KeralaNEWS

ഉമ്മന്‍ ചാണ്ടിക്കെതിരായ പരാതി വ്യാജമായിരുന്നെന്ന സി.ബി.ഐ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ച സാഹചര്യത്തില്‍ സിപിഎം മാപ്പു പറയണം : കെ സി ജോസഫ്

കോട്ടയം: സോളാർ കേസ്സിൽ ഉമ്മൻ ചാണ്ടിയെ പൂർണമായും കുറ്റവിമുക്തമാക്കിയ സിബിഐ റിപ്പോർട്ട് അംഗീകരിച്ചുകൊണ്ട് തുടർനടപടികൾ അവസാനിപ്പിക്കുവാൻ തിരുവനന്തപുരം സിജെഎം കോടതി തീരുമാനിച്ച സാഹചര്യത്തിൽ ഉമ്മൻചാണ്ടിക്കെതിരെ അടിസ്ഥാന രഹിതമായ അപവാദങ്ങൾ പ്രചരിപ്പിക്കുവാനും അദ്ദേഹത്തെ കേസ്സിൽ കുടുക്കുവാനും മുന്നിലും പിന്നിലും നിന്ന് പ്രവർത്തിച്ച മാർക്സിസ്റ്റ് പാർട്ടി പരസ്യമായി മാപ്പു പറയണമെന്ന് മുൻ മന്ത്രിയും കോൺഗ്രസ്സ് രാഷ്ട്രീയകാര്യ സമിതി അംഗവുമായ കെ സി ജോസഫ് ആവശ്യപ്പെട്ടു.

ഒരിക്കലും ചെയ്യാൻ പാടില്ലാത്ത രീതിയിൽ പീഠനക്കേസ്സിൽ ഉമ്മൻ ചാണ്ടിയെ കുടുക്കാനും വ്യക്തിഹത്യ നടത്താനും നടന്ന ശ്രമങ്ങളുടെയെല്ലാം പിന്നിൽ മാർക്സിസ്റ്റ്‌ പാർട്ടിയും അവരുടെ പിണിയാളുകളും ആയിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. ആരോപണങ്ങൾ ഉയർന്നപ്പോൾ ഉമ്മൻ ചാണ്ടി ഒളിച്ചോടി രക്ഷപ്പെടാൻ ശ്രമിച്ചില്ല. പകരം ജുഡീഷ്യൽ അന്വേഷണത്തിലൂടെ അതിനെ നേരിടാനും സ്വന്തം നിരപരാധിത്വം തെളിയിക്കാനുമാണ് അദ്ദേഹം തയ്യാറായത്. അന്ന് ഇടതുപക്ഷ മുന്നണിയുടെ പ്രമുഖ നേതാവായിരുന്ന സി പി ഐ യുടെ മുൻ മന്ത്രി കശ്രീ സി ദിവാകരന്റെ വെളിപ്പെടുത്തലിലൂടെ ശിവരാജൻ കമ്മീഷനെ സ്വാധീനിക്കാനായി അഞ്ചുകോടി രൂപ കോഴ കൊടുത്തുകൊണ്ട് ഉമ്മൻ ചാണ്ടിയെ കുറ്റവാളിയാക്കാൻ മാർക്സിസ്റ്റ് പാർട്ടി ബോധപൂർവ്വം നടത്തിയ ശ്രമങ്ങൾ ഇപ്പോഴും സി പി എം നിഷേധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

ആരോപണ വിധേയയായ സ്ത്രീ തന്നെ പറഞ്ഞത് തനിക്ക് സി പി എം പത്ത് കോടി രൂപ വാഗ്ദാനം ചെയ്ത് ഉമ്മൻ ചാണ്ടിക്കെതിരെ മൊഴി നൽകാൻ തന്നെ സമീപിച്ചിരുന്നുവെന്നാണ് . താൻ ആദ്യം അതിന് തയ്യാറായില്ലെന്നും അവർ പറഞ്ഞു . ഇന്ന് അടിസ്ഥാന രഹിതമായ ആരോപണങ്ങളും എല്ലാ നുണക്കഥകളും തകർന്ന് മണ്ണിടഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിൽ രാഷ്ട്രീയ മാന്യതയെക്കരുതി ഉമ്മൻ ചാണ്ടിയെ അപമാനിക്കാനും അപകീർത്തിപ്പെടുത്താനും ശ്രമിച്ച മാർക്സിസ്റ്റ് പാർട്ടി പരസ്യമായി മാപ്പു പറയാൻ തയ്യാറാവണമെന്ന് കെ സി ജോസഫ് ആവശ്യപ്പെട്ടു.

Back to top button
error: