ഇന്ന് അദ്ധ്യാപക ദിനമാണ്.ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡണ്ടും പണ്ഡിതനും അധ്യാപകനുമായ ഡോ. എസ്. രാധാകൃഷ്ണൻ്റെ ആദരാർത്ഥമാണ് ഈ ദിനം ആചരിക്കുന്നത്.പക്ഷെ മറ്റൊരാളുടെ കാര്യമാണ് ഇവിടെ പറയാൻ ആഗ്രഹിക്കുന്നത്.കുട്ടൻ എന്ന ഒരു ഹരിജനായ കുട്ടിയുടെ കഥ.
കോട്ടയത്തിനടുത്ത് ഉഴവൂർ എന്ന ഗ്രാമത്തിൽ ലോവർ പ്രൈമറി സ്കൂളിൽ പഠിക്കുന്ന കാലത്ത് കുട്ടന് ബാബു എന്ന ഒരു ചങ്ങാതി ഉണ്ടായിരുന്നു. അക്കാലത്ത് നാട്ടിൽ വളരെ അപൂർവ്വമായിരുന്ന ടെറസ്സ് വീടായിരുന്നു ബാബുവിന്റേത്.
ആ വീട്ടിൽ ഒന്ന് കയറണമെന്ന് കുട്ടന് അതിയായ മോഹം ഉണ്ടായിരുന്നു മടിച്ചുമടിച്ചാണെങ്കിലും ഒരിക്കൽ കുട്ടൻ തന്റെ ഈ ആഗ്രഹം ബാബുവിനോട് പറഞ്ഞു.തന്റെ വീട്ടുകാർ ഒരിക്കലും ഇത് സമ്മതിക്കുകയില്ലെന്ന് ബാബുവിന് അറിയാമായിരുന്നു.അതിനാൽ മാതാപിതാക്കൾ വീട്ടിലില്ലാത്ത ഒരു ഞായറാഴ്ച്ച നോക്കി കുട്ടനെ ബാബു തന്റെ വീട്ടിലേക്ക് ക്ഷണിച്ചു.
അങ്ങനെ ഒരു ഞായറാഴ്ച കുട്ടൻ ബാബുവിന്റെ വീട്ടിലെത്തി കുറച്ചു നേരത്തെ കാഴ്ചകൾക്കു ശേഷം ഇഷ്ടമില്ലാതിരുന്നെങ്കിലും, ബാബുവിന്റെ രക്ഷിതാക്കളെ പേടിച്ച് കുട്ടൻ തിരിച്ചു പോകാൻ ഇറങ്ങി.അപ്പോഴാണ് അവൻ മുറ്റത്തുള്ള പട്ടിക്കൂട് ശ്രദ്ധിക്കുന്നത് .പട്ടിക്കൂട്ടിൽ കിടക്കുന്ന പട്ടിയല്ല,മറിച്ച് ബാബുവിന്റെ വീട്ടുകാർ ആ പട്ടിക്ക് നിരത്തിവച്ചിരുന്ന വിഭവ സമൃദ്ധമായ ഭക്ഷണമായിരുന്നു അവന്റെ ശ്രദ്ധയെ പിടിച്ചു വലിച്ചത്.
പിറ്റേ ദിവസം പതിവുപോലെ കുട്ടൻ സ്കൂളിലെത്തി. ടീച്ചർ ക്ലാസ് എടുത്തുകൊണ്ടിരിക്കെ പെട്ടെന്ന് A E O പരിശോധനക്കായി ക്ലാസ്സിൽ എത്തി. കുട്ടികളോട് പല ചോദ്യങ്ങൾ ചോദിച്ച് ഒടുവിൽ അദ്ദേഹം ഓരോ കുട്ടികളോടും ഭാവിയിൽ ആരാകണം എന്ന ചോദ്യം ചോദിച്ചു. പലരും പലതരത്തിലുള്ള അവരുടെ ആഗ്രഹങ്ങൾ പറഞ്ഞു . അതിൽ ഡോക്റ്ററും പട്ടാളക്കാരനും സിനിമാ നടനും പൈലറ്റും മറ്റും ഉണ്ടായിരുന്നു. അവസാനം A E O കുട്ടനോട് ചോദിച്ചു, ” തനിക്ക് ആരാവണം ” എന്ന് ? ഒട്ടും സംശയമില്ലാതെ കുട്ടൻ പറഞ്ഞു “എനിക്ക് ബാബുവിന്റെ വീട്ടിലെ പട്ടിയായാൽ മതി! ” ക്ലാസ്സിൽ കൂട്ടച്ചിരി പടർന്നു അതിൽ A E O യും പങ്കു ചേർന്നു.
പിന്നെ ചിരിയടങ്ങിയപ്പോൾ കൗതുകത്തോടെ A E O കുട്ടന്റെ ആഗ്രഹത്തിന്റെ കാരണം ചോദിച്ചു. കുട്ടൻ കാരണവും പറഞ്ഞു. അത് കേട്ടപാടെ ക്ലാസ്സിലെ ചിരി മാഞ്ഞു. കാരണം ആരുടേയും ഹൃദയം തകർക്കാൻ മാത്രം ശേഷിയുണ്ടായിരുന്നു ആ മറുപടിക്ക്.
” ബാബുവിന്റെ വീട്ടിലെ പട്ടിയായാൽ ഒരു നേരമെങ്കിലും വയറുനിറയെ ഭക്ഷണം കഴിക്കാമല്ലോ !” ക്ലാസ് മുറിയെ കണ്ണീരിലാഴ്ത്തിയ ആ സംഭവത്തിന് ശേഷം കാലം ഒരുപാട് കടന്നു പോയി.പട്ടിണിയോടും പ്രാരാബ്ദങ്ങളോടും പടവെട്ടി കുട്ടൻ എന്ന നാരായണൻ പഠിച്ചു. കുറവിലങ്ങാട് സ്‌കൂളില്‍ നിന്ന് ഇ.എസ്.എല്‍.സിയില്‍ ഉയര്‍ന്നമാര്‍ക്കോടെ വിജയം.
തുടര്‍ന്ന് ഇന്റര്‍മീഡിയറ്റിന് കോട്ടയം സി.എം.എസ് കോളേജില്‍ പ്രവേശനം. സാമ്പത്തിക പരാധീനതകള്‍ മനസിലാക്കിയ കോളേജ് പ്രിന്‍സിപ്പല്‍, നാരായണന് ഫീസ് ഇളവ് അനുവദിച്ചിരുന്നു. അന്ന് തിരുനക്കര ക്ഷേത്രത്തിനടുത്ത് പാലാക്കാരനായ ഒരു വക്കീലിന്റെ ഓഫീസ് മുറിയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ ഇരുന്ന് പഠിച്ച് ഇന്റര്‍മീഡിയറ്റ് ഒന്നാം ക്ലാസോടെ ആ മിടുക്കന്‍ പാസായി. തുടര്‍ന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ബി.എ. ഓണേഴ്‌സിന് പ്രവേശനം ലഭിച്ച നാരായണന്‍ പഠനം പൂര്‍ത്തിയാക്കിയത് ഒന്നാം റാങ്കോടെയും.
തിരുവിതാംകൂറിന്റെ ചരിത്രത്തിലാദ്യമായി ഒരു ഹരിജൻ യുവാവ് ഉയർന്ന മാർക്കോടെ ബി.എ. പാസായത് പത്രങ്ങളിൽ വലിയ വാർത്തയായിരുന്നു. പഠനശേഷം തൊഴിൽതേടി ഡൽഹിക്കുപോയ നാരായണൻ പത്രപ്രവർത്തകനായി. തുടർന്ന് 1944 ഏപ്രിൽ പത്തിന് മാഹാത്മാഗാന്ധിയെ അഭിമുഖം ചെയ്യാനുള്ള അവസരം ലഭിച്ചു.തുടർന്ന് ഉപരിപഠനത്തിനുള്ള സ്‌കോളർഷിപ്പ് ലഭിച്ചതിനാൽ 1945-ൽ നാരായണൻ ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ ചേർന്നു.
സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ വിഖ്യാത ചിന്തകനായ ഹരോൾഡ് ലാസ്‌കിയുടെ അരുമശിഷ്യനായി ഉയർന്ന മാർക്കോടെ ഇന്ത്യയിൽ മടങ്ങിയെത്തിയ നാരായണനെ ജവഹർലാൽ നെഹ്രു ഇന്ത്യൻ വിദേശകാര്യ സർവീസിലെടുത്തു.ലോകമെമ്പാടും ഭാരതത്തിന്റെ സന്ദേശവാഹകനായി ആ മലയാളി വളർന്നു. കെ.ആർ. നാരായണൻ എന്നായിരുന്നു അന്ന് അദ്ദേഹത്തിന്റെ പേര്.
സ്വതന്ത്ര ചുമതലയുള്ള അംബാസിഡറായി കെ ആർ നാരായണനെ നിയമിക്കുന്നത് 1967-ൽ തായ്ലന്റിലാണ്. 1973-ൽ നയതന്ത്രപ്രതിനിധിയായി ടർക്കിയിൽ നിയോഗിക്കപ്പെട്ടു. പിന്നീട് ചൈനീസ് അംബാസിഡർ. ചൈനയിലെ അംബാസിഡറായിരിക്കെ 1978-ൽ അദ്ദേഹം വിദേശകാര്യ സർവീസിൽ നിന്നും വിരമിച്ചു. ജനതാപാർട്ടി ഗവൺമെന്റ് നാരായണനെ 1978 ൽ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ വൈസ് ചാൻസലറായി നിയമിച്ചു.
ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി അദ്ദേഹം ഒറ്റപ്പാലത്തു നിന്നു മത്സരിച്ച് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. രാജീവ്ഗാന്ധി മന്ത്രിസഭയിൽ 1985 ഫെബ്രുവരി ഒന്നാം തീയതി നാരായണൻ മന്ത്രിയായി. ഒടുവിൽ ‘പട്ടിണി മാറ്റാൻ കൂട്ടുകാരന്റെ വീട്ടിലെ പട്ടിയാകാൻ ആഗ്രഹിച്ച’ കുട്ടൻ എന്ന കെ ആർ നാരായണൻ 1992, ഓഗസ്റ്റ് 21-ന് ഇന്ത്യയുടെ ഒൻപതാമത്തെ ഉപരാഷ്ട്രപതിയായും 1997 ജൂലായ് 25 ന് പത്താമത്തെ രാഷ്ട്രപതിയായും അവരോധിക്കപ്പെട്ടു.
2005 നവമ്പർ 9ന് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു…