അടിമാലിയിൽ വാഹന പരിശോധനക്കിടെ ഒരു കഞ്ചാവ് ബീഡി കണ്ടെത്തിയ കേസ് ഒതുക്കി തീർക്കാൻ ഹൈവേ പോലീസ് വൻ തുക കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ മൂന്ന് ഹൈവേ പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡു ചെയ്തു. വകുപ്പ് തല നടപടിക്കും ശുപാർശ. ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ അടിമാലി എസ്.എച്ച്.ഒ. ക്ലീറ്റസ് ജോസഫാണ് അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോർട്ട് എസ്.പിക്ക് കൈമാറി. അടിമാലി സ്റ്റേഷന് കീഴിലെ ഹൈവേ പോലീസിൻ്റെ പ്രവർത്തിക്ക് എതിരെയാണ് അന്വേഷണം.
മൂന്നാർ സന്ദർശനം കഴിഞ്ഞ് മടങ്ങിയ പെരുമ്പാവൂർ സ്വദേശികളായ ആറ് അംഗ സംഘത്തിൻ്റെ വാഹനം ഹൈവേ പോലീസ് വാളറ വെച്ച് പരിശോധിച്ചു. വാഹനത്തിൽ നിന്നും ഒരു കഞ്ചാവ് ബീഡിയും, മുന്തിയ ഇനം ഫോൺ, ടാബ് എന്നിവയും കണ്ടെത്തി. കഞ്ചാവ് ബീഡി കേസാകാതിരിക്കാൻ പോലീസ് 36,000 രൂപ ആവശ്യപ്പെട്ടു. പണം ഇല്ലാത്തതിനാൽ മൂന്ന് പേരെ പിടിച്ച് നിർത്തി മറ്റുള്ളവരെ ടാബ് വിറ്റ് പണം വാങ്ങി വരുവാൻ അടിമാലിക്ക് തിരികെ അയച്ചു. എന്നാൽ, ഇവർ മറ്റൊരു പൊലീസ് സംഘത്തിനു മുൻപിൽപെട്ടു. യുവാക്കൾ അവരോട് കാര്യം പറഞ്ഞു.
ആ പൊലീസ് സംഘം നിർദേശിച്ചതനുസരിച്ച് ടാബ് വിൽക്കാതെ യുവാക്കൾ തിരിച്ചുവന്നു. പണം കിട്ടില്ലെന്ന് മനസ്സിലായതോടെ ഹൈവേ പൊലീസ് ഉദ്യോഗസ്ഥർ യുവാക്കൾക്കും കാറിനും എതിരേ അഞ്ച് കേസുകൾ എടുത്ത് പറഞ്ഞുവിട്ടു. ഫോണിൽ സന്ദേശം വന്നപ്പോഴാണ് തങ്ങൾക്കെതിരേ വലിയതുക പിഴ ചുമത്തിയതായി യുവാക്കൾ അറിയുന്നത്.
അന്നുതന്നെ ഇടുക്കി എസ്.പി വിവരം അറിഞ്ഞിരുന്നു. എസ്.പിയുടെ നിർദ്ദേശത്തിെൻ്റ അടിസ്ഥാനത്തിൽ സി.ഐ വാഹനത്തിൽ ഉണ്ടായിരുന്ന എസ്.ഐ ഉൾപ്പെടെയുള്ള മൂന്ന് പേരുടെ മൊഴി രേഖപ്പെടുത്തി റിപ്പോർട്ട് എസ്.പിക്ക് കൈമാറി.
ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവി വി.യു കുര്യാക്കോസാണ് ഗ്രേഡ് സബ് ഇൻസ്‌പെക്ടർ ഷിബി ടി.ജോസഫ്, സി.പി.ഒ സുധീഷ് മോഹൻ, ഡ്രൈവർ സോബിൻ ടി.സോജൻ എന്നിവരെ സസ്പെൻഡുചെയ്തത്. ഇവർക്കെതിരേ വകുപ്പുതല നടപടിക്കും ശുപാർശ ചെയ്തിട്ടുണ്ട്.
മൂന്നു മാസം മുൻപ് ഇതേ പട്രോളിങ് വാഹനത്തിൽ ഡ്യൂട്ടിചെയ്തിരുന്നു മറ്റ് രണ്ട് ഉദ്യോഗസ്ഥർ ഗൂഗിൾപേ വഴി കൈക്കൂലി വാങ്ങിയത് വിവാദമായിരുന്നു. അന്ന് എസ്.ഐ ഉൾപ്പെടെ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡുചെയ്തിരുന്നു.