IndiaNEWS

അഞ്ചു ദിവസത്തെ പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം, അജണ്ടയില്‍ എട്ടു ബില്ലുകള്‍

    ന്യൂഡല്‍ഹി: അഞ്ചുദിവസം മാത്രം നീണ്ടുനില്‍ക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. പാര്‍ലമെന്റിന്റെ 75 വര്‍ഷം എന്ന വിഷയത്തില്‍ ഇന്ന് ചര്‍ച്ച നടക്കും. ഗണേശ ചതുര്‍ത്ഥി ദിനമായ നാളെ പഴയ മന്ദിരത്തിന്റെ സെന്‍ട്രല്‍ ഹാളില്‍ ചേരുന്ന പ്രത്യേക സമ്മേളനത്തിന് ശേഷം പുതിയ മന്ദിരത്തിലേക്ക് സമ്മേളന നടപടികള്‍ മാറ്റും.

വിവാദമായ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമന രീതി മാറ്റുന്ന ബില്‍, പോസ്റ്റ് ഓഫീസ് ബില്‍, പ്രസ് ആന്റ് രജിസ്‌ട്രേഷന്‍ ഓഫ് പീരിയോഡിക്കല്‍സ് ബില്‍ തുടങ്ങിയവ ഉൾപ്പടെ  8 ബില്ലുകളാണ് അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  ഇന്നലെ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ദേശീയ പതാക ഉയര്‍ത്തി. ഇന്നലെ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ വനിത സംവരണ ബില്‍ പാസാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

പുതുക്കിയ അജണ്ടയിലെ എട്ടു ബില്ലുകളില്‍ വനിത സംവരണ ബില്ലില്ലെന്നത് ശ്രദ്ധേയമാണ്. മുപ്പത്തി നാല് പാര്‍ട്ടികള്‍ പങ്കെടുത്ത സര്‍വകക്ഷി യോഗത്തിലും പ്രധാന ആവശ്യമായി ഉയര്‍ന്നത് വനിത സംവരണ ബില്ലായിരുന്നു. യുപിഎ സര്‍ക്കാര്‍ രാജ്യസഭയില്‍ പാസാക്കിയ ബില്‍ ലോക് സഭയിലെത്തിയിരുന്നില്ല. ബില്ല് 20ന് പരിഗണിക്കാനാണ് സാധ്യത. എന്നാൽ സമ്മേളനത്തില്‍ ഭരണപക്ഷത്തിന്റെ അപ്രതീക്ഷിത നീക്കങ്ങളെ ചെറുക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. പ്രതിപക്ഷത്തിന് പുറമെ ബിജെപി സഖ്യകക്ഷികളും ബില്ലിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്.

വിവാദ വിഷയങ്ങളില്‍ ബില്ലുകള്‍ എത്തിയാല്‍ പാര്‍ലമെന്ററി സമിതിയുടെ പരിശോധനയ്ക്ക് നിര്‍ദേശിക്കും. ഇക്കാര്യത്തിൽ അനുകൂലം നീക്കമുണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം. ഈ അഞ്ചു ദിവസവും രാജ്യത്തെ പ്രധാനപ്പെട്ട വിഷയങ്ങള്‍ ഭരണപക്ഷത്തിനെതിരെ ഉന്നയിക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ നീക്കം.

നാളെ (ചൊവ്വ) പ്രത്യേക പൂജയ്‌ക്കു ശേഷം 11ന്‌ പുതിയ പാർലമെന്റ്‌ മന്ദിരത്തിലേക്ക്‌ സമ്മേളനം മാറും. അതിനു മുമ്പായി എം പിമാരുടെ ഗ്രൂപ്പ്‌ ഫോട്ടോ സെഷനുണ്ടാകും.

Back to top button
error: