പണം സമ്പാദിക്കുന്ന മികവിനേക്കാള്‍ പ്രധാനമാണ് ചിലവഴിക്കുന്നതിലെ വൈദഗ്ധ്യം
വെളിച്ചം
രാജാവ് വേഷപ്രച്ഛന്നനായി നാടുകാണാന്‍ ഇറങ്ങിയതായിരുന്നു. പാടത്ത് പണിയെടുക്കുന്ന കര്‍ഷകന്റെ ദുരവസ്ഥ കണ്ട അദ്ദേഹം 4 സ്വര്‍ണ്ണനാണയം അയാൾക്കു നീട്ടിയിട്ട് പറഞ്ഞു:
“ഇതു നിങ്ങളുടെ കൃഷിയിടത്തില്‍ നിന്നും ലഭിച്ചതാണ്. ഇതെടുത്തുകൊള്ളൂ…”
കര്‍ഷകന്‍ പറഞ്ഞു:
“ഇവ എന്റേതല്ല, മറ്റാര്‍ക്കെങ്കിലും കൊടുത്തുകൊള്ളൂ…”
രാജാവ് ചോദിച്ചു:
“നിങ്ങള്‍ക്കെന്താ പണം വേണ്ടേ…?”
“പണം എത്രയുണ്ട് എന്നതല്ല, അത് എങ്ങിനെ വിനിയോഗിക്കുന്നു എന്നതിലാണ് കാര്യം.. ഞാന്‍ സമ്പാദിക്കുന്നതിൽ ഒരു ഭാഗം എന്റെ കുടുംബത്തിന് വേണ്ടി ചിലവഴിക്കും. രണ്ടാം ഭാഗം മാതാപിതാക്കള്‍ക്ക് നല്‍കും. മൂന്നാമത്തേത് മക്കളുടെ വിദ്യാഭ്യാസത്തിന് ഉപയോഗിക്കും. ബാക്കിയുള്ള പങ്ക് ഞാനെന്റെ വ്യക്തിപരമായ ആവശ്യത്തിന് ഉപയോഗിക്കും. അതുകൊണ്ട് തന്നെ കിട്ടുന്ന പണം എത്രയാണോ അതനുസരിച്ച് എന്റെ ധനോപയോഗത്തെ നിയന്ത്രിക്കാന്‍ എനിക്ക് സാധിക്കുന്നു.”
സമ്പാദിക്കുന്നതിന്റെ മികവിനേക്കാള്‍ പ്രധാനമാണ് ചിലവഴിക്കുന്നതിലെ വൈദഗ്ധ്യം. ഒരു രാത്രികൊണ്ട് ധനാഢ്യരായ പലരും ഒരു പകല്‍കൊണ്ട് ദാരിദ്ര്യത്തിലേക്ക് വഴുതിവീണിട്ടുമുണ്ട്.
പണം സമ്പാദിക്കാന്‍ കുറുക്കുവഴികള്‍ ധാരാളമുണ്ടെങ്കിലും ക്രിയാത്മകമായി ചെലവഴിക്കാന്‍ ധനവിനിയോഗ നൈപുണ്യം നേടുക തന്നെ വേണം. കോടിപതികളോ ലക്ഷപ്രഭുക്കളോ ആകാത്തവര്‍ പലരും സന്തോഷത്തോടെ ജീവിക്കുന്നതിന്റെ രഹസ്യം ഈ നൈപുണ്യമാണ്.
നമുക്കും വരവറിഞ്ഞ് പണം ചെലവഴിക്കുക എന്നത് ശീലമാക്കാം.
സൂര്യനാരായണൻ
ചിത്രം: നിപുകുമാർ