KeralaNEWS

വിറയല്‍ കാരണം ചോദ്യംചെയ്യല്‍ നിര്‍ത്തിവെച്ചന്ന് ഇ.ഡി; ആരോഗ്യപ്രശ്നങ്ങളില്ലെന്ന് എം.കെ കണ്ണന്‍

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യലിനിടെ കേരള ബാങ്ക് വൈസ് ചെയര്‍മാന്‍ എം.കെ. കണ്ണന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ചോദ്യംചെയ്യല്‍ ഇന്നത്തേക്ക് അവസാനിപ്പിച്ചു. ചോദ്യംചെയ്യാനായി വീണ്ടും നോട്ടീസ് നല്‍കും.

എം.കെ. കണ്ണന്‍ പ്രസിഡന്റായ തൃശ്ശൂര്‍ സഹകരണ ബാങ്കില്‍, കരുവന്നൂര്‍ കള്ളപ്പണക്കേസിലെ മുഖ്യപ്രതിയായ പി. സതീഷ്‌കുമാറിന് വന്‍ നിക്ഷേപമുണ്ടെന്നും ആര്‍.ബി.ഐ. ചട്ടത്തിന് വിരുദ്ധമായി ഒരുദിവസം തന്നെ വലിയ തുകയുടെ ഇടപാട് നടത്തിയെന്നടക്കം ഇ.ഡി. പറയുന്നു. ഇതിന്റെയടക്കം വിവരങ്ങള്‍ ഇ.ഡി. കണ്ണനില്‍നിന്ന് തേടി. അഭിഭാഷകയ്ക്കൊപ്പമായിരുന്നു കണ്ണന്‍ ചോദ്യംചെയ്യലിന് ഹാജരായത്.

Signature-ad

അതേസമയം, തനിക്ക് നല്ല ആരോഗ്യമുണ്ടെന്നും യാതൊരു പ്രശ്നവുമില്ലെന്നും ചോദ്യംചെയ്യല്‍ അവസാനിപ്പിച്ച് ഇറങ്ങിയ കണ്ണന്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. ചോദ്യംചെയ്യല്‍ പൂര്‍ത്തികരിച്ചുവെന്ന് പറയാന്‍ കഴിയില്ലെന്നും എപ്പോള്‍ വിളിച്ചാലും വരണ്ടേയെന്നും അദ്ദേഹം ചോദിച്ചു. സതീഷ്‌കുമാറിന്റെ നിക്ഷേപവുമായി ബന്ധപ്പെട്ട ചോദ്യത്തോട്, അത്തരം വിവരങ്ങള്‍ താന്‍ പങ്കുവെക്കാനില്ലെന്നായിരുന്നു പ്രതികരണം.

”ചോദ്യംചെയ്യല്‍ വളരെ സൗഹാര്‍ദ്ദപരമായിരുന്നു. മുമ്പ് പറഞ്ഞ കാര്യം വിട്ട് തനിക്കൊന്നും പറയാനില്ല. എനിക്കൊരു അസുഖവുമില്ല പൊന്നുസുഹൃത്തേ. എന്റെ മക്കളേയും കുടുംബത്തേയും ഭയപ്പെടുത്താന്‍ വേണ്ടി പറഞ്ഞതാവും. ഒരു ശാരീരക അസ്വസ്ഥതയും ഇല്ല. ഞാന്‍ പൂര്‍ണ്ണ ആരോഗ്യവാനാണ്. ആരാ പറഞ്ഞത് എനിക്ക് വിറയല്‍ ഉണ്ടെന്ന്? ഒരു പ്രശ്നവുമില്ലായിരുന്നു. നിങ്ങള്‍ ആവശ്യമില്ലാത്തത് കൊടുക്കേണ്ടകാര്യമില്ല. രണ്ടു സര്‍ജറി കഴിഞ്ഞ ആളാണ് ഞാന്‍. വേറെ എനിക്ക് അതുകൊണ്ട് പ്രശ്നമൊന്നുമില്ല. വേണമെങ്കില്‍ നിങ്ങളേക്കാള്‍ നന്നായിട്ട് ഓടാം. എനിക്ക് അങ്ങനെ യാതൊന്നുമില്ല. അവരുടെ ഔദാര്യവും ഉണ്ടായിട്ടില്ല. അവര്‍ പറയുന്ന ദിവസം വീണ്ടും ചോദ്യംചെയ്യലിന് വരും. ബാങ്കിന്റെ ഒരു ഇടപാടും വെളിപ്പെടുത്താന്‍ പാടില്ല” -എം.ക. കണ്ണന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചു. വെള്ളിയാഴ്ചത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കിയ അദ്ദേഹം തൃശ്ശൂരിലേക്ക് തിരിച്ചു.

 

Back to top button
error: