KeralaNEWS

പുതുപ്പള്ളി മണ്ഡലത്തില്‍ ബിജെപി  സഹായിക്കും;ജെയ്ക്ക് ജയിക്കും

കോട്ടയം: നിലവിലെ സാഹചര്യത്തിൽ ഒറ്റയ്ക്ക് പുതുപ്പള്ളി മണ്ഡലത്തിൽ വിജയിക്കാൻ സാധിക്കില്ലെങ്കിലും ആര് ജയിക്കുമെന്ന് തീരുമാനിക്കാൻ തക്ക ശക്തിയുള്ള ഒരു പാർട്ടിയാണ് ബിജെപി.മുപ്പത്തയ്യായിരത്തിലേറെ ഉറപ്പ് വോട്ടുകളാണ് അവർക്ക് മണ്ഡലത്തിലുള്ളത്.എന്നാൽ സാധാരണ രീതിയിൽ പെട്ടിയിൽ വീഴുന്നത് ഇരുപതിനായിരത്തിൽ താഴെയും.

കൃത്യമായി ബിജെപിക്ക് മണ്ഡലത്തില്‍ മുപ്പത്തയ്യായിരം വോട്ടുകളുണ്ട്. കൂടാതെ അനുഭാവികളുമുണ്ട്.എന്നിരിക്കെയും ‍ ഒരിക്കൽ പോലും കാല്‍ലക്ഷത്തില്‍ പരം വോട്ടുകള്‍ ബിജെപി സ്ഥാനാര്‍ഥി പെട്ടിയിലാക്കിയിട്ടില്ലെന്നതാണ് വസ്തുത.2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി ജോര്‍ജ് കുര്യൻ പതിനാറായിരത്തോളം വോട്ടുകള്‍ സ്വന്തമാക്കിയെങ്കില്‍ 2021ല്‍ ബിജെപി വോട്ടുകള്‍ ഏറെയും എവിടേക്കോ ഒഴുകിപ്പോയി.

ശബരിമലയും സഹസ്രനാമജപവും സ്ത്രീപ്രവേശനവും ഉള്‍പ്പെടെ ബിജെപി തരംഗമായി മാറിയ ആ തിരഞ്ഞെടുപ്പിൽ ബിജെപി ജില്ലാ പ്രസിഡന്റായിരുന്ന എൻ ഹരി നേടിയത് കേവലം പന്തീരായിരത്തില്‍ താഴെ വോട്ടുകള്‍ മാത്രം !

Signature-ad

ഇത്തവണ പുതുപ്പള്ളിയില്‍ ബിജെപിയുടെ സ്ഥാനാര്‍ഥി പാര്‍ട്ടിയുടെ നിലവിലെ ജില്ലാ പ്രസിഡന്റ് ലിജിൻ ലാലാണ്. അകലക്കുന്നം, അയര്‍ക്കുന്നം, കൂരോപ്പട, മണര്‍കാട്, മീനടം, പാമ്ബാടി, പുതുപ്പള്ളി, വാകത്താനം ഗ്രാമപഞ്ചായത്തുകളാണ് പുതുപ്പള്ളി നിയോജകമണ്ഡലം പരിധിയിലുള്ളത്.

ഇതില്‍ എല്ലാ പഞ്ചായത്തുകളിലും നാലായിരത്തോളം സജീവ ബിജെപി വോട്ടുകളുണ്ടെന്നിരിക്കെ ഇത്രയും വോട്ടുകളും ഒരിക്കല്‍പോലും ബിജെപിയുടെ പെട്ടിയില്‍ വീണിട്ടില്ല. അനുഭാവികളുടെ വോട്ടുകള്‍ കൂടി നേടിയാല്‍ മുപ്പത്തി അയ്യായിരത്തിലേറെ വോട്ടുകള്‍ ഭാരതീയ ജനതാ പാര്‍ട്ടി നേടേണ്ടതാണ്. ബിജെപി വോട്ടുകളില്‍ ഒരു പങ്ക് എല്ലാ തെരഞ്ഞെടുപ്പുകളിലും ഉമ്മൻ ചാണ്ടിക്ക് പേഴ്‌സണല്‍ വോട്ടുകളായി പോകുന്നുവെന്നത് പരസ്യമായ രഹസ്യമാണ്.

പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ്- ബിജെപി ധാരണയുണ്ടെന്ന് എക്കാലത്തും എല്‍ഡിഎഫ് ആരോപണം ഉയർത്താറുമുണ്ട്.ഇതിനെ സാധൂകരിക്കുന്നതായിരുന്നു അടുത്തിടെ കിടങ്ങൂർ പഞ്ചായത്തിൽ നടന്ന സംഭവം. ഇക്കാലം വരെ ഉമ്മൻ ചാണ്ടി ഓരോ കുടുംബങ്ങള്‍ക്കും ചെയ്ത ഉപകാരങ്ങളുടെ നന്ദിയായി വ്യക്തിപരമായി ഉമ്മൻ ചാണ്ടിക്ക് വോട്ടായി മാറിയിട്ടുണ്ടെന്നത് വസ്തുതയാണ്. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജെയ്ക് സി തോമസ് കടുത്ത മത്സരം കാഴ്ചവച്ച സാഹചര്യത്തില്‍ ബിജെപിയുടെ പതിനായിരത്തോളം വോട്ടുകളാണ് ഉമ്മൻ ചാണ്ടിയെ രക്ഷിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷണം.

 2016 ഇലക്ഷനില്‍ നിന്നും നാലായിരം വോട്ടുകള്‍ ബിജെപിക്ക് കുറഞ്ഞുവെന്നത് ഇതില്‍ നിന്ന് ഏറെ വ്യക്തവുമാണ്. കേരള കോണ്‍ഗ്രസ് മാണി വിഭാഗവും യാക്കോബായ സഭയും ഉമ്മൻ ചാണ്ടിയെ കൈവിട്ട സാഹചര്യത്തില്‍ അന്ന് അവസാനനിമിഷം രക്ഷയായത് ബിജെപി വോട്ടുകളാണ്. എന്നാല്‍ ഉമ്മൻ ചാണ്ടിയുടെ മരണ ഉയര്‍ത്തുന്ന സഹതാപത്തില്‍ ഇത്തവണ യാക്കോബായ വോട്ടുകളിലും മാണി കേരള വോട്ടുകളിലും ഒരു വിഹിതം ചാണ്ടി ഉമ്മന് അനുകൂലമായി ലഭിക്കുമെന്നാണ് പൊതുവെയുള്ള പ്രതീക്ഷ. ഈ വോട്ടുകളും ബിജെപി വോട്ടുകളും ചാണ്ടി ഉമ്മന് ലഭിക്കുന്നില്ലെങ്കില്‍ പുതുപ്പള്ളിയിലെ വിജയപ്രവചനം അത്ര ഈസിയാവില്ല.

പുതുപ്പള്ളി മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനും മുസ്ലീം ലീഗിനും കാര്യമായ വേരോട്ടമില്ല. അയര്‍ക്കുന്നം, അകലക്കുന്നം, കൂരോപ്പട എന്നിവിടങ്ങളില്‍ കത്തോലിക്കാ വിഭാഗത്തിനാണ് മുൻതൂക്കം. മീനടത്തും യാത്തോബായ വിശ്വാസികള്‍ ഏറെപ്പേരുണ്ട്. മണര്‍കാട് യാക്കോബായ സഭയുടെ ശക്തികേന്ദ്രമാണ്. പാമ്ബാടി, പുതുപ്പള്ളി മേഖലയില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്കാണ് മുൻതൂക്കം. വാകത്താനത്ത് കത്തോലിക്കര്‍ക്കും ഓര്‍ത്തഡോക്‌സും കാര്യമായ വേരോട്ടമുണ്ട്.

ഹൈന്ദവരില്‍ നായര്‍, ഈഴവ വിഭാഗങ്ങള്‍ തുല്യമാണ്. എന്നാല്‍ ദളിത് പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഇവിടെ മുപ്പതിനായിരത്തോളം വോട്ടുകളുണ്ട്.സിഎസ്ഡിഎസ് സംഘടന നിലവില്‍ വരുന്നതിനു മുൻപ് ദളിത് വോട്ടുകളേറെയും സിപിഎം സ്ഥാനാര്‍ഥിക്ക് അനുകൂലമായിരുന്നു. എന്നാല്‍ സിഎസ്ഡിഎസ് സ്വന്തമായി സ്ഥാനാര്‍ഥിയെ നിറുത്താൻ തുടങ്ങിയത് സിപിഎമ്മിന് കൂടുതല്‍ ക്ഷീണമുണ്ടാക്കി. ഇക്കുറി സിഎസ്ഡിഎസിനു സ്ഥാനാര്‍ഥി ഇല്ലാത്ത സാഹചര്യത്തില്‍ ഈ വോട്ടുകള്‍ അപ്പാടെ ജെയ്ക്കിന് അനുകൂലമായാല്‍ യുഡിഎഫിനെ ക്ഷീണം ചെയ്യും.

ഉമ്മൻചാണ്ടിയോടുള്ള താൽപ്പര്യം ബിജെപിക്ക് ചാണ്ടി ഉമ്മനോടില്ല.ബിജെപി എൽഡിഎഫിനൊട്ട് വോട്ട് ചെയ്യുകയുമില്ല.അപ്പോൾ ഇത്തവണ അവരുടെ വോട്ടുകൾ മുഴുവൻ ബിജെപി സ്ഥാനാർത്ഥിക്കു തന്നെ ലഭിക്കാനാണ് സാധ്യത.അതോടെ പുതുപ്പള്ളിയിൽ ജെയ്ക് സി തോമസ് പാട്ടുംപാടി ജയിക്കുകയും ചെയ്യും.

കഴിഞ്ഞ തവണ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയെ രക്ഷപ്പെടുത്തിയത് ബിജെപി ; ജെയ്ക്ക് വീണ്ടും പുതുപ്പള്ളിയിൽ സ്ഥാനാർത്ഥിയാകുമ്പോൾ

 2016 ല്‍ എസ്എഫ്‌ഐ നേതാവായ ജെയ്ക്ക് സി തോമസ് ആയിരുന്നു ഉമ്മന്‍ ചാണ്ടിയുടെ എതിരാളി. മണ്ഡലത്തില്‍ വലിയ ഓളം സൃഷ്ടിക്കാന്‍ ജെയ്ക്കിന് കഴിഞ്ഞെങ്കിലും ഉമ്മന്‍ ചാണ്ടി 27,092 വോട്ടിന്റെ ഭൂരിപക്ഷം സ്വന്തമാക്കി.2021 ല്‍ എത്തിയപ്പോഴും എസ്എഫ്‌ഐക്കാരനില്‍ നിന്ന് ഡിവൈഎഫ്‌ഐക്കാരനായി വളര്‍ന്ന ജെയ്ക്ക സി തോമസ് തന്നെ ആയിരുന്നു ഉമ്മന്‍ ചാണ്ടിയുടെ എതിരാളി.ഒടുവില്‍ ഉമ്മന്‍ ചാണ്ടിയെ ശരിക്കും വിറപ്പിച്ചാണ് ജെയ്ക്ക് അന്ന് കീഴടങ്ങിയത്.കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടെ ഉമ്മന്‍ ചാണ്ടിയ്ക്ക് കിട്ടിയ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായിരുന്നു അന്നത്തേത് – 8504

ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്.ബിജെപി സ്ഥാനാര്‍ഥിക്ക് 2016 ൽ നടന്ന തിരഞ്ഞെടുപ്പില്‍ 16000 ത്തോളം വോട്ടാണ് പുതുപ്പള്ളിയിൽ ലഭിച്ചത്. 2021ല്‍ ഇത് 11000 ആയി കുറഞ്ഞു.ഏകദേശം 5000 ത്തോളം വോട്ടിന്റെ കുറവ്. ബിജെപിയുമായി രഹസ്യധാരണയുണ്ടാക്കിയാണ് 2021ല്‍ യുഡിഎഫ് ജയിച്ചത് എന്ന് നേരത്തെ തന്നെ സിപിഎം കേന്ദ്രങ്ങള്‍  ആരോപണം  ഉന്നയിച്ചിരുന്നു.കഴിഞ്ഞ ദിവസം ‍ കിടങ്ങൂർ പഞ്ചായത്തിലും സമാനമായ സംഭവം നടന്നിരുന്നു.യുഡിഎഫും ബിജെപിയും കൈകോര്‍ത്തതോടെ ഇടതുമുന്നണിക്ക് ഇവിടെ ഭരണം നഷ്ടമായി.

ഇനി ഇതും കൂടി നോക്കാം.കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളി പഞ്ചായത്തില്‍ വിജയം നേടിയത് എല്‍ഡിഎഫ് ആയിരുന്നു. കാല്‍ നൂറ്റാണ്ടിനിടെ ആദ്യമായിട്ടായിരുന്നു അത്. ഉമ്മന്‍ ചാണ്ടിയെ കഴിഞ്ഞ അരനൂറ്റാണ്ടായി വിജയിപ്പിച്ചുകൊണ്ടിരിക്കുന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലും അന്ന് ലീഡ് നേടിയത് എല്‍ഡിഎഫ് ആയിരുന്നു.പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽ ആറിലും ഇന്ന് എൽഡിഎഫ് ആണ് ഭരിക്കുന്നതും.തദ്ദേശ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയെ കുലുക്കിയ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതും ജെയ്ക്ക് തന്നെ. അതേ ജെയ്ക്ക് തന്നെ പുതുപ്പള്ളിയിൽ മൂന്നാമതും മത്സരിക്കാൻ ഇറങ്ങുമ്പോൾ യുഡിഎഫ് ക്യാമ്പിൽ ഉളവാക്കുന്ന അമ്പരപ്പ് ചില്ലറയല്ല.

ഉമ്മന്‍ ചാണ്ടിയുടെ വിയോഗ ശേഷം നിറഞ്ഞുനില്‍ക്കുന്ന പ്രത്യേക രാഷ്ട്രീയ സാഹചര്യം മാത്രമാണ് ഇന്ന് പുതുപ്പള്ളിയിൽ യുഡിഎഫിന് അനുകൂലം.എന്നാല്‍ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയം-വികസനം എന്നിവയാണ് ചര്‍ച്ചയാകേണ്ടത് എന്ന നിലപാടുമായി എല്‍ഡിഎഫ് കളത്തിലിറങ്ങിയതോടെ മല്‍സരം മറ്റൊരു രീതിയിലേക്ക് നീങ്ങുന്ന സാഹചര്യമാണ് നിലവിൽ പുതുപ്പള്ളിയിൽ കാണാൻ സാധിക്കുന്നത്.

Back to top button
error: