പത്തനംതിട്ട: വടശേരിക്കര ടൗണില്‍ ആഫ്രിക്കന്‍ ഒച്ചിന്റെ വ്യാപനം വര്‍ധിക്കുന്നു. തുടക്കത്തില്‍ കല്ലാറ്റിലെ ചപ്പാത്ത് കടവിനു സമീപം മാത്രം കാണപ്പെട്ട ഒച്ചുകളാണ് ഓരോ ദിവസം പിന്നിടുന്തോറും വ്യാപിക്കുന്നത്. ബംഗ്ലാംകടവ് പാലത്തിനു സമീപം വൈദ്യുതി തൂണിലും ഇന്നലെ ഒച്ചുകളെ കണ്ടു. വടശേരിക്കര പേങ്ങാട്ടുകടവ്, ചന്ത, ബംഗ്ലാംകടവ് എന്നിവിടങ്ങളിലെല്ലാം വന്‍തോതില്‍ ഒച്ചുകളെ കാണാം. സസ്യങ്ങളുടെ ഇലകള്‍ അവ തിന്നു തീര്‍ക്കുകയാണ്. കോണ്ക്രീറ്റുകളിലെ സിമന്റിന്റെ അവശിഷ്ടങ്ങള്‍, കടലാസ്, വീടുകളുടെ ഭിത്തികളിലെ കുമ്മായം എന്നിവയെല്ലാം അവ ആഹാരമാക്കുന്നു.
പകല്‍ ഒച്ചുകളെ കാണാനില്ല. നേരം ഇരുണ്ടു തുടങ്ങുമ്പോള്‍ മണ്ണിനടിയില്‍ നിന്ന് അവ കൂട്ടത്തോടെ പുറത്തെത്തും. പിന്നീട് നാശം വരുത്തുകയാണ്. വീട്ടുകാര്‍ ഉപ്പിട്ട് ഒച്ചുകളെ കൊല്ലുന്നുണ്ട്. എന്നാല്‍ അടുത്ത ദിവസം അവ വന്‍തോതില്‍ വീണ്ടുമെത്തും. വടശേരിക്കര പഞ്ചായത്തിന്റെ ചുമതലയില്‍ പ്രത്യേകം ലായനി സ്പ്രേ ചെയ്ത് ഒച്ചുകളെ കൊല്ലുന്നുണ്ട്. ഇതിനു കരാര്‍ നല്‍കിയിരിക്കുകയാണ്. ഒച്ചുകള്‍ കൂടുതലായുള്ള സ്ഥലങ്ങള്‍ പഞ്ചായത്തില്‍ അറിയിച്ചാല്‍ സ്പ്രേ ചെയ്യാന്‍ തൊഴിലാളികളെത്തും.