പൗരധ്വനി ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്റർ അനുജൻ അത്തിക്കയം (86) അന്തരിച്ചു. മൃതദേഹം സെപ്റ്റംബർ 27ന് ബുധനാഴ്ച രാവിലെ 9 മണിക്ക് കോട്ടയം വാരിശ്ശേരി ചാണ്ടീസ് ഫ്ളാറ്റിൽ പൊതു ദർശനത്തിന് വെക്കും. സംസ്കാരം
2.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കോട്ടയം കല്ലുങ്കത്ര സെന്റ് ജോർജ് പള്ളിയിൽ
പത്തനംതിട്ട ജില്ലയിൽ റാന്നി അത്തിക്കയം ഗ്രാമത്തിൽ പുത്തൻപുരയിൽ ശാമുലിന്റെയും അന്നമ്മയുടെയും മകനായി 1938 ജൂലൈ 30ന് ജനിച്ച പി.എസ് കുര്യനാണ് അനുജൻ അത്തിക്കയം എന്ന പേരിൽ മാധ്യമ രംഗത്ത് ശ്രദ്ധേയനായി മാറിയത്. 1960 കളിൽ കഥാപ്രസംഗരംഗത്ത് ശ്രദ്ധേയനായി. കേരളത്തിലെ ആദ്യത്തെ വിദ്യാർത്ഥി പ്രസിദ്ധികരണം എന്ന് അവകാശപ്പെടാവുന്ന ബാലകേരളം കോട്ടയത്തുനിന്ന് പ്രസിദ്ധീകരിച്ചു കൊണ്ടാണ് ആദ്യം പത്രാധിപ സ്ഥാനത്ത് എത്തുന്നത്. 1970 ൽ കോട്ടയത്ത് നിന്ന് പൗരദ്ധ്വനി വാരികയും ’76 ൽ പൗരദ്ധ്വനി സായാഹ്നദിന പത്രവും ആരംഭിച്ചു. എന്നും സമകാലിക പ്രശ്നങ്ങളെ ശക്തമായി അവതരിപ്പിച്ച് അധികാര കേന്ദ്രങ്ങളുടെ മുന്നിൽ എത്തിച്ചു. അഴിമതിക്കെതിരെ സന്ധിയില്ലാത്ത നിലപാട് മുഖമുദ്രയായിരുന്നു. ‘കേരള യുവകലാസാഹിത്യ സമിതി’യിലൂടെ ചെറുപ്പക്കാരായ എഴുത്തുകാർക്ക് പ്രചോദനം നൽകി. മംഗളം വാരികയുടെ മാതൃക സ്വീകരിച്ച് സ്ത്രീധനം ഇല്ലാത്ത സമൂഹ വിവാഹം സംഘടിപ്പിച്ചു. 1977 ൽ ആരോഗ്യ ശാസ്ത്രം മാസിക പ്രസിദ്ധീകരണം ആരംഭിച്ചു. ഭാര്യ സാറാമ്മ കുര്യന്റെ സഹകരണത്തോടെ ആയിരുന്നു ആരോഗ്യ ശാസ്ത്രവും അനുബന്ധ പ്രസിദ്ധീകരണങ്ങളും പുറത്തിറക്കിയത്. പൂഞ്ഞാർ മിത്രൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ പത്രാധിപത്യത്തിൽ 1985 ൽ ജ്യോതിശാസ്ത്രം മാസിക തുടങ്ങി.
മലയാള പത്രപ്രവർത്തനം, ഇന്നലെ ഇന്ന് നാളെ എന്ന ഗവേഷണ പ്രബന്ധത്തിന് സാർവത്രിക അംഗീകാരം ലഭിച്ചു. നിരന്തര പരിശ്രമത്തിലൂടെ ഉയർച്ചയുടെ പടവുകൾ കയറിയ അനുജൻ അത്തിക്കയം വായിച്ചു വളരുക എന്ന സന്ദേശം പ്രാവർത്തികമാക്കി.