CrimeNEWS

പിസയും ചിക്കൻ പാറ്റീസും ചോദിച്ചിട്ട് നൽകിയില്ല, ജയിലിലെ ഉദ്യോഗസ്ഥനെ ബന്ദിയാക്കി തടവുപുള്ളികൾ

ഭക്ഷണത്തിന്റെ പേരിൽ വഴക്കുണ്ടാകുന്നത് പുതിയ കാര്യമൊന്നുമല്ല. കേരളത്തിൽ കല്യാണത്തിന് വരെ ഭക്ഷണത്തിന്റെ പേരും പറഞ്ഞ് തല്ലുണ്ടായിട്ടുണ്ട്. ഇപ്പോഴിതാ, ഭക്ഷണത്തിന്റെ കാര്യത്തിൽ വൻ വഴക്കായതിനെ തുടർന്ന് ജയിലുദ്യോ​ഗസ്ഥനെ തടഞ്ഞുവച്ച് തടവുപുള്ളികൾ. ചൊവ്വാഴ്ച മിസോറിയിലെ സെന്റ് ലൂയിസ് ജയിലിലാണ് സംഭവം. ഉദ്യോ​ഗസ്ഥർ തന്നെയാണ് പത്രസമ്മേളനത്തിൽ 70 വയസുള്ള കറക്ഷൻ ഓഫീസറെ തടവുപുള്ളികൾ തടഞ്ഞുവച്ചിരുന്നതായിട്ടുള്ള വാർത്ത അറിയിച്ചത്.

തടവുകാർ ആവശ്യപ്പെട്ടത് പിസ്സയും ചിക്കൻ പാറ്റീസുമാണ്. എന്നാൽ, ഈ ഭക്ഷണം കൊടുക്കാൻ ജയിലധികൃതർക്ക് സാധിക്കുമായിരുന്നില്ല. യു‌എസ്‌എ ടുഡേ പറയുന്നത് പ്രകാരം, സെന്റ് ലൂയിസ് പബ്ലിക് സേഫ്റ്റി ഡയറക്ടർ ചാൾസ് കോയിൽ സീനിയർ മാധ്യമങ്ങളോട് പറഞ്ഞത്, രണ്ട് തടവുകാർ ചേർന്ന് ഒരു കറക്ഷൻ ഉദ്യോഗസ്ഥനെ രാവിലെ ആറ് മണിക്ക് പ്രഭാതഭക്ഷണത്തിനിടെ ബന്ദിയാക്കുകയായിരുന്നു എന്നാണ്.

Signature-ad

പിസയും ചിക്കൻ പാറ്റീസും ആവശ്യപ്പെട്ട് കൊണ്ടായിരുന്നു ഉദ്യോ​ഗസ്ഥനെ തടവിലാക്കിയത്. പിന്നാലെ 8.17 -ന് SWAT (Special Weapons and Tactics) ടീം സ്ഥലത്തെത്തി. ഒരു മണിക്കൂർ പൊലീസുകാർ തടവുകാരോട് സംസാരിച്ചു. ശേഷമാണ് തടഞ്ഞുവച്ച ഉദ്യോ​ഗസ്ഥനെ വിട്ടയച്ചത്. ഇയാൾക്ക് ചെറിയ പരിക്കുകളുണ്ട്. അതിനാൽ തന്നെ കൂടുതൽ പരിശോധനയ്ക്കായി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.

കുറ്റാരോപിതരായ തടവുകാർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തും, എന്നാൽ എന്ത് കുറ്റങ്ങളാണ് ചുമത്തുക എന്നത് ഇപ്പോൾ പറയാൻ സാധിക്കില്ല എന്ന് ഉദ്യോ​ഗസ്ഥർ മാധ്യമങ്ങളോട് വ്യക്തമാക്കി. തടവുകാർക്ക് വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ​ഗുണനിലവാരം പരിശോധിച്ച് ഉറപ്പ് വരുത്തുന്നുണ്ട്. ഭക്ഷണം മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ തടവുകാർക്ക് ഭക്ഷണം നൽകുന്നതിൽ വീഴ്ചകളൊന്നും തന്നെ ഉണ്ടായിട്ടില്ല എന്ന് ഒരു വനിതാ ഉദ്യോ​ഗസ്ഥയും പറഞ്ഞു.

അതുപോലെ, തടഞ്ഞുവയ്ക്കപ്പെട്ട ഉദ്യോ​ഗസ്ഥന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. അദ്ദേഹം അഞ്ച് വർഷമായി ഇതേ ജയിലിൽ ജോലി ചെയ്യുന്ന ആളാണ് എന്ന് മാത്രമാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

 

Back to top button
error: