ്റര്‍ പറഞ്ഞു.
വിദ്യാര്‍ഥിനികളുടെ ഭാവിക്ക് ദോഷകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പെണ്‍കുട്ടികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നില്ലെന്നും കൗണ്‍സിലിംഗിന് നിര്‍ദ്ദേശിച്ചതായും മംഗ്‌ളുറു പൊലീസ് കമ്മീഷണര്‍ അറിയിച്ചു.