LocalNEWS

പൊതുമരാമത്ത് വകുപ്പിന്‍റെ രണ്ട് ഹോസ്റ്റൽ അടച്ചുപൂട്ടി, പകരം സംവിധാനമൊരുക്കിയില്ല; ഇടുക്കിയിലെ ഗവൺമെന്‍റ് എഞ്ചിനീയറിംഗ് കോളേജിൽ എസ്എഫ്ഐയുടെ കിടപ്പു സമരം

ഇടുക്കി: ഇടുക്കിയിലെ ഗവൺമെന്‍റ് എഞ്ചിനീയറിംഗ് കോളേജിൽ എസ് എഫ് ഐ യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ കിടപ്പു സമരം. കെട്ടിടത്തിന് ഫിറ്റ്നസില്ലെന്ന കാരണം പറഞ്ഞ് ഹോസ്റ്റലുകൾ അടച്ചു പൂട്ടിയതാണ് വിദ്യാർഥികളുടെ പ്രതിഷേധത്തിനിടയാക്കിയത്. താൽക്കാലിക സൗകര്യമെങ്കിലും ഒരുക്കുന്നത് വരെ സമരം തുടരാനാണ് വിദ്യാഥികളുടെ തീരുമാനം.

പൊതുമരാമത്ത് വകുപ്പിന്‍റെ ഉടമസ്ഥതയിലുള്ള നാല് ഹോസ്റ്റലുകളിലാണ് ഇടുക്കി എൻജിനീയറിംഗ് കോളജിലെ ആൺകുട്ടികൾ താമസിച്ചിരുന്നത്. ഇതിൽ രണ്ടെണ്ണമാണ് കഴിഞ്ഞ ദിവസം അടച്ചുപൂട്ടിയത്. ഇവിടുത്തെ കട്ടിലുകൾ പി ടി എ നടത്തുന്ന ഹോസ്റ്റലിലേക്ക് മാറ്റിയതും പ്രതിഷേധം ശക്തമാകാൻ കാരണമായി. പകരം സംവിധാനമൊരുക്കാനും അധികൃതർ തയ്യാറായില്ല. ഇതോടെയാണ് കോളേജിനുള്ളിൽ എസ് എഫ് ഐയുടെ നേതൃത്വത്തിൽ കിടപ്പു സമരം തുടങ്ങിയത്. കോളജ് ഹോസ്റ്റലിൽ താമസിക്കുന്നതിന് 310 രൂപയാണ് നൽകേണ്ടത്.  എന്നാൽ സ്വകാര്യ ഹോസ്റ്റലുകൾ 1000 രൂപ മുതൽ 1500 രൂപ വരെയാണ് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്നത്. കോളജ് അധികൃതർ വിദ്യാർത്ഥികളുമായി നടത്തിയ ചർച്ചയിൽ പഴയ ഹോസ്റ്റലിന് സമീപത്തുള്ള മറ്റൊരു കെട്ടിടം ശുചീകരിച്ച് വിദ്യാർഥികൾക്കായി നൽകാമെന്ന് ഉറപ്പ് നൽകി. ഇത് നടപ്പാക്കുന്നതു വരെ സമരം തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.

Signature-ad

 

Back to top button
error: