SportsTRENDING

ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കയ്ക്ക് അഞ്ച് വിക്കറ്റ് ജയം

പല്ലേക്കെലേ: ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കയ്ക്ക് അഞ്ച് വിക്കറ്റ് ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് 165 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ട് വച്ചത്. ശ്രീലങ്ക മറുപടി ബാറ്റിംഗില്‍ 39 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ചരിത് അസലങ്ക (62), സധീര സമരവിക്രമ (54) എന്നിവരുടെ ബാറ്റിംഗാണ് ലങ്കയെ വിജയത്തിലേക്ക് നയിച്ചത്. ഷാക്കിബ് അല്‍ ഹസന്‍ ബംഗ്ലാദേശിനായി രണ്ട് വിക്കറ്റെടുത്തു. നേരത്തെ, നജ്മുല്‍ ഹുസൈന്‍ ഷാന്റോയുടെ (89) ഇന്നിംഗ്‌സാണ് ബംഗ്ലാദേശിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. മതീഷ പതിരാന നാല് വിക്കറ്റ് വീഴ്ത്തി.

ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന് ശ്രീലങ്കയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. 9.2 ഓവറില്‍ ആതിഥേയര്‍ മൂന്നിന് 43 എന്ന നിലയിലേക്ക് വീണു. ദിമുത് കരുണാരത്‌നെ (1) ആദ്യം മടങ്ങി. പതും നിസ്സങ്ക (14), കുശാല്‍ മെന്‍ഡിസ് (5) എന്നിവര്‍ക്കും തിളങ്ങാനായില്ല. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ സമരവിക്രമ – ചരിത് അസങ്കല എന്നിവര്‍ കൂട്ടിചേര്‍ത്ത 68 റണ്‍സ് ലങ്കയ്ക്ക് തുണയായി. എന്നാല്‍ സമരവിക്രമയെ പുറത്താക്കി മെഹദി ഹസന്‍ ബംഗ്ലാദേശിന് ബ്രേക്ക് ത്രൂ നല്‍കി. ധനഞ്ജയ ഡിസില്‍വയെ (2) ഷാക്കിബ് ബൗള്‍ഡാക്കിയെങ്കിലും ദസുന്‍ ഷനകയെ (14) കൂട്ടുപിടിച്ച് അസലങ്ക ലങ്കയെ വിജയത്തിലേക്ക് നയിച്ചു.

Signature-ad

നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിനെ നാല് വിക്കറ്റ് നേടിയ മതീഷ പതിരാനയാണ് തകര്‍ത്തത്. ഷാന്റോ ഒഴികെ ബംഗ്ലാ നിരയില്‍ ആര്‍ക്കും തിളങ്ങാനായില്ല. ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ ഉള്‍പ്പെടെ ബംഗ്ലാദേശിന്റെ ആറ് താരങ്ങള്‍ രണ്ടക്കം കാണാതെ പുറത്തായി. സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു ബംഗ്ലദാശേിന് സ്‌കോര്‍ബോര്‍ഡില്‍ 36 റണ്‍സ് മാത്രമുള്ളപ്പോള്‍ മൂന്ന് വിക്കറ്റുകള്‍ ബംഗ്ലാദേശിന് നഷ്ടമായി. തന്‍സീദ് ഹസന്‍ (0) ആദ്യ മടങ്ങി. മഹീഷ് തീക്ഷണയ്ക്കായിരുന്നു വിക്കറ്റ്.

പിന്നാലെ മുഹമ്മദ് നെയിം (16). ധനഞ്ജയ ഡിസില്‍വയാണ് രണ്ടാം വിക്കറ്റ് നേടിയത്. ഷാക്കിബിന് അഞ്ച് റണ്‍സെടുക്കാനാണ് സാധിച്ചത്. ഇത്തവണ പതിരാന ആദ്യ വിക്കറ്റ് നേടി. അഞ്ചാം വിക്കറ്റില്‍ ഷാന്റോ – തൗഹിദ് ഹൃദോയ് (20) സഖ്യം 59 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഹൃദോയിയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനക ബ്രേക്ക് ത്രൂ നല്‍കി.

വിശ്വസ്ഥനായ മുഷ്ഫിഖുര്‍ റഹീം (13) നിരാശപ്പെടുത്തിയതോടെ മികച്ച സ്‌കോര്‍ ഉയര്‍ത്താമെന്ന ബംഗ്ലാദേശിന്റെ പ്രതീക്ഷകളും അവസാനിച്ചു. പിന്നീടെത്തിയവരില്‍ ആര്‍ക്കും രണ്ടക്കം കാണാനും സാധിച്ചില്ല. മെഹിദി ഹസന്‍ മിറാസ് (5), മെഹ്ദി ഹസന്‍ (6), ടസ്‌കിന്‍ അഹമ്മദ് (0), മുസ്തഫിസുര്‍ റഹ്മാന്‍ (0) എന്നിവര്‍ പൊരുതാതെ കീഴടങ്ങി. ഇതിനിടെ ഷാന്റോയും വീണും. ഏഴ് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ഷാന്റോയുടെ ഇന്നിംഗ്‌സ്. തീക്ഷണ രണ്ടും ഡി സില്‍വ, ദുനിത് വെല്ലാലഗെ, ഷനക എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Back to top button
error: