മണ്ണ് നന്നായി കിളച്ച് കട്ടിയുള്ളതെല്ലാം പൊടിച്ചെടുത്ത് വെയിലത്ത് നന്നായി ഉണക്കിയാണ് വിത്ത് നടുന്നത്.ഒരു സെന്റിന് അഞ്ച് കിലോ എന്ന കണക്കില്‍ കുമ്മായം ചേര്‍ത്താല്‍ മണ്ണിലെ അമ്ലരസം കുറയ്ക്കാന്‍ കഴിയും.വിത്ത് പെട്ടെന്ന് തന്നെ മണ്ണിലേക്ക് നടാന്‍ പാടില്ല.പത്ത് ദിവസം മുമ്പ് മണ്ണ് കിളച്ചൊരുക്കി തയ്യാറാക്കണം.
ഒരു സെന്റില്‍ ഏകദേശം 80 കിലോ ചാണകപ്പൊടിയോ 50 കിലോ കോഴിവളമോ ചേര്‍ത്ത് മണ്ണ് നന്നായി ഇളക്കിയെടുക്കണം. നന്നായി മണ്ണില്‍ പോഷകങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കിയാല്‍ നല്ല വിളവ് കിട്ടും.വിത്ത് നടുന്നതിന് രണ്ട് ദിവസം മുമ്പ് അഞ്ച് കിലോ വേപ്പിന്‍ പിണ്ണാക്ക്, രണ്ട് കിലോ സ്യൂഡോമോണസ് എന്നിവ ചേര്‍ത്ത് ഇളക്കാം.
പയര്‍ വിത്ത് നടുമ്പോള്‍ രണ്ടടി വീതിയിലും ഒരടി ഉയരത്തിലും തടമെടുക്കുന്നതാണ് നന്നായി വളരാന്‍ നല്ലത്.വിത്തില്‍ റൈസോബിയം പുരട്ടി നടുന്നതാണ് കൂടുതൽ നല്ലത്.വെള്ളത്തിലോ കഞ്ഞിവെള്ളത്തിലോ റൈസോബിയം യോജിപ്പിച്ച് പയര്‍ വിത്തുകള്‍ മുക്കിയെടുക്കണം.ഇങ്ങനെ തയ്യാറാക്കിയ വിത്തുകള്‍ കടലാസിലോ ചാക്കിലോ ഇട്ട് തണലത്തുണക്കിയ ശേഷമാണ് നടേണ്ടത്.
റൈസോബിയം കള്‍ച്ചര്‍ വിപണിയില്‍ വാങ്ങാന്‍ കിട്ടും.ജൈവവളവും ജൈവകീടനാശിനികളും മാത്രമേ പയറിന് ഉപയോഗിക്കാവൂ.ഏകദേശം 10 മുതല്‍ 15 ദിവസത്തെ ഇടവേളകളില്‍ ജൈവവളങ്ങള്‍ ചേര്‍ത്ത് കൊടുക്കാം. വേഗത്തില്‍ വളരാന്‍ നേര്‍പ്പിച്ച പഞ്ചഗവ്യവും ഗോമൂത്രവും കടലപ്പിണ്ണാക്കും കുതിര്‍ത്ത് ചാണകപ്പൊടി വെള്ളത്തില്‍ കലക്കിയതുമായി ചേര്‍ത്ത് ആഴ്ചയില്‍ ഒരിക്കല്‍ വീതം ഒഴിച്ചുകൊടുക്കുന്നത് നന്നായിരിക്കും.
- പുളിപ്പിച്ച കഞ്ഞിവെള്ളം നേർപ്പിച്ച് മഞ്ഞൾപ്പൊടി കലക്കി ചെടികളുടെ ഇലകളിലും തണ്ടിലും സ്‌പ്രേ ചെയ്തു കൊടുത്താൽ ചെടികളെ ബാധിക്കുന്ന കുരുടിപ്പ്, വെള്ളീച്ച ശല്യം, മുരടിപ്പ് എല്ലാം മാറിക്കിട്ടും.കുറച്ചു ചുവട്ടിൽ ഒഴിച്ചു കൊടുത്താൽ തഴച്ചു വളരുകയും ചെയ്യും.
- ഉള്ളിത്തൊലി, വെളുത്തുള്ളിത്തൊലി, ഇഞ്ചിത്തൊലി ഇവയൊക്കെ നാലഞ്ചു ദിവസത്തേത് ഒരു പാത്രത്തിൽ എടുത്ത് മൂടത്തക്ക വെള്ളമൊഴിച്ച് ഒരാഴ്ച്ച അടച്ചുവച്ച ശേഷം അത് അരിച്ചെടുത്ത് നേർപ്പിച്ച് തളിച്ചു കൊടുക്കാം. ആഴ്ചയിൽ 2 ദിവസം ഇങ്ങനെ തളിച്ചു കൊടുത്താൽ ഈ ലായനിയുടെ രൂക്ഷഗന്ധവും നീറ്റലുണ്ടാക്കുന്ന ഘടകങ്ങളും മൃദുശരീരികളായ കീടങ്ങളെ അകറ്റും
- ചാഴിക്ക് കുറച്ച് ഉണക്കമീൻ 3-4 ദിവസം കുതിരാൻവയ്ക്കുക.അതിനുശേഷം ആ വെള്ളം ചെടികളിൽ തളിച്ചാൽ ചാഴികൾ ഓടും. ആഴ്ചയിൽ ഒരു വട്ടം ഇങ്ങനെ ചെയ്താൽ മതിയാകും.ഉറുമ്പിനെ ഓടിക്കാൻ കുറച്ചു വെള്ളത്തിൽ ഒരു സ്പൂൺ വിനാഗിരി, ഒരു സ്പൂൺ ലിക്വിഡ് സോപ്പ് എന്നിവ ചേർത്ത് തളിച്ചുകൊടുക്കാം
പരിചരണം ഏറ്റവും കൂടുതൽ വേണ്ട ഒരിനമാണ് പയർവർഗം. ഏറ്റവും കൂടുതൽ കീടാക്രമണം ഉള്ളത് പയറിനാണെന്നു പറയാം. ഉറുമ്പ് മുതൽ ചാഴി വരെ സർവരും ആക്രമിക്കും.അതിനാൽ ദിവസേനയുള്ള പരിചരണം അത്യാവശ്യമാണ്.പക്ഷെ ഒന്ന് മിനക്കെട്ടാൽ പുത്തനിത്തിരി പോക്കറ്റിൽ വരുമെന്ന് മറക്കേണ്ട.
നോട്ട് ദി പോയിന്റ്:ഓണത്തിന് പയർ വിളവെടുക്കണമെങ്കിൽ ഇടവത്തിൽ നടണം.