KeralaNEWS

ബിജെപി തന്നെ പ്രതീക്ഷിക്കുന്നത് 7000 വോട്ട്; ബാക്കി എവിടെപ്പോയി? ആരോപണവുമായി ജെയ്ക്

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞടുപ്പില്‍ യുഡിഎഫ്-ബിജെപി കൂട്ടുകെട്ട് വീണ്ടും ആരോപിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ്. ഇരുകൂട്ടരും തമ്മിലുള്ള കൂട്ടുകെട്ടിന്റെ ചരിത്രം പുതുപ്പള്ളിയിലെ മുന്‍കാല കണക്കുകളില്‍ വ്യക്തമാണ്. ബിജെപി വോട്ട് എങ്ങോട്ടുപോയി എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നും ജെയ്ക് പറഞ്ഞു.

പുതപ്പള്ളി മണ്ഡലത്തില്‍ ഇരുപതിനായിരം വോട്ടുവരെ ബിജെപിക്ക് ഉണ്ടായിരുന്നു. കഴിഞ്ഞ തവണ ലഭിച്ച വോട്ട് ബിജെപിക്ക് ലഭിക്കുമോ എന്ന കാര്യത്തില്‍ അവരുടെ പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ അഭിപ്രായ വ്യത്യസമുണ്ട്. പരമാവധി ഏഴായിരം വോട്ടുകളാണ് ബിജെപി പ്രതീക്ഷിക്കുന്നത്. 2021ല്‍ ലഭിച്ച പതിനൊന്നായിരം വോട്ട് പോലും നേടാന്‍ കഴിയാത്ത സ്ഥിതിയാണ്. അത് എങ്ങോട്ടേക്ക് കൊടുത്തു, ഏത് രാഷ്ട്രീയത്തിന്റെ ഭാഗമായി അത്തരം ഒരു കുറവ് സംഭവിച്ചു എന്നുളളത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. വോട്ടര്‍മാരുടെയും പുതുപ്പള്ളിക്കാരുടെയും പ്രതികരണം സൂചിപ്പിക്കുന്നത് ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാനാണെന്നും ജെയ്ക് പറഞ്ഞു.

Signature-ad

നാളെ രാവിലെ പത്തുമണിയോടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ഫലം അറിയാനാകും. കോട്ടയം ബസേലിയസ് കോളജില്‍ നാളെ രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. 20 മേശകളിലായാണ് വോട്ടെണ്ണല്‍ ക്രമികരിച്ചിരിക്കുന്നത്.14 മേശകളില്‍ വോട്ടിങ് യന്ത്രവും 5 മേശകളില്‍ തപാല്‍ വോട്ടുകളും ഒരു മേശയില്‍ സര്‍വീസ് വോട്ടര്‍മാര്‍ക്കുള്ള ഇടിപിബിഎസ് (ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം) വോട്ടും എണ്ണും. തപാല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണുക.

ഇടിപിബിഎസ് വോട്ടുകളിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് കൗണ്ടിങ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ ശേഷമായിരിക്കും വോട്ടെണ്ണല്‍. തുടര്‍ന്ന് 14 മേശകളില്‍ വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. 13 റൗണ്ടുകളില്‍ വോട്ടെണ്ണല്‍ നടക്കും.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ 72.86% പേര്‍ വോട്ട് ചെയ്തെന്ന് ഔദ്യോഗിക കണക്ക്. തപാല്‍ വോട്ടുകള്‍ കൂടാതെയുള്ള കണക്കാണിത്. ഉപതെരഞ്ഞെടുപ്പില്‍ 1,28,535 പേരാണ് വോട്ട് ചെയ്തത്. ഏഴു സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. യുഡിഎഫിന്റെ ചാണ്ടി ഉമ്മന്‍, എല്‍ഡിഎഫിന്റെ ജെയ്ക് സി തോമസ്, ബിജെപിയുടെ ലിജിന്‍ ലാല്‍ എന്നിവര്‍ തമ്മിലാണ് പ്രധാന മത്സരം.പോളിങിലെ കുറവ് ഇരുമുന്നണികള്‍ക്കും വിജയപ്രതീക്ഷ നല്‍കുന്നു.

 

Back to top button
error: