
കാർ ഉപയോഗിച്ച് എടിഎം ഇടിച്ച് തകർത്ത് കൊള്ള നടത്താൻ ശ്രമിച്ച മോഷ്ടാക്കളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ നിന്നാണ് എടിഎം കവർച്ച റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുഖംമൂടി ധരിച്ച രണ്ട് പേർ കാർ ഉപയോഗിച്ച് എടിഎം മിഷൻ തകർത്ത് പണം കവർച്ച ചെയ്യാൻ ശ്രമം നടത്തുന്നതായിരുന്നു വീഡിയോയിലെ ദൃശ്യങ്ങള്‍. എന്നാൽ, കൃത്യസമയത്ത് പോലീസ് സ്ഥലത്തെത്തിയതോടെ ശ്രമം പരാജയപ്പെട്ടു. സെപ്റ്റംബർ ആറിന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. സംഭവത്തിന്‍റെ മുഴുവൻ ദൃശ്യങ്ങളും സിസിടിവി ക്യാമറയിൽ പതിഞ്ഞതോടെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
Fast & Furious dekhne ke baad car se ATM tod rahe pic.twitter.com/XRahj82svw
— Raja Babu (@GaurangBhardwa1) September 8, 2023
സംഭവത്തിൽ രണ്ട് മോഷ്ടാക്കളുടെ ദൃശ്യങ്ങളാണ് സിസിടിവി ക്യാമറയിൽ പതിഞ്ഞത്. മഹാരാഷ്ട്രയിലെ യെലംബഘട്ട മേഖലയിൽ മഹാരാഷ്ട്ര ബാങ്കിന്‍റെ എടിഎം മെഷീൻ തകർത്ത് പണം കൊള്ളയടിക്കാനുള്ള ശ്രമമാണ് കള്ളന്മാർ നടത്തിയത്. ഇതിനായി എടിഎം മിഷനില്‍ കയര്‍ കെട്ടി, ആ കയര്‍ ഇവർ സഞ്ചരിച്ചിരുന്ന കാറില്‍ കെട്ടിയതിന് ശേഷം കാര്‍ ഓടിച്ചായിരുന്നു എടിഎം തകർക്കാന്‍ മോഷ്ടാക്കള്‍ ശ്രമിച്ചത്. എന്നാൽ സംഭവ സമയത്ത് അതുവഴി വന്ന പോലീസിന്‍റെ ശ്രദ്ധയിൽ ഇത് പെടുകയും പോലീസിനെ കണ്ട് കള്ളന്മാർ ഓടി രക്ഷപ്പെടുകയും ചെയ്തു. പിന്നാലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പ്രശസ്ത ഹോളിവുഡ് ചിത്രമായ ‘ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്’ എന്ന സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇവർ കവർച്ച നടത്തിയത്. ഒരു ബാങ്ക് നിലവറ മോഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട സമാനമായ ഒരു ദൃശ്യം ഈ സിനിമയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, മറ്റൊരു വിചിത്രമായ സംഭവത്തിൽ, മദ്യലഹരിയിലായിരുന്ന രണ്ട് വ്യക്തികൾ ഡൽഹിയിലെ തെരുവിൽ ദമ്പതികളെ കൊള്ളയടിക്കാൻ ശ്രമിക്കുന്നതിന്‍റെ വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. രാജ്യ തലസ്ഥാനത്ത് മോട്ടോർ സൈക്കിളിലെത്തിയ രണ്ട് അക്രമികൾ തോക്ക് ചൂണ്ടി ദമ്പതികളെ കൊള്ളയടിക്കാൻ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കവർച്ചക്കാരിൽ ഒരാൾ അവരുടെ പോക്കറ്റുകൾ പരിശോധിച്ചപ്പോൾ ഒരു 20 രൂപ നോട്ട് അല്ലാതെ അവരുടെ പക്കൽ മറ്റൊന്നുമില്ലന്ന് കണ്ടെത്തി. അതോടെ സഹതാപം തോന്നിയ കള്ളന്മാർ 100 രൂപ ദമ്പതികൾക്ക് നൽകി മടങ്ങുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.