മലപ്പുറം: മുസ്ലിം ലീഗ് ദേശീയ എക്സിക്യുട്ടീവ് യോഗം ആരംഭിച്ചു. മലപ്പുറം ജില്ലാ കമ്മിറ്റി ഓഫിസിലാണ് യോഗം ചേരുന്നത്. മുസ്ലിം ലീഗ് ദില്ലിയിൽ പണികഴിപ്പിക്കുന്ന ദേശീയ ആസ്ഥാനത്തിൻ്റെ നിർമാണ പുരോഗതിയും ഏഴുപത്തിയഞ്ചാം വാർഷിക സമ്മേളനത്തിന്റെ ഒരുക്കവുമാണ് യോഗത്തിലെ പ്രധാന അജണ്ടകൾ. പാർട്ടിയുടെ സംഘടന വിഷയങ്ങളും യോഗത്തിൽ ചർച്ചയാകും. മുസ്ലിം ലീഗിന്റെ ദേശീയ ആസ്ഥാനമന്ദിര നിർമാണത്തിന് വേണ്ടി പ്രവർത്തകരിൽ നിന്ന് ധനസമാഹരണം നടത്തിയിരുന്നു. ഏതാണ്ട് 27 കോടിയോള്ളം രൂപയാണ് കേരളത്തിലെ പ്രവർത്തകരിൽ നിന്നും പിരിച്ചെടുത്തത്. ഇതിനെതിരെ കെ ടി ജലീൽ നേരത്തെ രംഗത്തുവന്നിരുന്നു. മുസ്ലീംലീഗ് ആസ്ഥാനമന്ദിര നിർമാണത്തിന് വേണ്ടി പിരിച്ച പണം വകമാറ്റാൻ നീക്കം നടക്കുന്നുണ്ടെന്നായിരുന്നു ജലീലിന്റെ അരോപണം.
പണം വകമാറ്റാനുള്ള ലീഗിന്റെ പതിവുതന്ത്രം വിലപ്പോവില്ലെന്നും പത്തൊമ്പത് കോടി രൂപ കൊടുത്ത് വാങ്ങി തട്ടിക്കൂട്ടുന്ന ബിൽഡിംഗിന് ഖാഇദെമില്ലത്തിന്റെ പേരിടാനാണ് നീക്കമെന്നും ജലീൽ അരോപിച്ചു. ഖാഇദെമില്ലത്തിന്റെ പേരിൽ സൗധത്തിന് അതിന്റേതായ ഗാംഭീര്യമില്ലെങ്കിൽ ആ മഹാന്റെ പേര് കെട്ടിടത്തിന് മുകളിൽ എഴുതരുതെന്നും തട്ടിക്കൂട്ട് സൗധത്തിനായിരുന്നെങ്കിൽ ലീഗ് പ്രവർത്തകരും പൊതുജനങ്ങളും സംഭാവന നൽകുമായിരുന്നുവെന്ന് ആരെങ്കിലും കരുതുന്നുണ്ടോയെന്നും ജലീൽ അരോപിച്ചിരുന്നു. ഖാഇദെമില്ലത്തിന്റെ പേരിൽ പിരിക്കുന്ന പണമെങ്കിലും യഥാവിധി ലീഗ് നേതൃത്വം ചെലവാക്കുമെന്ന് അവർ ന്യായമായും പ്രതീക്ഷിച്ചതായും അതുണ്ടാകാതെ വന്നപ്പോഴാണ് വിമർശനം വേണ്ടി വന്നതെന്നും ജലീൽ പറഞ്ഞു.