IndiaNEWS

എംഎൽഎ സ്ഥാനം രാജിവെച്ച് മറുകണ്ടം ചാടി ബിജെപിയിൽ ചേർന്നു, ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി, ഫലം വന്നപ്പോൾ റെക്കോർഡ് തോൽവി!

ദില്ലി: ഉത്തർപ്രദേശിലെ ഘോസി മണ്ഡലത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തോൽവിയിൽ ഞെ‌ട്ടി. സിറ്റിങ് എംഎൽഎയായിരുന്ന ​ധാരാ സിങ് ചൗഹാൻ സ്ഥാനം രാജിവെച്ചാണ് ബിജെപിയിൽ ചേർന്നതും പിന്നീട് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ വലിയ രീതിയിൽ തോൽവിയേറ്റുവാങ്ങിയതും. 2022ൽ എസ്പിയുടെ ചിഹ്നത്തിൽ മത്സരിച്ചാണ് ധാരസിങി എംഎൽഎയായത്. എന്നാൽ, ഒരു വർഷം കഴിഞ്ഞപ്പോൾ അദ്ദേഹം മറുകണ്ടം ചാടി ഭരണപക്ഷമായ ബിജെപിയിലെത്തി. സ്ഥാനം രാജിവെച്ചതോടെ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നു. സമാജ് വാദി പാർട്ടിയുടെ സുധാകർ സിങ്ങാണ് ധാരാ സിങ്ങിനെതിരെ മത്സരിച്ചത്. വോട്ടെണ്ണി തീർന്നപ്പോൾ 42,759 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തോടെ സുധാകർ സിങ് വിജയക്കൊടി പാറിച്ചു.

സുധാകർ സിംഗ് 1,24,427 വോട്ടുകൾ നേടിയപ്പോൾ ധാരാ ചൗഹാന് 81,668 വോട്ടുകൾ ലഭിച്ചു. ഭരണകക്ഷിയായ എൻഡിഎയും പ്രതിപക്ഷ കക്ഷിയായ ഇന്ത്യയും തമ്മിലുള്ള ആദ്യത്തെ പ്രധാന തെരഞ്ഞെടുപ്പ് ഏറ്റുമുട്ടലായി കണക്കാക്കിയിരുന്ന തെരഞ്ഞെടുപ്പായിരുന്നു ഇത്. ഘോസിയിൽ 50.77 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 10 സ്ഥാനാർഥികൾ മത്സരിച്ചു.

2022ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവിടെ നിന്ന് വിജയിച്ച ധാരാ ചൗഹാൻ ജൂലൈയിൽ എസ്പിയിൽ നിന്ന് രാജിവച്ചതിനെ തുടർന്നാണ് ഘോസി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ധാരാസിങ്ങിനെ തന്നെ രം​ഗത്തിറക്കി സീറ്റ് പിടിച്ചെടുക്കുകയായിരുന്നു ബിജെപി ലക്ഷ്യം. 2022ൽ ധാരാ ചൗഹാൻ 22,216 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബിജെപി സ്ഥാനാർത്ഥി വിജയ് കുമാർ രാജ്ഭറിനെ പരാജയപ്പെടുത്തിയിരുന്നു.
ൻഡിഎ ഘടകകക്ഷികളായ അപ്നാ ദൾ (സോനേലാൽ), നിർബൽ ഇന്ത്യൻ ശോഷിത് ഹമാര ആംദൾ (നിഷാദ്) പാർട്ടി, മുൻ എസ്പി സഖ്യകക്ഷിയായ സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്ബിഎസ്പി) എന്നിവരുടെ പിന്തുണയോടെയാണ് മത്സരിച്ചത്. പ്രതിപക്ഷ നിരയിൽ  കോൺഗ്രസ്, സിപിഎം, സിപിഐ, ആർഎൽഡി, എഎപി, സിപിഐ(എംഎൽ)-ലിബറേഷൻ, സുഹേൽദേവ് സ്വാഭിമാൻ പാർട്ടി എന്നിവ സുധാകർ സിംഗിനും പിന്തുണ നൽകി. മികച്ച ഭൂരിപക്ഷമുള്ള ബിജെപിയെ തെരഞ്ഞെടുപ്പ് ഫലം ബാധിക്കില്ലെങ്കിലും 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യത്തിന് പ്രതീക്ഷ നൽകുന്നതാണ് വിജയം.

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: