KeralaNEWS

ഫോണ്‍ ഓഫാക്കി കരാറുകാരന്‍ മുങ്ങി; ‘സ്പീക്കറുടെ സദ്യ’ നിയമസഭാ സെക്രട്ടറി അന്വേഷിക്കും

തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍.ഷംസീര്‍ നിയമസഭയില്‍ നടത്തിയ സദ്യ അലങ്കോലപ്പെട്ടതിനു ശേഷവും കരാറുകാരനെ കണ്ടെത്താനോ വിശദീകരണം തേടാനോ നിയമസഭാ അധികൃതര്‍ക്ക് ഇതുവരെ സാധിച്ചില്ല. കാട്ടാക്കട സ്വദേശിയായ കരാറുകാരന്‍ ഫോണ്‍ ഓഫ് ചെയ്തു മുങ്ങിയിരിക്കുകയാണെന്നു നിയമസഭാ അധികൃതര്‍ പറയുന്നു.

ഇതേക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ നിയമസഭാ സെക്രട്ടറിയെ സ്പീക്കര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. 1300 പേര്‍ക്ക് സദ്യ ഒരുക്കണം എന്നാണ് കരാറുകാരനോടു പറഞ്ഞിരുന്നത്. പുറത്തു പാചകം ചെയ്തു നിയമസഭയില്‍ എത്തിച്ച ഭക്ഷണ സാധനങ്ങള്‍ കഷ്ടിച്ച് 800 പേര്‍ക്കു നല്‍കാനേ തികഞ്ഞുള്ളൂ.

Signature-ad

സദ്യ പകുതിയോളം പേര്‍ക്കു വിളമ്പിയപ്പോള്‍ തീര്‍ന്നിരുന്നു. സദ്യയുണ്ണാന്‍ എത്തിയ സ്പീക്കറും പഴ്‌സനല്‍ സ്റ്റാഫും 20 മിനിറ്റോളം കാത്തിരുന്നിട്ടും ഊണ് കിട്ടിയില്ല. ഒടുവില്‍ പായസവും പഴവും മാത്രം കഴിച്ച് സ്പീക്കറും സംഘവും മടങ്ങി. മുന്‍പ് ജീവനക്കാര്‍ പിരിവെടുത്താണു നിയമസഭയില്‍ ഓണാഘോഷം സംഘടിപ്പിച്ചിരുന്നത്. എന്നാല്‍, ഇത്തവണ ഓണസദ്യ സര്‍ക്കാര്‍ ചെലവില്‍ നടത്താന്‍ സ്പീക്കര്‍ തീരുമാനിക്കുകയായിരുന്നു.

1,300 പേര്‍ക്ക് ഓണസദ്യ നല്‍കാനായാണ് ക്വട്ടേഷന്‍ വിളിച്ചത്. കാട്ടാക്കട മുതിയാവിളയിലെ കേറ്ററിങ് ഏജന്‍സി ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയതിനാല്‍ ക്വട്ടേഷന്‍ അവര്‍ക്കു നല്‍കി. 400 പേര്‍ക്ക് ഇരിക്കാവുന്ന ഹാളിലാണ് സദ്യ വിളമ്പിയത്. ആദ്യത്തെ പന്തിയില്‍ എല്ലാവര്‍ക്കും സദ്യ ലഭിച്ചു. എന്നാല്‍, രണ്ടാമത്തെ പന്തിയില്‍ പകുതിപ്പേര്‍ക്ക് വിളമ്പിയപ്പോള്‍ തീര്‍ന്നു. ഇതേ സമയത്താണ് സ്പീക്കറും സംഘവും എത്തിയത്. ഇവര്‍ക്കായി കസേര ക്രമീകരിച്ച് ഇലയിട്ടെങ്കിലും 20 മിനിറ്റോളം കാത്തിരുന്നിട്ടും സദ്യ എത്തിയില്ല. തുടര്‍ന്ന് സദ്യ കഴിച്ചു കൊണ്ടിരുന്നവരുടെ ഭാഗത്തു നിന്നു പായസവും പഴവും എത്തിച്ചുനല്‍കി.

രണ്ടും കഴിച്ച് സ്പീക്കറും സംഘവും ഹാള്‍ വിട്ടു. രണ്ടാം പന്തിയില്‍ കാത്തിരുന്ന ബാക്കിയുള്ളവര്‍ക്ക് എവിടെ നിന്നോ ചോറും ഏതാനും കറികളും എത്തിച്ചു നല്‍കി. അതോടെ ഓണസദ്യ അവസാനിച്ചു. പുറത്ത് കാത്തുനിന്ന അഞ്ഞൂറോളം പേര്‍ ഇന്ത്യന്‍ കോഫി ഹൗസിലും മറ്റും പോയാണ് വിശപ്പടക്കിയത്. സദ്യ പ്രതീക്ഷിച്ചു വന്ന പലരും പൊറോട്ടയും ചപ്പാത്തിയും കഴിച്ചു പിരിഞ്ഞു. ഓണസദ്യയുള്ളതിനാല്‍ കോഫി ഹൗസിലും കുറച്ച് ആഹാരമാണു കരുതിയിരുന്നത്. അതിനാല്‍ അവസാനം എത്തിയ ഏതാനും പേര്‍ക്ക് അവിടെയും ഭക്ഷണം കിട്ടിയില്ല.

 

 

Back to top button
error: