നദികളിലും ഡാമുകളിലും ജലനിരപ്പു വളരെ താഴ്ന്ന നിലയിലാണ്. ഈ കുറവിനെക്കാള്‍ ആശങ്കയുളവാക്കുന്നത് വരാനിരിക്കുന്ന നാളുകളിലും പ്രതീക്ഷിച്ചതിനെക്കാള്‍ കുറവായിരിക്കും മഴ എന്ന സൂചനയാണ്.
വരും മാസങ്ങളില്‍ മഴയുടെ അളവ് ഗണ്യമായി കുറയുമെന്നും ഇന്നു വരെ സാക്ഷ്യം വഹിക്കാത്ത വരള്‍ച്ചയിലേക്കാണ് കേരളം നീങ്ങുന്നതെന്നും ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സിഡബ്ല്യുആര്‍ഡിഎം) മുന്നറിയിപ്പു നല്‍കുന്നു. ദുരന്ത സാഹചര്യത്തെ നേരിടാൻ സര്‍ക്കാര്‍ സംവിധാനങ്ങളും വ്യക്തികളും യോജിച്ച നടപടികളിലേക്ക് കടക്കണമെന്നും സിഡബ്ല്യുആര്‍ഡിഎം മുന്നറിയിപ്പു നല്‍കുന്നു. കേരളത്തിലെ എല്ലാ ജില്ലകളും വരള്‍ച്ചയുടെ പിടിയിലാകും. ആറ് ജില്ലകളില്‍ തീവ്ര വരള്‍ച്ചയും എട്ട് ജില്ലകളില്‍ കഠിന വരള്‍ച്ചയുമായിരിക്കും ഉണ്ടാവുക.
ജൂണ്‍ 1 മുതല്‍ ഓഗസ്റ്റ് 30 വരെയുള്ള മൂന്നു മാസത്തെ കണക്കനുസരിച്ച് കേരളത്തില്‍ 48 ശതമാനം മഴയുടെ കുറവുണ്ട്. 3 മാസംകൊണ്ട് 1735.2 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 909.5 മില്ലി മീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. ഇടുക്കി, കോഴിക്കോട്, വയനാട്, പാലക്കാട്, കോട്ടയം, തൃശൂര്‍ എന്നീ ആറ് ജില്ലകളില്‍ മഴയുടെ കുറവ് 50 ശതമാനത്തിലുമേറെയാണ്. പ്രധാന വൃഷ്ടി പ്രദേശമായ ഇടുക്കിയില്‍ സാധാരണ പെയ്യുന്ന മഴയുടെ 37 ശതമാനമേ ഈ വര്‍ഷം ലഭിച്ചുള്ളു.
ഇതെല്ലാം കടുത്ത വരള്‍ച്ചയിലേക്ക് എന്നതിന്റെ സൂചനകളാണ് നല്‍കുന്നത്. കേരളം 2016ലേതിനു സമാനമായ വരള്‍ച്ചയിലേക്ക് എത്തുമെന്നാണ് പറയുന്നതെങ്കിലും സ്ഥിതിഗതികള്‍ അതിലും രൂക്ഷമാകുമെന്നാണ് സൂചന.