ഇന്ത്യൻ ശതകോടീശ്വരനും ഖനന വ്യവസായിയുമായ ഹര്‍പാല്‍ രാന്ധവയും മകൻ അമേര്‍ കബീര്‍ സിങ് രാന്ധവയും ഉള്‍പ്പെടെ ആറ് പേര്‍ സിംബാബ്‌വെയില്‍ ഉണ്ടായ വിമാനാപകടത്തിൽ മരിച്ചു.
മുറോവ വജ്ര ഖനിക്ക് സമീപം ഇവര്‍ സഞ്ചരിച്ചിരുന്ന ഒറ്റ എഞ്ചിൻ സ്വകാര്യ വിമാനം തകര്‍ന്നുവീഴുകയായിരുന്നു. മഷാവയിലെ സ്വമഹാൻഡെ എന്ന പ്രദേശത്താണ് വിമാനം തകര്‍ന്നുവീണത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ എല്ലാവരും മരിച്ചതായാണ് റിപ്പോർട്ട്.
റിയോസിം എന്ന ഖനന കമ്ബനിയുടെ ഉടമയാണ് ബില്യണയറായ ഹര്‍പാല്‍ രാന്ധവ. സ്വര്‍ണ്ണവും കല്‍ക്കരിയും ഉത്പാദിപ്പിക്കുന്ന റിയോസിമ്മിന് നിക്കല്‍, കോപ്പര്‍ എന്നിവയുടെ റിഫൈനിങ്ങുമുണ്ട്. റിയോസിമിന്റെ ഉടമസ്ഥതയിലുള്ള സെസ്‌ന 206 (Cessna 206) വിമാനത്തിലാണ് ഖനന വ്യവസായിയും മകനും യാത്ര ചെയ്തിരുന്നത്. വെള്ളിയാഴ്ച ഹരാരെയില്‍ നിന്ന് റിയോസിമിന്റെ ഭാഗിക ഉടമസ്ഥതയിലുള്ള മുറോവ വജ്രഖനിയിലേക്ക് പോകുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നത്.