കുറ്റ്യാടി: കാണാതായ കോളജ് വിദ്യാര്‍ഥിനിയെ വീട്ടിനകത്ത് പൂട്ടിയിട്ടനിലയില്‍ കണ്ടെത്തിയ കേസിലെ പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.ബുധനാഴ്ച കാണാതായ, കോഴിക്കോട്ടെ കോളജില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയെ തൊട്ടില്‍പാലം പൊലീസ് സ്റ്റേഷൻ പരിധിയില്‍ കുണ്ടുതോട്ടിലെ വീട്ടില്‍നിന്ന് കണ്ടെത്തിയ കേസില്‍ വീട്ടുടമയുടെ മകൻ യു.കെ. ജുനൈദിനെയാണ് (24) പൊലീസ് തിരയുന്നത്.
തൊട്ടില്‍പാലം എസ്.ഐ. എം.പി. വിഷ്ണുവിനാണ് അന്വേഷണ ചുമതല. ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ഥിനിയെ ബുധനാഴ്ച കാണാതായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ബുധനാഴ്ച വിദ്യാര്‍ഥിനി ഹോസ്റ്റലില്‍നിന്ന് ജുനൈദിനൊപ്പം പോയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈബര്‍സെല്ലിന്റെ സഹായത്തോടെ ഫോണ്‍ ട്രാക് ചെയ്ത് പൊലീസ് വിദ്യാര്‍ഥിനിയുടെ ലൊക്കേഷൻ കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച രാവിലെ പൂട്ടിയിട്ട വീട് കുത്തിത്തുറന്നാണ് വിദ്യാര്‍ഥിനിയെ മോചിപ്പിച്ചത്. വീട്ടില്‍നിന്ന് എം.ഡി.എം.എയും കണ്ടെടുത്തതായി പൊലീസ് അറിയിച്ചിരുന്നു.
പീഡനം, ലഹരിമരുന്ന് കൈവശം വെക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. ജുനൈദിന്റെ മാതാപിതാക്കള്‍ വിദേശത്താണുള്ളത്