IndiaNEWS

തക്കാളി റോഡിൽ തള്ളി കർഷകർ, ഞെട്ടിച്ച തക്കാളിവില 300ൽ നിന്ന് 4 രൂപയിലേക്ക് കൂപ്പുകുത്തി

ഹൈദരാബാദ്: വില കുത്തനെ കുറഞ്ഞതിന് പിന്നാലെ  തക്കാളി റോഡിൽ തള്ളി കർഷകർ. ആന്ധ്ര പ്രദേശിലെ കുർണൂലിലാണ് സംഭവം. തക്കാളി കിലോയ്‌ക്ക് ഇപ്പോൾ വെറും നാല് രൂപയാണ് വില. കഴി‍ഞ്ഞ മാസം തക്കാളി  കിലോയ്‌ക്ക് 300 രൂപ വരെ എത്തിയിരുന്നു.  നിലവിലെ വിലയിൽ തൊഴിലാളികൾക്ക് കൂലി കൊടുക്കാനോ അടിസ്ഥാന സാധനങ്ങൾ വാങ്ങാനോ കഴിയില്ലെന്ന് കർഷകർ  കൂട്ടിച്ചേർത്തു. വിപണിയിൽ എത്തിച്ച തക്കാളി വിൽക്കാനും തിരിച്ചെടുക്കാനും കഴിയാതെ വന്നതോടെയാണ് റോഡിൽ ഉപേക്ഷിക്കേണ്ട അവസ്ഥ വന്നതെന്നും കർഷകർ ചൂണ്ടിക്കാട്ടി.

കുതിച്ചുയര്‍ന്ന തക്കാളി വില സാധാരണക്കാര്‍ക്ക് മാത്രമല്ല ഗവണ്‍മെന്റിനും വെല്ലുവിളിയായിരുന്നു. തക്കാളി മോഷ്ടാക്കളെ ഭയന്ന് കാവല്‍ക്കാരെ ഏര്‍പെടുത്തിയ സംഭവം വരെ ഉണ്ടായി.

Signature-ad

എന്നാല്‍ കുതിച്ചുയര്‍ന്ന് ഞെട്ടിച്ച തക്കാളിവില ആഴ്ചകള്‍ക്കുള്ളില്‍ കൂപ്പുകുത്തി വീണ്ടും ഞെട്ടിച്ചു. കിലോയ്ക്ക് 300 രൂപയില്‍ എത്തിയ തക്കാളി വിലയാണ് കുത്തനെ ഇടിഞ്ഞ് 4 രൂപയില്‍ എത്തിയത്. ഇപ്പോള്‍ ദിനം പ്രതി തക്കാളി വില കുത്തനെ ഇടിയുകയാണ്.

വിലയിടിവിന് പിന്നിലെ പ്രധാന കാരണം വിപണിയില്‍ നിറയുന്ന തക്കാളിയുടെ ഗണ്യമായ മിച്ചമാണ്. സീസണായാല്‍ വില ഒന്നും രണ്ടും രൂപ ആവാനും സാധ്യതയുണ്ട്. രണ്ടുമാസം മുന്‍പ്, ഉത്പാദനം കുറഞ്ഞതോടെ ആണ് തക്കാളിക്ക് വില കൂടാന്‍ തുടങ്ങിയത്.

കഴിഞ്ഞയാഴ്ച ബെംഗളൂറില്‍ തക്കാളി വില കിലോയ്ക്ക് 30 രൂപ മുതല്‍ 35 രൂപ വരെയായിരുന്നു. നേപ്പാളില്‍ നിന്ന് തക്കാളി ഇറക്കുമതി ചെയ്തതാണ് പ്രധാനമായും വിലയിടിവിന് കാരണമായി പറയുന്നത്. ഉത്തരേന്‍ഡ്യന്‍ സംസ്ഥാനങ്ങളിലുടനീളമുള്ള ഡിമാന്‍ഡ് ഇടിഞ്ഞതും ഈ പെട്ടെന്നുള്ള വിലയിടിവിന് കാരണമായി.

വില കുത്തനെ കൂടിയതോടെ സര്‍കാര്‍ ഇടപെട്ട് റേഷന്‍ കടകള്‍ വഴി 60 രൂപയ്ക്ക് തക്കാളി വിറ്റിരുന്നു. എല്ലായിടത്തും വിളവെടുപ്പ് സജീവമായതോടെ വില കുറയാന്‍ തുടങ്ങി. ഇതോട്ടെ കര്‍ഷകര്‍ നേരിടുന്ന നഷ്ടം വളരെ വലുതാണ്. വിളവെടുക്കാനുള്ള പണംപോലും അവര്‍ക്ക് കിട്ടാതെവരും. അതുകൊണ്ട് ഇപ്പോഴത്തെ വിലയിടിവ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് കര്‍ഷകരുടെ ആവശ്യം. മാത്രമല്ല കര്‍ഷകര്‍ക്ക് മിനിമം വില ഉറപ്പുവരുത്താന്‍ സംവിധാനം വേണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

അതേസമയം, കുത്തനെ ഇടിയുന്ന തക്കാളി വില കര്‍ഷകരെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ വിലയിടിവ് സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.

Back to top button
error: