KeralaNEWS

നബിദിനം സെപ്റ്റംബര്‍ 28 ന്; സർക്കാർ അവധി 27-ന്

കോഴിക്കോട്: ഈ വര്‍ഷത്തെ നബിദിനം ഈ മാസം 28 ന് ആഘോഷിക്കും. ഇക്കഴിഞ്ഞ ശനിയാഴ്ച റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിന്‍റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച റബീഉല്‍ അവ്വല്‍ ഒന്നും അതനുസരിച്ച്‌ 28ന് നബിദിനവും ആയിരിക്കുമെന്ന് വിവിധ മതപണ്ഡിതന്മാർ അറിയിച്ചു.

ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

 പ്രവാചകനായ മുഹമ്മദ് നബിയുടെ ജന്മദിനമാണ് ഇസ്ലാം മത വിശ്വാസികള്‍ നബിദിനമായി ആഘോഷിക്കുന്നത്. എ ഡി 571 ല്‍ മക്കയില്‍ ജനിച്ച പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1497ആം ജന്മദിനമാണ് വരാന്‍ പോവുന്നത്. ഹിജ്റ വര്‍ഷ പ്രകാരം റബീഉല്‍ അവ്വല്‍മാസം 12നാണ് പ്രവാചകന്റെ ജന്മദിനം.

നബിദിനത്തിന്‍റെ ഭാഗമായി വിവിധ മതസംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം വിപുലമായ ആഘോഷ പരിപാടികള്‍ നടക്കും.അതേസമയം 27 നാണ് സംസ്ഥാനത്ത് നബിദിന അവധി ദിനമായി തീരുമാനിച്ചിരിക്കുന്നത്.28-നും അവധി പ്രഖ്യാപിക്കുമെന്നാണ് വിശ്വാസികളുടെ പ്രതീക്ഷ

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: