കണ്ണൂര്: ഇന്ധന കള്ളകടത്തിനെ തുടര്‍ന്ന് നട്ടൊല്ലൊടിഞ്ഞ കണ്ണൂരിലെ പെട്രോള്‍ പമ്പ് ഉടമകള്‍ പ്രക്ഷോഭമാരംഭിക്കുന്നു. അയല്‍പ്രദേശങ്ങളായ മാഹിയില്‍ നിന്നുംകര്‍ണാടകയില്‍ നിന്നും അതിര്‍ത്തിയിലൂടെയുളള ഇന്ധനക്കടത്ത് തടയുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ഡിസ്ട്രിക്റ്റ് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ 200 ല്‍ പരം പമ്പുകള്‍ സെപ്തംബര്‍ മുപ്പതിന് രാവിലെ ആറ് മണിമുതല്‍ 24 മണിക്കൂര്‍ അടച്ചിട്ട് പ്രതിഷേധിക്കും. പമ്പുകള്‍ അടച്ചിടുന്നതോടൊപ്പം കമ്പനികളില്‍ നിന്ന് ഇന്ന് ഇന്ധനം ബഹിഷ്‌കരിക്കുകയും ചെയ്യും.
അനധികൃത ഇന്ധനക്കടത്ത് തടയാന്‍ പൊലിസിനോ മറ്റുവകുപ്പുകള്‍ക്കോ കഴിയുന്നില്ല.രാത്രികാലങ്ങളിലാണ് അതിര്‍ത്തിവഴി മാഹിയില്‍ നിന്നും വന്‍തോതില്‍ ഇന്ധനമെത്തുന്നത്. സര്‍ക്കാരിന് നികുതിയിനത്തില്‍ ലഭിക്കേണ്ട കോടികളാണ് ഇതുവഴി നഷ്ടമാകുന്നതെന്ന് പേട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ്‌ക്ളബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു
റെയ്ഡ് നടത്താന്‍ ആള്‍ക്ഷാമമാണ് പൊലിസും ജി.എസ്.ടി വകുപ്പും ചൂണ്ടിക്കാട്ടുന്നത്. നിങ്ങള്‍ പിടിച്ചുതരൂ ഞങ്ങള്‍അറസ്റ്റു ചെയ്യാമെന്നാണ് അവര്‍ പറയുന്നത്. അങ്ങനെയാണെങ്കില്‍ ഈ സംവിധാനങ്ങളുടെയൊന്നുംആവശ്യമില്ലല്ലോ…? അര്‍ധരാത്രിയില്‍ മാഹിയിലെ ചില പമ്പുകളില്‍ നിന്നും ടാങ്കര്‍ലോറിയില്‍ കളളക്കടത്തു നടത്തുന്നതിനായി ഇന്ധനം കയറ്റുന്നതിന്റെവീഡിയോയടക്കം മാധ്യമങ്ങളില്‍ വന്നതാണ്. എന്നാല്‍ ഇതിനെതിരെ നടപടിയെടുക്കാന്‍ പൊലിസ് തയ്യാറാകുന്നില്ല.
എപ്പോഴെങ്കിലും ചില വാഹനങ്ങള്‍ പിടികൂടുകയല്ലാതെ ശാശ്വതപരിഹാരമുണ്ടാക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുളളത്. ഇന്ധനക്കടത്ത് കാരണം കണ്ണൂര്‍ ജില്ലയിലെ പമ്പുകള്‍ ഓരോന്നായി പൂട്ടിക്കൊണ്ടിരിക്കുന്നു. നിരവധി തൊഴിലാളികള്‍ ഇതുകാരണം പെരുവഴിയിലാകും. മുന്‍കൂട്ടി പണമിടച്ചിട്ടാണ് ഓരോപമ്പുകളിലും ലോഡിറക്കുന്നത്. പെട്രോള്‍ പമ്പുകള്‍ നടത്തിപ്പിനായുളള ചെലവുകള്‍ ഇപ്പോള്‍ ഇരട്ടിയിലായിട്ടുണ്ട്. ഓരോ പമ്പുകളും എങ്ങനെയാണ് മുന്‍പോട്ടുകൊണ്ടു പോകുന്നതെന്ന് സര്‍ക്കാര്‍ ഇതുവരെ മനസിലാക്കിയിട്ടില്ല. ഇതുകാരണം മാനദണ്ഡം പാലിക്കാതെ അടുത്തടുത്തായി പുതുതായി പമ്പുകള്‍ക്ക് അനുമതി നല്‍കിയിരിക്കുകയാണ്.
മാഹിയിൽ നിലവിൽ പെട്രോളിന് 15 രൂപയുടെയും ഡീസലിന് 13 രൂപയുടെയും വിലക്കുറവുണ്ട്. പെട്രോളിന് 93.80 രൂപയും ഡീസലിന് 83.72 രൂപയുമാണ് ഇവിടെ വില. കേവലം ഒൻപതു ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണമുളള മാഹിയിൽ 16 പെട്രോൾ പമ്പുകളുണ്ട്. അരഡസനോളം പുതിയ പമ്പുകൾ അനുവദിക്കാൻ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.