KeralaNEWS

കെഎസ്ആർടിസിയുടെ മാമലക്കണ്ടം യാത്രകൾ

റണാകുളം ജില്ലയിലെ കോതമംഗലത്ത് നിന്ന് മാമലക്കണ്ടത്തെക്ക് എല്ലാ ദിവസും 2 ട്രിപ്പുമായി ഒരു കെ.എസ്.ആർ.ടി.സി ബസ് സർവീസ് നടത്തുന്നുണ്ട്. നാല് ദിക്കിലും കാടിനാൽ ചുറ്റപ്പെട്ട മാമലക്കണ്ടം യാത്രയിൽ കാട്ടാനക്കൂട്ടങ്ങളും മാൻക്കൂട്ടങ്ങളും സ്ഥിരം കാഴ്ച്ചയാണ്. കുത്തനെയുള്ള കയറ്റങ്ങളും, വീതി കുറഞ്ഞ റോഡിലൂടെയുമുള്ള സാഹസിക യാത്രയുമാണ് മാമലക്കണ്ടം റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിനെ വ്യത്യസ്തമാക്കുന്നത്.

എറണാകുളത്ത് നിന്നും പോകുവാൻ പറ്റിയ ഏറ്റവും മികച്ച റോഡ് ട്രിപ്പാണ് മാമലക്കണ്ടത്തേയ്ക്കുള്ളത്. മഴക്കാല യാത്ര അത്ര സുരക്ഷിതമാണെന്ന് പറയുവാൻ പറ്റില്ലെങ്കിലും ഒരുപാട് ആളുകൾ ആഗ്രഹിക്കുന്ന ഒരു യാത്രയാണിതെന്നതിന് സംശയമില്ല. കോതമംഗലത്തുനിന്നും തട്ടേക്കാട് വഴി ,കുട്ടമ്പുഴ, ഉരുളന്തണ്ണി, മാമലക്കണ്ടം, കൊരങ്ങാട്ടി വഴി ആനക്കുളത്ത് വരാം. ഇവിടുന്ന് മാങ്കുളം വഴി മൂന്നാറിലേക്ക് പോകുന്ന രീതിയിൽ കെഎസ്ആർടിസി കോതമംഗലം ഡിപ്പോ ബജറ്റ് ടൂറുകളും സംഘടിപ്പിക്കുന്നുണ്ട്.

കാട്ടിനുള്ളിലൂടെ മരങ്ങളുടെ തണുപ്പും അരുവികളുടെ കളകളവുമെല്ലാം ആസ്വദിച്ച് ആടിപ്പാടി അങ്ങനെയൊരു യാത്ര.ബജറ്റ് യാത്രകള്‍ ഒരുക്കാനുള്ള കെഎസ്ആര്‍ടിസിയുടെ ഉദ്യമത്തിന്‍റെ ഭാഗമായാണ് ഈ യാത്രയും ഒരുക്കിയിരിക്കുന്നത്. സഞ്ചാരികള്‍ക്കിടയില്‍ മികച്ച പ്രതികരണം ലഭിച്ചതോടെ, ഈ ട്രിപ്പും വന്‍ഹിറ്റായി മാറിക്കഴിഞ്ഞു.

കോതമംഗലത്തുനിന്നും തട്ടേക്കാട് വഴി ,കുട്ടമ്പുഴ, ഉരുളന്തണ്ണി, മാമലക്കണ്ടം യാത്ര മനോഹരമായൊരു അനുഭവമാണ്. നഗരജീവിതത്തിന്റെ കുരുക്കിൽപ്പെട്ട് പൊടിയും പുകയും തിന്ന് ജീവിക്കുന്ന മനുഷ്യർക്ക് ഇടയ്ക്കിടെ കിട്ടുന്ന ശ്വാസമാണ് ഇത്തരം യാത്രകൾ. നിങ്ങൾക്ക് വേണ്ടി ചിലത് ഇപ്പോഴും ബാക്കിയുണ്ടെന്ന ഓർമ്മപ്പെടുത്തൽ..!!

Signature-ad

മൺസൂണിൽ കുരുത്ത, കുറ്റിച്ചെടികളും, ഇലപടർത്തിയ മഹാവൃക്ഷങ്ങളും പച്ചത്തേച്ച് വെടിപ്പാക്കിയ കാട്.. നിശബ്ദത കൂർക്കം വലിച്ചുറങ്ങുംപോലെ കാടിനെ അടയാളപ്പെടുത്തുന്നുണ്ട് ചില ശബ്ദങ്ങൾ.. ഉറവപൊട്ടിയൊഴുകിയെത്തുന്ന നീർച്ചാലുകൾ, പായൽപ്പച്ചയിൽ നനഞ്ഞൊട്ടിയ പാറക്കൂട്ടങ്ങൾ, അവയിലെ നേർത്ത നീരൊഴുക്കുകൾ. എത്ര നീണ്ടാലും മുഷിയില്ല ഇത്തരം വനയാത്രകൾ…!

കാടിന് നടുവിലെ മനോഹരമായൊരു ഗ്രാമമാണ് മാമലക്കണ്ടം.കുട്ടമ്പുഴയിൽ നിന്ന് പന്ത്രണ്ട് കിലോമീറ്ററാണ് ദൂരം.

ഇന്ന് ലോക ടൂറിസം ദിനമാണ്.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വര്‍ഷവും ലോക ടൂറിസം ദിനം ആഘോഷിക്കുന്നു. യുണൈറ്റഡ് നേഷന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ ആഹ്വാനപ്രകാരം എല്ലാവര്‍ഷവും സെപ്റ്റംബര്‍ 27 നാണ് ലോക വിനോദസഞ്ചാര ദിനമായി ആചരിക്കുന്നത്.

ലോക ജനതയെ വിനോദ സഞ്ചാരത്തിന്റെ പ്രാധാന്യം, ഗുണങ്ങള്‍, സാമൂഹ്യ സാംസകാരിക  രാഷ്ട്രീയ  സാമ്പത്തിക മൂല്യങ്ങള്‍ എന്നിവയെ കുറിച്ച് അവബോധം വരുത്താനാണ് ഇത് ആഘോഷിക്കുന്നത്.

Back to top button
error: