തൃശൂര്‍: മദ്യവില്‍പ്പനശാല അടച്ചതിന് ശേഷം മദ്യ കച്ചവടക്കാര്‍ക്ക് കൂടിയ വിലയ്ക്ക് മദ്യം വില്‍ക്കുന്നവർ പിടിയില്‍. കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പന ശാലയിലെ ജീവനക്കാരന്‍ ഉള്‍പ്പെടെ മൂന്ന് യുവാക്കളെയാണ് തൃശൂര്‍ എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ അബ്ദുള്‍ അഷ്റഫിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. കുന്നംകുളം ചെറുവത്തൂര്‍ മെറീഷ്, ഒല്ലൂക്കര മഠത്തില്‍പറമ്പില്‍ ജയദേവ്, മുല്ലക്കര തോണിപ്പുരക്കല്‍ അഭിലാഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 60 കുപ്പി മദ്യവും മദ്യം കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും പിടിച്ചെടുത്തു.
ജയദേവ് പൂത്തോള്‍ കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പന ശാലയിലെ ജീവനക്കാരനാണ്. ഇയാള്‍ കുറെകാലമായി മദ്യവില്‍പ്പനശാല അടച്ചതിന് ശേഷം മദ്യം വന്‍തോതില്‍ പുറത്ത് കടത്തുന്നതായി എക്‌സൈസിന് വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കമ്പനി എക്സിക്യൂട്ടീവുകളുടെ വേഷത്തില്‍ സ്‌കൂട്ടറിനകത്തും മുന്നിലും പിന്നിലും ബാഗുകളിലുമായാണ് മദ്യക്കടത്തെന്ന് എക്‌സൈസ് പറഞ്ഞു. മദ്യം വില്‍പ്പനശാലയ്ക്ക് പുറത്തെത്തിക്കുന്ന ജയദേവിന് വലിയ തുക കമ്മീഷനായി മദ്യകച്ചവടക്കാര്‍ നല്‍കുന്നുണ്ട്. ഇക്കാര്യം പിടിയിലായ മറ്റ് പ്രതികള്‍ സമ്മതിച്ചു. മദ്യം കണ്‍സ്യൂമര്‍ഫെഡ് ഷോപ്പില്‍നിന്നും പുറത്തെത്തിക്കുന്നതിന് കൂടുതല്‍ ജീവനക്കാര്‍ക്ക് പങ്കുണ്ടോയെന്ന കാര്യം വിശദമായി അന്വേഷിക്കുമെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ സുനില്‍കുമാര്‍, ശിവന്‍, വിശാല്‍, അനീഷ്‌കുമാര്‍, തൗഫീക്ക് എന്നിവര്‍ പങ്കെടുത്തു.