സുൽത്താൻബത്തേരി: ഓണത്തിന് കൂടിയ നിരക്കിൽ ആവശ്യക്കാർക്ക് എത്തിക്കാൻ സൂക്ഷിച്ചിരുന്ന ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി മധ്യവയസ്കനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മുത്തങ്ങക്കടുത്ത കല്ലൂർ അറുപത്തിയേഴ് സ്വദേശി കാഞ്ഞിരക്കാട്ട് വീട്ടിൽ സി. ബാലനാണ് ബീനാച്ചിയിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനക്കിടെ അറസ്റ്റിലായത്. ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയായിരുന്നു ഇത്.
21 കുപ്പികളിലായി 21 ലിറ്റർ മദ്യമാണ് ബാലനിൽ നിന്ന് കണ്ടെടുക്കാനായത്. സ്ഥിരം ലഹരി വിൽപ്പനക്കാരനാണ് പ്രതിയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. നിരവധി അബ്കാരി കേസുകളിൽ നിലവിൽ ബാലൻ പ്രതിയാണ്. പ്രതിയെ സുൽത്താൻബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പ്രിവന്റീവ് ഓഫീസർ എം.എ. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ ശിവൻ.പി പി. ഷെഫീഖ് എം.ബി, ബാബു ആർ സി എന്നിവരും ഉണ്ടായിരുന്നു.
ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ എക്സൈസ് പരിശോധന ഊർജ്ജിതമാക്കിയിരുന്നു. ആര്യനാട് എക്‌സൈസ് വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ 2,000 ലിറ്റർ കോടയും 35 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളുമാണ് എക്സൈസ് പിടികൂടി നശിപ്പിച്ചത്. ചിറയിൻകീഴ് നടത്തിയ പരിശോധനയിൽ നാലര ലിറ്റർ ചാരായവും 20 ലിറ്റർ വാഷും 75 ലിറ്റർ കോടയുമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്.
പുതുപ്പള്ളി മണ്ഡലത്തിന്റെ പരിധിയിൽ നടത്തിയ പരിശോധനയിൽ വലിയ രീതിയിലാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. ഇതുവരെ പൊലീസ്, ഫ്‌ളയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് ടീം എന്നിവരുടെ നേതൃത്വത്തിൽ 70.1 ലിറ്റർ മദ്യവും എക്‌സൈസ് വകുപ്പിന്റെ പരിശോധനയിൽ 1564.53 ലിറ്റർ മദ്യവും പിടിച്ചെടുത്തിട്ടുള്ളത്.