IndiaNEWS

പ്രവാസികൾ മലയാള ഭാഷയുടെയും സംസ്ക്കാരത്തിന്റേയും പ്രചാരകരും സംരക്ഷകരും: മുരുകൻ കാട്ടാക്കട

    മലയാള ഭാഷയുടെയും സംസ്ക്കാരത്തിന്റേയും പ്രചാരകരും സംരക്ഷകരുമാണ് പ്രവാസികൾ എന്ന് മലയാളം മിഷൻ വടക്കൻ രാജസ്ഥാൻ ചാപ്റ്റർ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മലയാളം മിഷൻ ഡയറക്ടറും കവിയുമായ മുരുകൻ കാട്ടാക്കട പറഞ്ഞു.

മലയാള ഭാഷ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അതിനായുള്ള പ്രവർത്തനമാണ് മലയാളം മിഷൻ നടത്തുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു. ഒരു ഭാഷ നശിക്കുമ്പോൾ ഒരു വിനിമയ മാധ്യമമല്ല നഷ്ടപ്പെടുന്നത്, ഒരു സംസ്ക്കാരമാണ്.  സ്വന്തം ഭാഷയുടെ സംരക്ഷണത്തിന് ലോകത്ത് കേരള സർക്കാർ അല്ലാതെ ഒരു സർക്കാരും ഒരു സ്ഥാപനവും നടത്തുന്നില്ല എന്നിടത്താണ് മലയാളം മിഷന്റെ പ്രസക്‌തി എന്ന് മുരുകൻ കാട്ടാക്കട ചൂണ്ടിക്കാട്ടി. സ്വന്തം കവിതകൾ അവതരിപ്പിച്ച അദ്ദേഹം മലയാള ഭാഷയെ സംരക്ഷിക്കുന്ന പ്രവാസ മലയാളികളെയും സംഘടനകളേയും അഭിനന്ദിച്ചു.

ആൾ ഇന്ത്യ മലയാളി അസോസിയഷൻ രാജസ്ഥാൻ ഘടകം നേതൃത്ത്വം നൽകി. എട്ട് ജില്ലകളിലായാണ് മലയാളം മിഷൻ പഠന കേന്ദ്രങ്ങൾ തുടങ്ങിയത്. എയ്മ രാജസ്ഥാൻ ചെയർമാനും, ദേശീയ കോഡിനേറ്ററുമായ കെ.ആർ മനോജിന്റെ അദ്ധ്യക്ഷതയിൽ സെപ്റ്റംബർ 18 തിങ്കളാഴ്ച. വൈകീട്ട് 7 മണിക്ക് ദിവാഡിയിലെ ഹോട്ടൽ ട്രീ ഹൗസ് ഹാളിലായിരുന്നു ഉദ്ഘാടന ചടങ്ങ് നടന്നത്.   മലയാളം മിഷൻ ഭരണ സമിതി അംഗമായ കാർട്ടൂണിസ്റ്റ് സുധീർ നാഥ് മുഖ്യാതിഥിയായി പങ്കെടുത്തു. ഫിലിപ്പോസ് ഡാനിയൽ (മലയാളം മിഷൻ രാജസ്ഥാൻ കോഡിനേറ്റർ), ഗോപിനാഥൻ ( രക്ഷാധികാരി, മലയാളി വെൽഫെയർ സമാജം), ശിവദാസ് നായർ ( സെക്രട്ടറി, മലയാളി വെൽഫയർ സമാജം), ചിത്തരഞ്ചൻ നായർ , ശിവദാസ്  വി നായർ ( വൈസ് പ്രസിഡന്റ് മലയാളി വെൽഫയർ സമാജം), പ്രഷോബ രാജൻ, അൻജലി, റുത്ത് തുടങ്ങിയവർ സംസാരിച്ചു.

രാജസ്ഥാനിലെ താമസക്കാരായ മലയാളി സമൂഹത്തിലെ കുട്ടികളെ മലയാള ഭാഷ എഴുതുവാനും, വായിക്കുവാനും പരിശീലനം  നൽകി വരുന്നുണ്ട്. ഇപ്പോൾ പ്രവർത്തിച്ചുവരുന്ന മലയാളം ക്ലാസുകളാണ് ഔദ്യോഗികമായി മലയാളം മിഷന് കീഴിൽ വരുന്നത്. ഉദ്ഘാടന ചടങ്ങിന് ശേഷം മലയാളം ക്ലാസിലെ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: