KeralaNEWS

ഉരുള്‍പൊട്ടല്‍: തലനാട്, തീക്കോയി പഞ്ചായത്തുകളില്‍ വ്യാപക നാശനഷ്ടങ്ങൾ

കോട്ടയം:തലനാട് വെള്ളാനിയില്‍ വ്യാഴാഴ്‌ച്ച കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ ഏക്കര്‍കണക്കിന് കൃഷിഭൂമി നശിച്ചു ലക്ഷകണക്കിന് രൂപയുടെ കൃഷിനാശം ഉണ്ടായി.

കരിപ്പുക്കാട്ടില്‍ സജികുമാറിന്റെ പുരയിടത്തിലാണ് ഉരുള്‍പൊട്ടിയത്. ഏകദേശം രണ്ടുകിലോമീറ്ററോളം ദൂരത്തില്‍ വെള്ളവും കല്ലും മണ്ണും ഒഴുകി മീനച്ചിലാറില്‍ പതിച്ചു. പ്രദേശത്ത് വെള്ളിയാഴ്ച രാവിലെയും കനത്ത മഴയായിരുന്നു.

വെയില്‍കാണാംപാറയില്‍ മോഹന്‍ദാസിന്റെ വീടിന്റെ സമീപത്തുടെയാണ് ഉരുള്‍ വെള്ളം ഒഴുകിയത്. അപകട സമയത്ത് മോഹന്‍ ദാസിന്റെ ഭാര്യ സുജാത മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. മലവെള്ളം ഒഴുകുന്ന ശബ്ദം കേട്ട് വീട്ടില്‍ നിന്നും സുജാത ഇറങ്ങി ഓടുകയായിരുന്നു.

Signature-ad

കരിപ്പുക്കാട്ടില്‍ രാധാകൃഷ്ണന്‍, ഗോപിനാഥന്‍, ചന്ദ്രശേഖരന്‍, തങ്കമ്മ, സുനില്‍, മുട്ടത്ത് ഇന്ദിര, ആട്ടുകാട്ട്പുത്തന്‍ പുരക്കല്‍ പ്രീതി ഹരിഹരന്‍ എന്നിവരുടെ കൃഷി ഭൂമിയിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്.ചെരുവില്‍ റെജി ജോസഫ്, കുന്നേല്‍ സെബാസ്റ്റ്യന്‍ എന്നിവരുടെ വീടിന് ഭാഗിക നാശനഷ്ടം സംഭവിച്ചു.

തീക്കോയി ഗ്രാമപഞ്ചായത്തിലെ മലയോര പ്രദേശങ്ങളിലും കനത്ത മഴയിലും പേമാരിയിലും വ്യാപക നാശനഷ്ടം ഉണ്ടായി. ഇഞ്ചപ്പാറ, ഒറ്റയീട്ടി, തുമ്ബശ്ശേരി, വെള്ളികുളം, കാരികാട്, മിഷ്യന്‍കര എന്നീ പ്രദേശങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. രണ്ടു വീടുകള്‍ ഭാഗികമായി തകര്‍ന്നു. പല വീടുകളുടെയും മുറ്റം ഇടിഞ്ഞു വീടുകള്‍ അപകടഭീഷണിയിലാണ്. നിരവധി കുടുംബങ്ങളുടെ കൃഷി ഭൂമിയും വിളകളും നശിച്ചു. വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകര്‍ന്നിട്ടുണ്ട്.

തീക്കോയി അട്ടികളത്തുണ്ടായ ഉരുള്‍പൊട്ടലില്‍ റബ്ബര്‍ തോട്ടങ്ങളില്‍ വ്യാപക കൃഷി നാശം ഉണ്ടായി. മൂന്ന് എക്കറോളം റബ്ബര്‍ തോട്ടം പൂര്‍ണമായും നശിച്ചു. തോട്ടത്തില്‍പറമ്ബില്‍ ബേബിയുടെ പുരയിടത്തിലാണ് ഉരുള്‍പൊട്ടിയത്. അട്ടിക്കളം-കരിക്കാട് റിവര്‍വ്യൂ റോഡും കലുങ്കും പൂര്‍ണമായും തകര്‍ന്നു.വെള്ളാനി ആലിപ്ലാവ് റോഡിലും ഗതാഗത തടസം ഉണ്ടായി.

Back to top button
error: