കൊച്ചി: സംസ്ഥാനത്ത് എയര്‍ഗണ്‍ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു. മലയാളി തോക്കെടുത്തതോടെ ഈ വര്‍ഷം മാത്രം സംസ്ഥാനത്ത് ഉണ്ടായത് 6 എയര്‍ഗണ്‍ ആക്രമണങ്ങളാണ്. മൂന്ന് പേരാണ് ഈ വര്‍ഷം എയര്‍ഗണ്ണില്‍ നിന്നുള്ള വെടിയേറ്റ് കേരളത്തില്‍ കൊല്ലപ്പെട്ടത്. ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് എയര്‍ഗണ്ണുകളുടെ വില്പനയില് ഉണ്ടായത് വന്‍ വര്‍ധന. ഇതോടൊപ്പം എയര്‍ഗണ്‍ ആക്രമണങ്ങളും സംസ്ഥാനത്ത് കൂടുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2022 ലും അഞ്ചിലേറെ എയര്‍ഗണ്‍ ആക്രമണങ്ങളുണ്ടായിട്ടുണ്ട്.
മേയ് 30 നാണ് സംസ്ഥാനത്തെ ഈ വര്‍ഷത്തെ ആദ്യ എയര്‍ഗണ്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്. ആലപ്പുഴ ചേര്‍ത്തലയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുളള ഏറ്റുമുട്ടലില്‍ രഞ്ജിത്ത് എന്നയാള്‍ക്കാണ് വെടിയേറ്റത്. ജൂലൈ 29, വയനാട് കന്പളക്കാട് ചൂരത്തൊട്ടിയില്‍ എയര്‍ഗണ്ണുപയോഗിച്ച് മൂന്നുപേരെ വെടിവച്ച ബിജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. റോഡിലൂടെ നടന്നു പോവുകയായിരുന്ന മലങ്കര പണിയ കോളനിയിലെ യുവാവിനു നേരെ ബിജു വെടിയുതിര്‍ക്കുകയായിരുന്നു.
ശബ്ദം കേട്ട് ഓടിയെത്തിയ സ്ത്രീ ഉള്‍പ്പെടെ മറ്റു രണ്ടുപേര്‍ക്കു നേരെയും പ്രതി വെടിയുതിര്‍ത്തു. മാനസിക പ്രശ്നങ്ങളുള്ള ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെടിയേറ്റ മൂന്നു പേരും പരിക്കുകളോടെ രക്ഷപ്പെട്ടു. ഓഗസ്റ്റ് 27, മലപ്പുറം പൊന്നാനി പെരുമ്പടപ്പില്‍ സുഹൃത്തിന്റെ എയര്‍ഗണ്ണില്‍ നിന്നും അബദ്ധത്തില്‍ വെടിയേറ്റ് ആമയം സ്വദേശി ഷാഫി കൊല്ലപ്പെട്ടു. സുഹൃത്തായ സജീവന് എയര്‍ഗണ്‍ ഉപയോഗിക്കേണ്ട വിധം പഠിപ്പിക്കുന്നതിനടെ അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു.
തൊട്ടടുത്ത ദിവസം ഓഗസ്റ്റ് 28 ന്, ആലപ്പുഴ പളളിപ്പാട് വിമുക്തഭടനന് ബന്ധുവിനെ എയര്ഗണ കൊണ്ട് വെടിവെച്ച് കൊന്നു. കുടുംബ തര്‍ക്കങ്ങളായിരുന്നു കാരണം. ഒരു മാസം തികയും മുന്‍പ് സെപ്റ്റംബര്‍ 18 ന് കണ്ണൂര്‍ പാനൂരില്‍ മദ്യലഹരിയില്‍ വീട്ടിലെത്തിയ പിതാവ് സ്വന്തം മകനെ വെടിവെച്ചു. വന്യമൃഗങ്ങളെ തുരത്താന്‍ സൂക്ഷിച്ച എയര്‍ഗണ്ണാണ് വില്ലനായത്. പരിക്കേറ്റെങ്കിലും മകന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
പത്തു ദിവസങ്ങള്‍ക്കിപ്പുറമാണ് ഇന്നലെ ആലുവയില്‍ സ്വന്തം സഹോദരനെ ഹൈക്കോടതി ജീവനക്കാരന് കൊലപ്പെടുത്തിയത്. ഹൈക്കോടതി ജീവനക്കാരനായ തോമസ് എയര്‍ഗണ്‍ ഉപോയോഗിച്ചാണ് ജ്യേഷ്ഠന് പോള്‍സനെ കൊലപ്പെടുത്തിയത്.വീട്ടില്‍ ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലെത്തിയത്. അര്‍ബുദ രോഗിയും മാനസിക പ്രശ്നങ്ങളുമുള്ള പോള്സന് അച്ഛനുമായും അനുജനുമായും തര്‍ക്കം പതിവായിരുന്നു. ഇന്നലെയും പ്രശ്നം ഉണ്ടായി. പിന്നാലെ എയര്‍ഗണ്‍കൊണ്ട് സഹോദരനെ വെടിവെയ്ക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം തോമസ് തന്നെയാണ് പൊലീസിനെ വിളിച്ച് വിവരമറിയിച്ചത്.