ബെംഗളൂരു: കാവേരി നദീജലം തമിഴ്‌നാടിന് വിട്ടുകൊടുക്കുന്ന വിഷയത്തില്‍ വിവിധ സംഘടനകള്‍ ആഹ്വാനംചെയ്ത ബെംഗളൂരു ബന്ദ് ചൊവ്വാഴ്ച. ബന്ദ് ജനജീവിതത്തെയും ഐ.ടി കമ്പനികളുടെ പ്രവര്‍ത്തനത്തെയും ബാധിക്കുമെന്നാണ് കരുതുന്നത്. കെഎസ്ആര്‍ടിസി, ബിഎംടിസി ബസ് സര്‍വീസുകളടക്കം തടസപ്പെടും. ഓട്ടോ- ടാക്‌സി ഡ്രൈവര്‍മാരുടെ സംഘടനകളും ഒല, യൂബര്‍ ഡ്രൈവര്‍മാരുടെയും ഉടമകളുടെയും സംഘടനകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ നമ്മ മെട്രോ തീവണ്ടികള്‍ ഓടുമെന്നാണ് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചിരിക്കുന്നത്.
കാവേരി നദീജലം തമിഴ്‌നാടിന് വിട്ടുകൊടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ബന്ദ്. മഴ കുറവായതിനാല്‍ സംസ്ഥാനത്തെ 195 താലൂക്കുകള്‍ വരള്‍ച്ചാഭീഷണി നേരിടുകയാണെന്നും സംസ്ഥാനത്തെ ജലസംഭരണികളില്‍ ആവശ്യത്തിന് ജലം ലഭ്യമല്ലെന്നും കെഎസ്ആര്‍ടിസി സ്റ്റാഫ് ആന്‍ഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. കാലാവസ്ഥാ പ്രവചനം അനുകൂലമല്ലാത്ത സാഹചര്യത്തില്‍ തമിഴ്‌നാടിന് കാവേരി നദീജലം വിട്ടുകൊടുക്കുക എന്നത് പ്രായോഗികമല്ലത്രേ.
ഹര്‍ത്താൽ ആഹ്വാനത്തെത്തുടർന്ന് ബെംഗളൂരുവില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ അര്‍ധരാത്രിമുതല്‍ 24 മണിക്കൂറാണ് നിരോധനാജ്ഞ. അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലാണിത്. കര്‍ണാടക റിസര്‍വ് പോലീസിന്റെ നൂറ് പ്ലാറ്റൂണ്‍ സേനയെ നഗരത്തില്‍ സുരക്ഷയ്ക്ക് അധികമായി നിയോഗിച്ചിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ ബി. ദയാനന്ദ് അറിയിച്ചു.
അവശ്യ സര്‍വീസുകളില്‍പ്പെടുന്ന ആശുപത്രികള്‍, നഴ്‌സിങ് ഹോമുകള്‍, ഫാര്‍മസികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവ പ്രവര്‍ത്തിക്കും. സിനിമ തീയേറ്ററുകളും അടഞ്ഞുകിടക്കും. എന്നാല്‍, അവശ്യ സര്‍വീസില്‍പ്പെടുന്ന റസ്റ്റോറന്റുകള്‍ തുറന്ന് പ്രവര്‍ത്തിച്ചേക്കുമെന്നാണ് സൂചന.
സംസ്ഥാനത്തെ നിരവധി രാഷ്ട്രീയ പാര്‍ട്ടികളും, സംഘടനകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. സ്‌കൂളുകളും കോളേജുകളും കടകളും വ്യാപാര സ്ഥാപനങ്ങളും സ്വമേധയാ അടച്ചിടാന്‍ തയ്യാറാകണമെന്ന് കരിമ്പ് കര്‍ഷക സംഘടനാ നേതാക്കള്‍ അഭ്യര്‍ഥിച്ചു. ഐ.ടി കമ്പനികളും ഫിലിം ചേംബറുമടക്കം ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.