KeralaNEWS

വൈദ്യുതി അപകടങ്ങൾ വർദ്ധിക്കുന്നു; പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് കെ.എസ്.ഇ.ബി, നിർദേശങ്ങൾ…

വൈദ്യുതി അപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പൊതുജനങ്ങൾ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ഇക്കൊല്ലം നാളിതുവരെ ആകെ 265 വൈദ്യുത അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ 121 പേർക്ക് ജീവഹാനിയുണ്ടായിട്ടുണ്ട്. അനധികൃത വൈദ്യുത ജോലികൾക്കിടെ 10 പേരും ഉപഭോക്തൃ പരിസരത്തെ എർത്ത് ലിക്കേജ് കാരണം 17 പേരും വൈദ്യുതിലൈനിനു സമീപം ലോഹനിർമ്മിതമായ തോട്ടിയും ഏണിയുമുപയോഗിക്കുമ്പോൾ ഷോക്കേറ്റ് 15 പേരും വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് രണ്ട് പേരും മരണമടഞ്ഞിട്ടുണ്ട്. ഉത്സവങ്ങളോടനുബന്ധിച്ച് ദീപാലങ്കാരം നടത്തുമ്പോഴാണ് ഏഴ് പേർ വൈദ്യുതാഘാതമേറ്റ് മരണപ്പെട്ടത്. വൈദ്യുത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നുവെങ്കിൽ ഒഴിവാക്കാമായിരുന്ന അപകടങ്ങളാണ് ഇവയിലേറെയും.

വൈദ്യുത വയറിംഗിന്റെ തുടക്കത്തിൽത്തന്നെ ആർ.സി.സി.ബി (ഇ.എൽ.സി.ബി) ഘടിപ്പിക്കുന്നതിലൂടെ വൈദ്യുത ലീക്കേജ് കാരണമുള്ള അപകടം ഒഴിവാക്കാനാകും. വൈദ്യുത ഉപകരണങ്ങളുടെ ലോഹഭാഗങ്ങളില്‍ ഇൻസുലേഷൻ തകരാറുകൊണ്ടോ മറ്റോ അവിചാരിതമായി വൈദ്യുത പ്രവാഹമുണ്ടായാല്‍ ആ ഉപകരണം പ്രവർത്തിപ്പിക്കുന്ന വ്യക്തിക്ക് വൈദ്യുതാഘാതമേല്ക്കാൻ വലിയ സാദ്ധ്യതയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ പ്രസ്തുത ഉപകരണത്തിലേക്കും സർക്യൂട്ടിലേക്കുമുള്ള വൈദ്യുതി പ്രവാഹം ഉടനടി നിർത്തി വൈദ്യുതാഘാതം ഒഴിവാക്കുന്നതിനുള്ള സംരക്ഷണോപാധിയാണ് RCCB അഥവാ Residual Current Circuit Breaker. നമ്മുടെ നാട്ടിൽ പൊതുവെ ELCB (Earth Leakage Circuit Breaker) എന്നറിയപ്പെടുന്നത് യഥാർഥത്തിൽ RCCB എന്ന ഉപകരണമാണ്.

Signature-ad

ഉത്സവാഘോഷങ്ങളുടെ ഭാഗമായി ദീപാലങ്കാരം നടത്തുമ്പോഴും തികഞ്ഞ ജാഗ്രത വേണം. ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇൻസുലേറ്റഡ് വയറുകളും അനുബന്ധ ഉപകരണങ്ങളും ഉപയോഗിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തും. ലോഹനിർമ്മിതമായ പ്രതലങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ ദീപാലങ്കാരം നടത്താവൂ. വയറിൽ മൊട്ടുസൂചിയോ സേഫ്റ്റി പിന്നോ കുത്തി കണക്ഷനെടുക്കുന്നതും വയർ ജോയിന്റുകൾ ശരിയായ തരത്തിൽ ഇൻസുലേറ്റ് ചെയ്യാതിരിക്കുന്നതും അപകടകരമാണ്. കെ.എസ്.ഇ.ബിയുടെ വൈദ്യുത പ്രതിഷ്ഠാപനങ്ങൾക്ക് സമീപം അലങ്കാര പ്രവർത്തനങ്ങൾ നടത്തുന്നതിനുമുമ്പ് അതത് സെക്ഷൻ ഓഫീസിൽ നിന്ന് അനുവാദം വാങ്ങേണ്ടതുണ്ട്. ഇലക്ട്രിക്കൽ ഇൻസ്‍പെക്ടറേറ്റിന്റെ അംഗീകാരമുള്ള കോൺട്രാക്ടറെ മാത്രമേ ദീപാലങ്കാര പ്രവൃത്തികൾക്ക് ചുമതലപ്പെടുത്താവൂ.

വൈദ്യുത ലൈനുകൾക്ക് സമീപം ഒരു കാരണവശാലും ലോഹനിർമ്മിതമായ തോട്ടിയോ ഏണിയോ ഉപയോഗിക്കരുത്. 130ലേറെ പേർക്കാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഇത്തരത്തിൽ ഷോക്കേറ്റ് ജീവഹാനിയുണ്ടായിട്ടുള്ളത്. വൈദ്യുതോപകരണങ്ങളിൽ നിന്ന് ഷോക്കേറ്റുള്ള അപകടം ഒഴിവാക്കാൻ നിർബന്ധമായും വയറിങിന്റെ തുടക്കത്തിൽ ആർ.സി.സി.ബി ഘടിപ്പിക്കണമെന്നും കെ.എസ്.ഇ.ബി മുന്നറിയിപ്പ് നൽകി.

 

Back to top button
error: