ഒരച്ഛന്റെ കണ്ണീരും രണ്ടു മക്കളുടെ കഠിനാദ്ധ്വാനവും സഫലമായി, അപൂർവതകൾ സമന്വയിച്ച മമ്മൂട്ടിയുടെ ‘കണ്ണൂർ സ്ക്വാഡ്’ വൻ വിജയത്തിലേയ്ക്ക്
പഴയ കഥയാണ്. 34 വർഷം മുമ്പ്, 1989 ലാണ് ജോഷി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘മഹായാനം’ റിലീസ് ചെയ്തത്. സി.ടി രാജനാണ് ചിത്രത്തിന്റെ നിർമാതാവ്. മികച്ച നിരൂപക പ്രശംസ നേടിയെങ്കിലും സിനിമയ്ക്ക് ബോക്സ് ഓഫീസ് വിജയം നേടാൻ സാധിച്ചില്ല. നിർമാതാവിന് സാമ്പത്തികമായി വൻ നഷ്ട സംഭവിച്ചു. കടക്കെണിയിൽ പെട്ട് ചലച്ചിത്ര നിർമാണം തന്നെ അദ്ദേഹം ഉപേക്ഷിച്ചു.
സിനിമ തിക്താനുഭവം സമ്മാനിച്ച സി.ടി രാജന്റെ മക്കളാണ് ഇന്ന് വിജയ കിരീടം ചൂടിനിൽക്കുന്ന ‘കണ്ണൂർ സ്ക്വാഡി’ന്റെ ശില്പികളായ റോബിയും റോണിയും.
തീയേറ്ററുകളെ ഇളക്കി മറിച്ച് മുന്നോട്ടു കുതിക്കുകയാണ് ഈ മമ്മൂട്ടി ചിത്രം. റോബി വർഗീസ് രാജിന്റെ ആദ്യ സംവിധാന സംരംഭം കൂടിയായ ‘കണ്ണൂർ സ്ക്വാഡി’ന് തിരക്കഥയൊരുക്കിയത് റോബിയുടെ സഹോദരനും നടനുമായ റോണി ഡേവിഡ് രാജാണ്. ചിത്രം ഒരു അപൂർവതയ്ക്കും കാരണമായിരിക്കുകയാണ്.
മമ്മൂട്ടിയുടെ ‘മഹായാന’ത്തിന്റെ നിർമാതാവ് സി.ടി രാജന്റെ മക്കളാണ് റോബിയും റോണിയും എന്ന ഹൃദയാവർജ്ജകമായ കഥ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്
സംവിധായകനായ റോബി വർഗീസ് രാജിന്റെ ഭാര്യ ഡോ. അഞ്ജു മേരിയാണ്. റോണിക്കും റോബിക്കുമൊപ്പമുള്ള അച്ഛൻ സി.ടി രാജന്റെ ചിത്രം ഉൾപ്പെടുത്തിയാണ് അഞ്ജു തന്റെ കുറിപ്പ് പ്രസിദ്ധീകരിച്ചത്. ജീവിതവൃത്തം പൂർത്തിയാവുന്നു എന്നാണ് ഇതിനെ ഡോ. അഞ്ജു വിശേഷിപ്പിച്ചത്.
‘‘ഈ ചിത്രം പോസ്റ്റ് ചെയ്യാനായതിൽ ഒരുപാട് സന്തോഷം. ഒരുപാട് സ്നേഹവും സമ്മിശ്ര വികാരങ്ങളും. 1989ൽ മമ്മൂട്ടി നായകനായ ‘മഹായാനം’ എന്ന ചിത്രം നിർമിച്ചത് പപ്പയാണ്. സിനിമ നിരൂപക പ്രശംസ നേടിയെങ്കിലും, അത് അദ്ദേഹത്തിന് വലിയ സാമ്പത്തിക നഷ്ടം വരുത്തി. ഒടുവിൽ നിർമാണം തന്നെ ഉപേക്ഷിക്കേണ്ടി വന്നു. എന്നാൽ അദ്ദേഹത്തിന്റെ സിനിമകളോടുള്ള ഇഷ്ടം പിൻതലമുറ നന്നായി മുന്നോട്ടു കൊണ്ടുപോയി. 34 വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ മൂത്ത മകൻ റോണി തിരക്കഥയെഴുതി, ഇളയവൻ റോബി സംവിധാനം ചെയ്തത് അതേ മെഗാസ്റ്റാർ മമ്മൂട്ടിയെ വച്ച്…!ജീവിതവൃത്തം പൂർത്തിയാവുന്നു.’’ ഡോ. അഞ്ജു കുറിച്ചു.
ഗ്രേറ്റ്ഫാദർ, വെള്ളം, ജോൺ ലൂഥർ തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു റോബി വർഗീസ് രാജ്. 2006ൽ പുറത്തിറങ്ങിയ ‘പച്ചക്കുതിര’യിലൂടെയാണ് റോണി ഡേവിഡ് രാജ് സിനിമയിലെത്തിയത്. റോണി തിരക്കഥയെഴുതിയ ആദ്യചിത്രമാണ് കണ്ണൂർ സ്ക്വാഡ്. മുഹമ്മദ് ഷാഫിക്കൊപ്പമാണ് അദ്ദേഹം ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. കണ്ണൂർ സ്ക്വാഡിലെ അംഗമായ ജയൻ എന്ന കഥാപാത്രം അവതരിപ്പിച്ചതും റോണിയാണ്.
ആദ്യ പ്രദർശനം കണ്ടിറങ്ങിയ റോണി നിറകണ്ണുകളോടെയാണ് മാധ്യമങ്ങൾക്കു മുന്നിൽ എത്തിയത്.
‘ജീവിതത്തിലെ ഏറ്റവും നല്ല നിമിഷമാണിത്. കഴിഞ്ഞ നാലര വർഷത്തെ അധ്വാനമാണ് ഈ സിനിമ. എഴുതിയതിനും മുകളിൽ ഈ സിനിമ മേക്ക് ചെയ്തിട്ടുണ്ട്. സാധാരണക്കാരായ പൊലീസുകാരുടെ കഥയാണ് ‘കണ്ണൂർ സ്ക്വാഡ് പറയുന്നത്. അഞ്ചാറ് മാസം നീണ്ട പോസ്റ്റ് പ്രൊഡക്ഷൻ. എല്ലാവരുടെയും അധ്വാനമാണ്.’ റോണി ഡേവിഡ് പറഞ്ഞു.
മുൻ കണ്ണൂർ എസ്പി എസ്. ശ്രീജിത്ത് രൂപീകരിച്ച കണ്ണൂർ സ്ക്വാഡിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. പൊലീസ് ഉദ്യോഗസ്ഥരെ നേരിൽ കണ്ട് വിവരങ്ങൾ തേടിയായിരുന്നു റോണിയും മുഹമ്മദ് ഷാഫിയും സ്ക്രിപ്റ്റ് തയാറാക്കിയത്.