KeralaNEWS

അമൃത് ഭാരത് പദ്ധതിയില്‍ തിരുവല്ല റെയില്‍വേ സ്റ്റേഷന്‍റെ മുഖം മാറുന്നു; ടെർമിനൽ ആക്കണമെന്ന് ആവശ്യം

പത്തനംതിട്ട: തിരുവല്ല റെയില്‍വേ സ്റ്റേഷന്‍റെ മുഖച്ഛായ മാറ്റുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി.അമൃത് ഭാരത് പദ്ധതിയില്‍ ഉൾപ്പെടുത്തിയാണ് വികസനം.

22.41 കോടി രൂപയുടെ ജോലികളാണ് ആരംഭിച്ചിരിക്കുന്നത്.ആറുമാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കത്തക്ക രീതിയിലാണ് കരാർ.

ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ തിരുവല്ല റെയില്‍വേ സ്റ്റേഷന്‍റെ പ്രധാന കവാടത്തിന്‍റെ നിര്‍മാണവും പ്ലാറ്റ്ഫോമുകളിലെ അടിസ്ഥാന സൗകര്യ വികസനവുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Signature-ad

പ്രവേശന കവാടത്തിലെ പോര്‍ച്ച്‌, എൻട്രൻസ് ആര്‍ച്ച്‌, ഫുട്ട് ഓവര്‍ ബ്രിഡ്ജ്, വിശ്രമസ്ഥലങ്ങളുടെയും കാത്തിരിപ്പ് സ്ഥലങ്ങളുടെയും വിസ്തൃതി വര്‍ധിപ്പിക്കല്‍, സ്റ്റേഷനില്‍ എത്തുന്ന വാഹനങ്ങള്‍ക്കു സുഗമമായി കടന്നുവരുന്നതിനും പോകുന്നതിനും പാര്‍ക്ക്‌ ചെയ്യുന്നതിനുമുള്ള സൗകര്യം, പ്ലാറ്റ്ഫോമുകളിലെ മേല്‍ക്കൂരകള്‍ പൂര്‍ണമായും റൂഫിംഗ് ചെയ്യുക, റെയില്‍വേ ടിക്കറ്റ് ബുക്കിംഗ് സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങിയവയാണുള്ളത്.

അതേസമയം  തിരുവല്ല വഴി കടന്നുപോകുന്ന രാത്രികാല പ്രതിദിന ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ സ്റ്റോപ്പുകളാണിവ.

മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസ്,രാമേശ്വരം-പാലക്കാട്-തിരുവനന്തപുരം അമൃത, നിലന്പൂര്‍-കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് എന്നിവയുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കലാണ് വൈകുന്നത്. മൂന്നു ട്രെയിനുകള്‍ക്കും വടക്കോട്ടുള്ള യാത്രയില്‍ തിരുവല്ലയില്‍ സ്റ്റോപ്പുള്ളതാണ്. തിരുവനന്തപുരം യാത്രയില്‍ നിരവധി യാത്രക്കാരാണ് തിരുവല്ലയില്‍ ഇറങ്ങാനായി ഈ ട്രെയിനുകളെ ആശ്രയിച്ചുവന്നിരുന്നത്.ഇതുകൂടാതെ വന്ദേഭാരത് ഉള്‍പ്പെടെ തിരുവല്ല വഴി കടന്നുപോകുന്ന എല്ലാ ട്രെയിനുകള്‍ക്കും സ്റ്റോപ്പ് വേണമെന്നതാണ് ആവശ്യം.

പത്തനംതിട്ട ജില്ലയിലെ ഏക റയിൽവെ സ്റ്റേഷനായ തിരുവല്ലയെ ടെർമിനലാക്കി മാറ്റി എറണാകുളത്ത് യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകൾ ഇങ്ങോട്ട് നീട്ടണമെന്നും ആവശ്യമുണ്ട്.ഇത് മധ്യതിരുവിതാംകൂറിലെ നൂറുകണക്കിന് യാത്രക്കാർക്ക് പ്രയോജനപ്പെടും.കൂടാതെ ശബരിമല, മാരാമൺ, ആറൻമുള, ചക്കുളത്തുകാവ്, എടത്വ തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങൾക്കും വളരെ അടുത്തായി സ്ഥിതിചെയ്യുന്ന സ്റ്റേഷനാണ് തിരുവല്ല.

Back to top button
error: